കാള പെറ്റു എന്നുകേൾക്കുമ്പോൾ കയറെടുക്കുന്ന പരിപാടി ഇനിയെങ്കിലും യെച്ചൂരിയും എ.വിജയരാഘവനും അടക്കമുള്ള നേതാക്കൾ ഉപേക്ഷിക്കണം. സ്വപ്‌നയെ പോലുള്ള ഒരു ക്രിമിനലിന്റെ ശബ്ദ സന്ദേശത്തെ രക്ഷാകവചമായി സ്വീകരിക്കേï ഗതികേട് മുഖ്യമന്ത്രി പിണറായിക്കില്ലെന്ന് നേതാക്കൾ തിരിച്ചറിയണം.

എസ്. ജഗദീഷ് ബാബു

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ആ വിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നതാണ് ഞാനും മുതലയച്ചനും എന്ന മട്ടിൽ സ്വപ്‌നാ സുരേഷ് പുറത്തുവിട്ടിരിക്കുന്ന സന്ദേശം. ഈ സന്ദേശം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയെയും പാർട്ടിയെയും രക്ഷിക്കാൻ എന്ന മട്ടിൽ പ്രസ്താവനകൾ ഇറക്കുന്ന സിപിഎം നേതാക്കൾ കൊത്തുന്നത് ശത്രുക്കൾ എറിഞ്ഞുകൊടുത്ത ചൂണ്ടയിലാണ്.
മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ തന്നെ മാപ്പുസാക്ഷിയാക്കി കേസിൽ നിന്ന് രക്ഷിക്കാമെന്നാണ് കരുതൽ തടങ്കലിൽ കഴിയുന്ന കുപ്രസിദ്ധ പ്രതി സ്വപ്‌ന സുരേഷ് ശബ്ദ സന്ദേശത്തിൽ പറയുന്നത്. തനിക്ക് രക്ഷപ്പെടാനായി കേരളത്തിന്റെ മുഖ്യമന്ത്രിയെ കേസിലേക്ക് വലിച്ചിഴയ്ക്കാനുള്ള കുടില തന്ത്രമാണ് ഈ സന്ദേശത്തിന് പിന്നിൽ. പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു ഇടതുപക്ഷ സർക്കാർ. ഒറ്റ ദിവസം കൊണ്ട് സ്വപ്‌നയുടെ സന്ദേശം ഏറ്റുപിടിച്ചതിലൂടെ പുറകോട്ടടിയാണ് സർക്കാരിന് സംഭവിച്ചിരിക്കുന്നത്.
ഏത് അന്വേഷണ ഏജൻസിയെന്നോ, എവിടെ വെച്ചെന്നോ വെളിപ്പെടുത്താതെ ശിവശങ്കറും താനും യുഎഇയിൽ പോയ സന്ദർഭത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് മൊഴി നൽകാൻ നിർബന്ധിച്ചെന്ന മട്ടിലാണ് സ്വപ്‌നയുടെ സന്ദേശം. ഈ ശബ്ദ സന്ദേശത്തിന് പിന്നാലെ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി തുടങ്ങി സംസ്ഥാന സെക്രട്ടറിയേറ്റ് വരെ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതിന്റെ തെളിവാണിതെന്ന് പറഞ്ഞുകഴിഞ്ഞു. ഓടുന്ന പട്ടിക്ക് ഒരുമുഴം കൂട്ടി എന്ന മട്ടിലാണ് സിപിഎം സ്വപ്‌നയുടെ സന്ദേശത്തെ ഏറ്റുപിടിച്ചിരിക്കുന്നത്. കുറ്റവാളിയായി ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സ്വപ്‌നയുടെ ഈ വെളിപ്പെടുത്തൽ കൊണ്ട് അന്വേഷണ ഏജൻസിക്കോ, അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനോ നിയമപരമായ ഒരു തടസവും ഉണ്ടാവില്ലെന്നാണ് നിയമജ്ഞർ പറയുന്നത്.
അന്വേഷണ ഏജൻസികളുടെ നീക്കം തലേദിവസം തന്നെ വെളിപ്പെടുത്തുന്ന ബിജെപി പ്രസിഡന്റ് സുരേന്ദ്രൻ അട്ടക്കുളങ്ങര ജയിലിലേക്ക് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതിനിധികൾ സ്വപ്‌നയെ കാണാനെത്തിയിരുന്നു എന്നുപറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസമാണ് ഒരു പോർട്ടലിലൂടെ ഊരും പേരുമില്ലാത്ത സ്വപ്‌നയുടെ സന്ദേശം ഒറ്റ രാത്രി കൊണ്ട് പ്രചരിച്ചത്. ഇതിന്റെ പിന്നിൽ സർക്കാരിനെ വെട്ടിലാക്കാനുള്ള ബിജെപിയുടെ ഗൂഢ തന്ത്രമാണ് പ്രവർത്തിച്ചത് എന്നുവേണം ബുദ്ധിയുള്ളവർ സംശയിക്കാൻ.
സ്വപ്‌നയുടെ പേരിനൊപ്പം മുഖ്യമന്ത്രി പിണറായിയുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ നേട്ടമുണ്ടാകുന്നത് സ്വപ്‌നയ്ക്കും ശിവശങ്കർ അടക്കമുള്ള കള്ളക്കടത്ത് പ്രതികൾക്കുമാണ്. കോട്ടം സംഭവിക്കുന്നത് മുഖ്യമന്ത്രിക്കും സിപിഎം എന്ന ജനകീയ പ്രസ്ഥാനത്തിനുമാണ്. കായംകുളം കൊച്ചുണ്ണിയുടെയോ, ഇത്തിക്കര പക്കിയുടെയോ പേരിനൊപ്പം മാന്യനായ ഒരു മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കുന്നതിന് തുല്യമാണ് സ്വപ്‌നാ സുരേഷ് സന്ദേശത്തിലൂടെ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിക്കോ, മുഖ്യമന്ത്രിയുടെ ഓഫീസിനോ സ്വർണ്ണക്കള്ളക്കടത്തിലോ, ലൈഫ് മിഷൻ ഇടപാടിലോ പങ്കുള്ളതായി ഇതേവരെ ഒരു കേന്ദ്ര ഏജൻസിയും ഔദ്യോഗികമായി സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. പ്രതിപക്ഷവും ബിജെപിയുമാണ് അത്തരം ആരോപണങ്ങൾ ആവർത്തിക്കുന്നത്. ആ ആരോപണങ്ങൾക്ക് മൂർച്ച പകരുന്നതാണ് സ്വപ്‌നാ സുരേഷിന്റെ ശബ്ദ സന്ദേശം. അന്വേഷണ ഏജൻസി മാപ്പുസാക്ഷിയാക്കാൻ വേണ്ടി മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചു എന്നാണ് സ്വപ്‌ന സന്ദേശത്തിൽ പറയുന്നത്. കസ്റ്റംസിന്റെയും ഇഡിയുടെയും എൻഐഎയുടെയും കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന ഈ കരുതൽ തടങ്കൽ പ്രതിയുടെ സന്ദേശത്തിന് നിയമപരമായി ഒരു വിലയുമില്ല.
നിക്ഷേപ തട്ടിപ്പ് നടത്തിയ കമറുദ്ദീൻ എംഎൽഎയെയും പിന്നാലെ പാലാരിവട്ടം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെയും കെഎം ഷാജി എംഎൽഎയെയും കേസിൽ കുടുക്കി അഴിമതിക്കെതിരെ മുന്നോട്ടുനീങ്ങുകയാണ് പിണറായി സർക്കാർ. ഏറ്റവും ഒടുവിൽ വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെ കൂടി വിജിലൻസ് അറസ്റ്റ് ചെയ്ത ദിവസമാണ് സ്വപ്‌നയുടെ സന്ദേശത്തിന് പിന്നാലെ സിപിഎം നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടത്.
സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ വെട്ടിലായിരിക്കുന്നത് ജയിൽ ഡിജിപിയും കൂട്ടരുമാണ്. ജയിലിൽ കഴിയുന്ന സ്വപ്‌നയ്ക്ക് ഇത്തരം ഒരു സന്ദേശം അയക്കാൻ ഒരു കാരണവശാലും സാധ്യമല്ല. അന്വേഷണ ഏജൻസി ചോദ്യം ചെയ്യുമ്പോൾ നിയമം അനുസരിച്ച് ജയിൽ പ്രതിനിധി ഒപ്പമുണ്ടാകും. അവർ കൂടി മൊഴിയിൽ ഒപ്പുവെയ്ക്കുകയും വേണം. അതിനർത്ഥം ചോദ്യം ചെയ്യൽ സമയത്തല്ല ശബ്ദ സന്ദേശം റെക്കോർഡ് ചെയ്യപ്പെട്ടത് എന്നാണ്. അപ്പോൾ എങ്ങനെ ഇത് സംഭവിച്ചു?
നയതന്ത്ര ബാഗേജിലൂടെ അനേകവട്ടം സ്വർണ്ണം കടത്തിയ, ലോക്കറിൽ കള്ളക്കടത്ത് പണവും സ്വർണ്ണവും സൂക്ഷിച്ച സ്വപ്‌നയ്ക്ക് ജയിലഴികളെ ഭേദിക്കാനും കഴിയും. നിയമപരമായി ജയിലിനകത്ത് പ്രവേശിക്കാൻ കഴിയുന്ന ഒരാളാകണം ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തിരിക്കുക. പ്രവേശനം നിയമപരമാണെങ്കിൽ അകത്ത് കയറിയ ശേഷം ഇയാൾ ചെയ്ത നടപടി ക്രിമിനൽ കുറ്റമാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലുള്ള ഒരാളുടെ സന്ദേശം പുറത്തുപോയതിന്റെ ഉത്തരവാദിത്തം ജയിൽ അധികൃതർക്കാണ്. അതുകൊണ്ടാണ് ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷിച്ച ഡിഐജിയാകട്ടെ, സ്വപ്‌നയെ കണ്ട് മൊഴിയെടുത്ത ശേഷം ശബ്ദം സ്വപ്‌നയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇനി അറിയേണ്ടത് ആരാണ്, എപ്പോഴാണ്, എങ്ങനെയാണ് സന്ദേശം പകർത്തിയത് എന്നാണ്? ദേശീയ അന്വേഷണ ഏജൻസികളെ അപമാനിക്കുന്ന തരത്തിൽ പുറത്തുവന്ന സന്ദേശം അവർ ചോദ്യം ചെയ്താൽ കോടതിക്ക് മുന്നിൽ കൈകെട്ടി നിൽക്കേണ്ടി വരിക ജയിൽ ഡിജിപിയും ജയിൽ അധികൃതരുമാണ്. മാനനഷ്ടത്തിനും നിയമലംഘനത്തിനും അന്വേഷണ ഏജൻസികൾക്ക് കേസെടുക്കാനും കഴിയും. അതുകൊണ്ടാണ് ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഡിജിപി ബെഹ്‌റ തേടിയിരിക്കുന്നത്.
കാള പെറ്റു എന്നുകേൾക്കുമ്പോൾ കയറെടുക്കുന്ന പരിപാടി ഇനിയെങ്കിലും യെച്ചൂരിയും എ.വിജയരാഘവനും അടക്കമുള്ള നേതാക്കൾ ഉപേക്ഷിക്കണം. സ്വപ്‌നയെ പോലുള്ള ഒരു ക്രിമിനലിന്റെ ശബ്ദ സന്ദേശത്തെ രക്ഷാകവചമായി സ്വീകരിക്കേണ്ട ഗതികേട് മുഖ്യമന്ത്രി പിണറായിക്കില്ലെന്ന് നേതാക്കൾ തിരിച്ചറിയണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…