തിരുവനന്തപുരം: വിദേശത്തെ യാത്രകളില്‍ തന്നോടൊപ്പം ഒരിക്കല്‍പോലും സ്വപ്‌ന സുരേഷ് ഉണ്ടായിരുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. എന്നാല്‍ നെടുമങ്ങാട്ട് കാര്‍ബണ്‍ എന്നൊരു കട ഉദ്ഘാടനം ചെയ്യാന്‍ പോയി എന്നതു മാത്രമാണ് തനിക്ക് പറ്റിയ അബദ്ധമെന്നും സ്പീക്കര്‍ വെളിപ്പെടുത്തി. പ്രമുഖചാലിന് നല്‍കിയ അഭിമുഖത്തിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഒരു യാത്രയിലും അവര്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക യാത്രകളിലും ഉണ്ടായിരുന്നില്ല. വിദേശത്ത് ഞാന്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളിലും സ്വപ്ന പങ്കെടുത്തിട്ടില്ല. മറ്റ് ചടങ്ങുകളിലും ഉണ്ടായിരുന്നില്ല. യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. എന്നാല്‍, എനിക്ക് പറ്റിയ ഒരേ ഒരു അബദ്ധം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാര്‍ബണ്‍ എന്നൊരു കട ഉദ്ഘാടനം ചെയ്യാന്‍ പോയി എന്നതു മാത്രമാണ്.

സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആ യാത്ര. ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട സന്ദീപ് നായരുമായി പരിചയമുണ്ടായിരുന്നില്ല. അയാള്‍ക്ക് അത്തരം പരിപാടികള്‍ ഉണ്ടെന്ന് അറിഞ്ഞതുമില്ല. ആ കട ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് ഇപ്പോഴത്തെ ആക്ഷേപങ്ങളത്രയും രൂപപ്പെട്ടുവന്നത്.

മൂന്നുതവണ ആ പരിപാടിയില്‍നിന്ന് ഒഴിഞ്ഞുമാറിയതാണ്. ഒടുവില്‍ നിരന്തരമുള്ള സ്വപ്നയുടെ ഫോണ്‍വിളികളെത്തുടര്‍ന്നാണ് നിയമസഭ പിരിഞ്ഞശേഷം ആ പരിപാടിക്ക് പോയത്. ഒരു നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരുടെ ഫോണ്‍വിളികളെ കണ്ടത്. എന്നാല്‍, കടയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അന്വേഷിക്കാതിരുന്നത് വീഴ്ചയായിപ്പോയി. ഇന്റലിജന്‍സ് വിഭാഗമാകട്ടെ വിവരങ്ങള്‍ അന്വേഷിച്ച് അറിയിച്ചതുമില്ല’ സ്പീക്കറുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പോളിങ് കുറഞ്ഞതില്‍ മുന്നണികള്‍ക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് 7 ശതമാനം കുറവ്

കേരളം വിധിയെഴുതി കഴിഞ്ഞപ്പോള്‍ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍. പോളിങ് ശതമാനം കുറഞ്ഞതാണ…