ആലപ്പുഴ: കെ എസ് എഫ് ഇ ശാഖകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന് പിന്നാലെ കര്‍ശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്ക്. ചട്ടപ്രകാരമല്ലാതെ റെയ്ഡിന് വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ ശാഖകളില്‍ കയറ്റരുതെന്ന നിര്‍ദേശം അദ്ദേഹം കെ എസ് എഫ് ഇ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കെ എസ് എഫ് ഇ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെ എസ് എഫ് ഇ അധികൃതര്‍ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കര്‍ക്കശ നിലപാട് മന്ത്രി എടുത്തത്.

പെട്ടെന്നും കൂട്ടത്തോടെയുമുളള ഇത്തരം റെയ്ഡുകള്‍ കെ എസ് എഫ് ഇയുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന ആകാം. എന്നാല്‍ അത് കെ എസ് എഫ് ഇ മാനേജ്‌മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

റെയ്ഡ് വിവരങ്ങള്‍ അനൗദ്യോഗികമായി ചോര്‍ത്തിയത് കെ എസ് എഫ് ഇയെയും ധനവകുപ്പിനെയും മോശപ്പെടുത്തുന്നതിന്റെ ഭാഗമായാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെ കുറിച്ച് കെ എസ് എഫ് ഇ നല്‍കിയ റിപ്പോര്‍ട്ട് ധനവകുപ്പിന് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ ശാഖകളില്‍ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വന്നാല്‍ അനുവദിക്കരുത്. ശാഖകളില്‍ കയറ്റുകയും ചെയ്യരുത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ട്. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയില്‍

ഇടുക്കി :കമ്പമേട്ടില്‍ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പൊലീസ് പിടിയിലായി. ഇവ…