എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ് മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനെന്ന പേരിൽ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസ്. അഞ്ചുവർഷം വരെ തടവും 10000 രൂപ പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതിക്കാണ് മന്ത്രിസഭ ശുപാർശ ചെയ്തിരിക്കുന്നത്. പോലീസ് ആക്ട് 118(എ) എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഗവർണർക്ക് നൽകിയിരിക്കുന്ന ഓർഡിനൻസിലെ ശുപാർശ.
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം തടയാൻ എന്ന പേരിലാണ് അപകീർത്തിയുണ്ടാക്കുന്ന ഏതു വിമർശനങ്ങളെയും ഈ നിയമത്തിലൂടെ നേരിടാൻ സർക്കാർ ഒരുങ്ങുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന അശ്ലീലവും അസഭ്യവും തടയാൻ കർക്കശമായ നിയമം വേണമെന്ന കാര്യത്തിൽ ആർക്കും രണ്ടു പക്ഷമില്ല. എന്നാൽ ഇതിന്റെ മറവിൽ ഏതു വാർത്തയും വിമർശനവും അപകീർത്തികരമാണെന്ന് കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനുമുള്ള അധികാരം പോലീസിന് നൽകുന്നത് ജനാധിപത്യ വിരുദ്ധവും അപരിഷ്‌കൃതവുമാണ്.
ഒരാൾ ഉയർത്തുന്ന വിമർശനം മറ്റൊരാളെ അപകീർത്തിപ്പെടുത്തിയെന്ന് ആരാണ് തീരുമാനിക്കുക? അപകീർത്തിയുടെ അളവുകോൽ പോലീസിനെ ഏൽപ്പിച്ചാൽ അത് ക്രിമിനൽ വാസനയുള്ള പോലീസിന്റെ കയ്യിൽ തോക്കിനുപുറമെ മറ്റൊരു മൂർച്ചയുള്ള ആയുധം കൂടി ഏൽപ്പിച്ചു കൊടുക്കുന്നതിന് തുല്യമാണ്.
അപകീർത്തികരമായ പ്രസ്താവനയോ, വാർത്തയോ ഏതെങ്കിലും മാധ്യമത്തിലൂടെ പുറത്തുവന്നാൽ സ്വമേധയാ കേസെടുക്കാൻ പോലീസിന് അധികാരം നൽകുന്ന ഓർഡിനൻസാണ് പിണറായി സർക്കാർ പാസാക്കിയിരിക്കുന്നത്. ഗവർണർ ഒപ്പുവെച്ചാൽ ഈ നിയമം പ്രാബല്യത്തിൽ വരും.
ഒരു വാർത്ത അപകീർത്തികരം എന്ന് ആരാണ് തീരുമാനിക്കുക? എന്റെ പേര് മറ്റൊരാൾ മോശമാക്കി എന്നുപറഞ്ഞ് ആര് പരാതി നൽകിയാലും പോലീസിന് നടപടിയെടുക്കാം. ഒരാൾക്ക് സൽപ്പേര് ഉണ്ടെന്നത് എങ്ങനെയാണ് തീരുമാനിക്കാൻ കഴിയുക? സൽപ്പേരിന്റെ വ്യാപ്തി ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന് വ്യാഖ്യാനിക്കാനോ, നിർവ്വചിക്കാനോ കഴിയുമോ?
സൂര്യൻ കിഴക്ക് ഉദിക്കുന്നു എന്ന് ഞാൻ പറഞ്ഞാൽ അത് എന്റെ വിശ്വാസം. ഭൂമി കറങ്ങിക്കൊണ്ടിരിക്കുകയാണ്. സൂര്യൻ ഉദിക്കുന്നില്ല എന്ന ശാസ്ത്ര യാഥാർത്ഥ്യം പറഞ്ഞുകൊണ്ട് എന്റെ പ്രസ്താവന അസഭ്യമാണെന്ന് മറ്റൊരാൾക്ക് സ്ഥാപിക്കാൻ കഴിയും. സത്യം എന്ന് ഒരാൾ വിശ്വസിക്കുന്നത് മറ്റൊരാൾക്ക് അപകീർത്തികരമാണെങ്കിൽ ഈ നിയമം അനുസരിച്ച് കേസെടുക്കേണ്ടിവരും.
യേശു രക്ഷിക്കുമെന്നും അള്ളാഹു രക്ഷിക്കുമെന്നും അയ്യപ്പനാണ് രക്ഷകനെന്നും വ്യത്യസ്തമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ജനതയാണ് നമ്മുടെ നാട്ടിൽ. ഇതിനെ ചോദ്യം ചെയ്ത് ആരെങ്കിലും വിമർശിച്ചാൽ അതും നിയമപരമായി അപകീർത്തികരമാകും.
കേരളാ പോലീസ് ആക്ടിൽ പരിഷ്‌കാരം വരുത്തിയത് മുൻ വിഎസ് സർക്കാരാണ്. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മുൻ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസാണ് പോലീസ് ആക്ട് മാറ്റിയെഴുതിയത്. നിയമവകുപ്പ് മലയാളത്തിലുള്ള ആക്ട് പരിഭാഷപ്പെടുത്തിയപ്പോൾ അശ്ലീലം എന്നതിന് ഇംഗ്ലീഷിൽ നൽകിയ പരിഭാഷ ഇൻഡീസൻസി എന്നായിരുന്നു. ഈ വാക്ക് അവ്യക്തമാണ്. ഒരാൾക്ക് ഡീസന്റായി തോന്നുന്നത് മറ്റൊരാൾക്ക് ഇൻഡീസന്റായി തോന്നാം എന്ന വ്യാഖ്യാനത്തോടെയാണ് പോലീസ് ആക്ടിലെ 118(ഡി) അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീം കോടതി റദ്ദാക്കിയത്.
സംസ്ഥാന നിയമവകുപ്പിന് ഇംഗ്ലീഷ് പരിഭാഷയിൽ പറ്റിയ ഈ അമളി സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിക്കാനോ, തെറ്റ് തിരുത്താനോ സർക്കാരിന് കഴിയാതെയും പോയി. എന്തായാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് ഈ വകുപ്പെന്ന് സുപ്രീം കോടതി വിധി പറഞ്ഞതോടെ ലോ ഓഫ് ദി ലാന്റ് ആണ് ആ ഉത്തരവ്. പരമോന്നത കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് കൂടുതൽ കർക്കശമായ നിയമ നിർമ്മാണം ഓർഡിനൻസിലൂടെ സർക്കാർ കൊണ്ടുവന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ മുഖ്യമന്ത്രിയെയായാലും മന്ത്രിമാരെയായാലും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് നൽകുന്നു. സത്യമാണെന്ന് ഉത്തമ വിശ്വാസമുള്ള കാര്യങ്ങൾ എഴുതാനും പറയാനും പ്രസിദ്ധീകരിക്കാനും പൗരനുള്ള സ്വാതന്ത്ര്യത്തിന്റെ കടയ്ക്കലാണ് പുതിയ ഓർഡിനൻസ് കത്തിവെയ്ക്കുന്നത്.
ഏറ്റവും വിചിത്രം അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ഉദ്യോഗസ്ഥന് ഒരു വ്യക്തിക്ക് നേരെ മറ്റൊരാൾ ഉയർത്തിയ വിമർശനം ന്യായമാണെന്ന് കണ്ടാൽ കേസില്ല. അതേ ആരോപണം മറ്റൊരു വ്യക്തിക്കുനേരെ ആകുമ്പോൾ ഇതേ ഉദ്യോഗസ്ഥന് ആ പ്രസ്താവനയിൽ അപകീർത്തി കണ്ടെത്തി ശിക്ഷിക്കാനും കഴിയും.
സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം തടയാൻ എന്ന വ്യാജേന കൊണ്ടുവരുന്ന ഈ നിയമം പോലീസിന്റെ കയ്യിലെ മറ്റൊരു കരിനിയമമായി നാളെ മാറും. ഒരു പോസ്റ്റുകാർഡിൽ ഒരാൾ ഒരു ആരോപണം മറ്റൊരാൾക്കെതിരെ എഴുതിയാൽ പോലും അത് ഈ നിയമത്തിന്റെ പരിധിയിൽ വരും. ചുരുക്കത്തിൽ അപ്രിയ സത്യങ്ങൾ വിളിച്ചുപറയാനും എഴുതാനുമുള്ള പൗരാവകാശത്തെ പൂർണ്ണമായി തകർക്കുന്ന ഒന്നായി ഈ ഓർഡിനൻസ് മാറും.
സുപ്രീം കോടതി റദ്ദാക്കിയ ഒരു നിയമം ഇത്തരത്തിൽ ഓർഡിനൻസിലൂടെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാൽ ഓർഡിനൻസിന്റെ നിലനിൽപ് അപകടത്തിലാകും.
ഭരണഘടന നൽകുന്ന അറിയാനുള്ള അവകാശത്തിന്റെ ബലത്തിലാണ് നമ്മുടെ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യവും അതുവഴി ജനാധിപത്യവും മുന്നോട്ടുപോകുന്നത്. ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ, അതും ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ എഴുതാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്കുണ്ടെന്ന് ജസ്റ്റിസ് കെ.ടി തോമസ് സുപ്രീം കോടതി വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്. ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ പോലും പറയാനോ, എഴുതാനോ കഴിയില്ലെന്നുവന്നാൽ വിമർശിക്കാനുള്ള പൗരാവകാശം എന്നേക്കുമായി നഷ്ടപ്പെടും. ഇതെല്ലാം പറയുമ്പോഴും സൈബറിടങ്ങളിൽ അശ്ലീലവും അസഭ്യവും പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താനും ശിക്ഷിക്കാനും ഫലപ്രദമായ നിയമം അനിവാര്യമാണ്. എന്നാൽ ഇപ്പോൾ വരാൻ പോകുന്ന ഓർഡിനൻസ് നേരത്തെ പറഞ്ഞതുപോലെ എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഊരാളുങ്കല്‍ സൊസൈറ്റി കോഴിക്കോട് ഓഫീസില്‍ ഇ.ഡി പരിശോധന

    കോഴിക്കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, മിനാമി ഇടപാടുകള്‍ അന്വ…