എസ്.ജഗദീഷ് ബാബു

‘അറ്റാക്ക് ഈസ് ദ ബെസ്റ്റ് ഫോം ഓഫ് ഡിഫൻസ്’ ആക്രമണമാണ് പ്രതിരോധത്തിന് പറ്റിയ ഏറ്റവും നല്ല ആയുധം. ഈ മാർഗ്ഗമാണ് പിണറായി സർക്കാരും ഇടതുമുന്നണിയും പ്രതിപക്ഷത്തിനെതിരെ സ്വീകരിച്ചിരിക്കുന്നത്. പല്ലിന് പല്ല്, കണ്ണിന് കണ്ണ്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കുറേ മാസങ്ങളായി സമരം നടത്തുന്ന പ്രതിപക്ഷത്തെയും ബിജെപിയെയും പ്രതിരോധത്തിലാക്കാൻ അതേ നാണയത്തിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം. ആദ്യ ഘട്ടത്തിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും രണ്ട് ലീഗ് എംഎൽഎമാരെയും വിജിലൻസ് കേസിൽ കുടുക്കിയ സർക്കാർ ഇപ്പോൾ പ്രതിപക്ഷ നേതാവിനെ തന്നെ ബാർ കോഴക്കേസിൽ പ്രതിയാക്കിക്കൊണ്ട് വിജിലൻസ് അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടിയിരിക്കുകയാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ ബാർ ഉടമ ബിജു രമേശ് പുറത്തുവിട്ട ബാർ കോഴയായിരുന്നു ആദ്യ കേസ്. അതേ ആരോപണത്തിന്റെ ചുവട് പിടിച്ചാണ് അദ്ദേഹത്തിന്റെ തന്നെ പുതിയ വെളിപ്പെടുത്തൽ മുഖവിലയ്‌ക്കെടുത്ത് കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തലയും മുൻ മന്ത്രിമാരായ കെ.ബാബുവും ശിവകുമാറും കോഴ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് കേസെടുക്കാൻ പോകുന്നത്. ഇപ്പോൾ ഇടതുമുന്നണിയുടെ ഭാഗമായ ജോസ് കെ മാണി ബാർ കോഴക്കേസ് ഒതുക്കാനായി പത്തു കോടി വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജോസിനെതിരെയുള്ള ആരോപണം ഒഴിവാക്കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെയും രണ്ട് മുൻ മന്ത്രിമാരെയും പ്രതികളാക്കി കേസെടുക്കാൻ മുഖ്യമന്ത്രി വിജിലൻസിന് അനുമതി നൽകിയിരിക്കുന്നത്.
മുൻ മന്ത്രി കെ.എം മാണിയുടെ രാജിക്കു പോലും ഇടയാക്കിയ ബാർ കോഴക്കേസിൽ തെളിവില്ലെന്ന് അന്ന് വെളിപ്പെടുത്തിയത് വിജിലൻസ് ഡയറക്ടറായിരുന്ന ഡിജിപി വിൻസൺ എം പോളാണ്. അന്ന് വിജിലൻസ് ഡയറക്ടറുടെ ഈ നിലപാടിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചപ്പോൾ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ് എഡിജിപിയായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപിച്ച് വിജിലൻസിന്റെ പടിയിറങ്ങിയ വിൻസൺ എം പോൾ ഇന്നലേയും തന്റെ പഴയ നിലപാട് ആവർത്തിച്ചു. സുപ്രീം കോടതി ജസ്റ്റിസിന്റെ പദവിയിൽ കഴിഞ്ഞ നാലരക്കൊല്ലമായി ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ പദവി വഹിച്ചിരുന്ന വിൻസൺ എം പോൾ ഇന്നലെ ആ സ്ഥാനത്തുനിന്ന് വിരമിച്ച സന്ദർഭത്തിലാണ് ആറു വർഷത്തിനുശേഷം പഴയ നിലപാട് ആവർത്തിച്ചത്. കമ്മീഷണറുടെ സ്ഥാനത്തുനിന്ന് യാത്ര പറയുന്ന സന്ദർഭത്തിൽ മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക്് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബാർ കോഴക്കേസിൽ തെളിവില്ലെന്ന അന്നത്തെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വിൻസൺ എം പോൾ പറഞ്ഞു. അന്ന് ബാർ കോഴക്കേസുമായി മുന്നിലെത്തിയ അന്വേഷണ ഫയൽ പൂർണ്ണമായി പരിശോധിച്ചതാണ്. തെളിവില്ലെന്ന് കണ്ടപ്പോഴാണ് ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തോട് ഡയറക്ടർ എന്ന നിലയിൽ ആവശ്യപ്പെട്ടത്. ആ നിലപാടിനെതിരെയായിരുന്നു പ്രതിപക്ഷ ആരോപണം. തുടർന്ന് വിജിലൻസ് പദവി വേണ്ടെന്നുവെച്ച വിൻസൺ എം പോളിനെ ഉമ്മൻചാണ്ടി സർക്കാർ വിവരാവകാശ കമ്മീഷണറായി നിയമിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ സീനിയർ അംഗവും ഉൾപ്പെട്ട സമിതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ തിരഞ്ഞെടുക്കുക. അന്ന് വി.എസ് അച്യുതാനന്ദൻ വിൻസൺ എം പോളിന്റെ നിയമനത്തെ എതിർത്തു. ആ വിയോജനക്കുറിപ്പ് അവഗണിച്ചുകൊണ്ടാണ് ഇദ്ദേഹത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി ഉമ്മൻചാണ്ടി സർക്കാർ നിയമിച്ചത്. തുടർന്നുവന്ന പിണറായി സർക്കാർ ആദ്യ രണ്ടര വർഷത്തോളം സഹ കമ്മീഷണർമാരെ നിയമിച്ചില്ല. അടുത്ത കാലത്താണ് അഞ്ചുപേരെ നിയമിച്ചത്. രണ്ടര വർഷത്തോളം ഒറ്റയ്ക്കാണ് മുന്നിൽ എത്തിയ ആയിരക്കണക്കിന് വിവരാവകാശ പരാതികൾക്ക് ഇദ്ദേഹം പരിഹാരം കണ്ടത്. നാലരക്കൊല്ലം കൊണ്ട് കുറഞ്ഞത് പതിനയ്യായിരം പരാതികളിൽ ഫലപ്രദമായി ഇടപെടുകയും മറുപടികൾ നൽകുകയും ചെയ്തു.
മന്ത്രിസഭാ രേഖകൾ വിവരാവകാശത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് പിണറായി സർക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി മന്ത്രിസഭാ രേഖകൾ പൊതുജനങ്ങൾ ആവശ്യപ്പെട്ടാൽ നൽകണമെന്ന് ഉത്തരവിട്ടു. സർക്കാരിന് അനഭിമതനായിരുന്നെങ്കിലും നിയമപരമായി വിവരാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സർവ്വീസിൽ നിന്ന് പിരിയാൻ വിൻസൺ എം പോളിന് കഴിഞ്ഞു.
കണ്ണൂർ എഎസ്പിയായി സർവ്വീസിൽ പ്രവേശിച്ച ഈ ഐപിഎസ് ഉദ്യോഗസ്ഥൻ ഏറ്റെടുത്ത കേസുകൾ പരിശോധിച്ചാൽ മാത്രം മതി ബാർ കോഴക്കേസിലും ഇദ്ദേഹം എടുത്ത നിലപാട് ശരിയാണെന്ന് വിശ്വസിക്കാൻ. വർഷം ആറു കഴിഞ്ഞിട്ടും നാലരക്കൊല്ലമായി പിണറായി സർക്കാർ അധികാരത്തിലെത്തിയിട്ടും ബാർ കോഴക്കേസിൽ വ്യത്യസ്തമായ ഒരു കണ്ടെത്തൽ ഉണ്ടായിട്ടില്ല. വിജിലൻസിന്റെ തലപ്പത്തു വന്ന ജേക്കബ് തോമസ് അടക്കമുള്ള ഡിജിപിമാർക്ക് ആർക്കും അതിന് കഴിഞ്ഞില്ല. ഇതേ കേസാണ് ഭരണത്തിന്റെ അവസാന മാസങ്ങളിൽ മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന ചെന്നിത്തലയെ പ്രതിയാക്കിക്കൊണ്ട് വീണ്ടും സർക്കാർ പൊടി തട്ടിയെടുക്കുന്നത്. ഈ കാലയളവിൽ വിജിലൻസ് നടത്തിയ പരിശോധനകളിൽ ബിജു രമേശിന്റെ ആരോപണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് സ്വർണ്ണക്കള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴയ്ക്കും പ്രതികാരമായി പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയായി ബാർ കോഴക്കേസ് വീണ്ടും സജീവമാക്കുന്നത്.
പോട്ട ധ്യാനകേന്ദ്രത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് അന്വേഷിച്ചത് ഡിഐജിയായിരുന്ന വിൻസൺ എം പോളാണ്. സുപ്രീം കോടതി വരെ ധ്യാന കേന്ദ്രം പോയെങ്കിലും വിൻസൺ എം പോളിന്റെ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി ശരിവെയ്ക്കുകയാണ് ഉണ്ടായത്. എസ് കത്തി എന്ന വിവാദ പരാമർശം മുത്തൂറ്റ് വധക്കേസിൽ വിൻസൺ എം പോളിനെതിരെ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച സിബിഐ വിൻസൺ എം പോളിന്റെ കണ്ടെത്തലുകളെല്ലാം ശരിവെച്ചതിനെക്കുറിച്ച് മാധ്യമങ്ങളും ആരോപണം ഉയർത്തിയ പ്രതിപക്ഷവും മൗനം പാലിച്ചു.
ഐസ്‌ക്രീം പാർലർ കേസ് പുനരന്വേഷിച്ചത് എഡിജിപിയായിരുന്ന വിൻസൺ എം പോളായിരുന്നു. ആ ഘട്ടത്തിലും പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഇദ്ദേഹത്തിന്റെ കണ്ടെത്തലുകൾ കോടതി അംഗീകരിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കേരളത്തെ ഇളക്കിമറിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിക്കാൻ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് നിയോഗിച്ചത് എഡിജിപിയായിരുന്ന വിൻസൺ എം പോളിനെയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എസ്പിയായിരുന്ന അനൂപ് കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി ടിപി വധക്കേസിലെ പ്രതികളെ പിടികൂടിയത്. കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും ഒച്ചപ്പാട് ഉയർത്തുന്ന ടിപി വധക്കേസിന് തുമ്പുണ്ടാക്കാൻ കാണിച്ച നിശ്ചയദാർഢ്യം ഒന്നുമാത്രം മതി ഈ ഉദ്യോഗസ്ഥന്റെ സർവ്വീസ് കാലത്തെ അർത്ഥപൂർണ്ണമാക്കാൻ.
കാസർകോട് എസ്പി, കണ്ണൂർ ഡിഐജി, ക്രൈംബ്രാഞ്ച് എഡിജിപി, വിജിലൻസ് ഡയറക്ടർ, ഏറ്റവും ഒടുവിൽ സുപ്രീം കോടതി ജസ്റ്റിസിന്റെ പദവിയുള്ള മുഖ്യ വിവരാവകാശ കമ്മീഷണർ. സർവ്വീസ് രംഗത്തെ സംഭാവനകൾ പരിശോധിച്ചാൽ രാഷ്ട്രീയത്തിനതീതമായി, മുഖം നോക്കാതെ നടപടികളെടുത്ത ഉദ്യോഗസ്ഥൻ എന്ന വിശേഷണത്തിന് അർഹനാണ് വിൻസൺ എം പോൾ.
വിജിലൻസ് ഡയറക്ടറായിരിക്കെ ഇദ്ദേഹത്തിന്റെ മുന്നിലെത്തിയ ഏറ്റവും വിവാദമായ കേസായിരുന്നു ബാർ കോഴക്കേസ്. ആരോപണവിധേയർ ഉമ്മൻചാണ്ടി സർക്കാരിലെ രണ്ടാമനായിരുന്ന ധനമന്ത്രി കെ.എം മാണിയും കെ.ബാബുവും അടക്കമുള്ള ഉന്നതർ. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനായിരുന്നു ഈ ആരോപണങ്ങൾ ഏറ്റെടുത്ത് രാഷ്ട്രീയമായും നിയമപരമായും പോരാടിയത്. സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് കെ.എം മാണി അന്ന് മന്ത്രിസ്ഥാനം രാജിവെച്ചത്. കെ.എം മാണി ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും ബാർ കോഴ ആരോപണത്തിന്റെ ഉയർത്തെഴുന്നേൽപാണ് ഒരു തിരഞ്ഞെടുപ്പിൽ കൂടി ആവർത്തിക്കാൻ പോകുന്നത്. ആരോപണം ഉന്നയിച്ചിരിക്കുന്നത് കോഴ ഇടപാട് ആദ്യം പുറത്തുവിട്ട ബാറുടമ ബിജു രമേശ് തന്നെയാണ്. കേസിലെ പുതുമ പ്രതിസ്ഥാനത്ത് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ട പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണെന്ന വ്യത്യാസം മാത്രം. ഭരിക്കുന്ന മുഖ്യമന്ത്രിയും ഭരണത്തെ എതിർക്കുന്ന പ്രതിപക്ഷ നേതാവും ഒരുപോലെ ആരോപണവിധേയരാകുന്ന ഒരു തിരഞ്ഞെടുപ്പ് കാലമാണ് വരാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…