നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് നാരായണക്കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം നെടുങ്കണ്ടത്തെത്തി അവസാനഘട്ട പരിശോധനകള്‍ നടത്തി. നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍, താലൂക്കാശുപത്രി എന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ജനുവരി അഞ്ചിനകം നല്‍കും. ഇതിനു മുന്നോടിയായി ചില സാക്ഷിമൊഴികളില്‍ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും പരിശോധന നടത്തിയതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ എസ് ഐ കെ.എ. സാബു തൻ്റെ ഓഫീസില്‍ മര്‍ദിക്കുന്നത് കണ്ടതായി കമ്മീഷന് സാക്ഷിമൊഴി ലഭിച്ചിരുന്നു. കൂടാതെ സ്റ്റേഷൻ്റെ രണ്ടാംനിലയിലെ പോലീസുകാരുടെ വിശ്രമ മുറിയില്‍ വെച്ചും രാജ്കുമാറിനെ മര്‍ദിക്കുന്ന ശബ്ദവും അലര്‍ച്ചയും കേട്ടതായും മൊഴികളുണ്ട്. ഈ മൊഴികള്‍ വ്യാജമാണോയെന്ന് പരിശോധിക്കുന്നതിനായാണ് പ്രധാനമായും കമ്മീഷന്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.40-ഓടെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തിയ കമ്മീഷന്‍ എസ് ഐയുടെ ഓഫീസ്, ലോക്കപ്പ്, തട്ടിപ്പ് കേസിലെ പ്രതികളായ സ്ത്രീകളെ ഇരുത്തിയിരുന്ന സമീപത്തെ മുറികള്‍, രണ്ടാം നിലയിലെ പോലീസുകാരുടെ വിശ്രമമുറി എന്നിവിടങ്ങള്‍ പരിശോധിച്ചു. എസ്ഐയുടെ ഓഫീസില്‍ നടന്ന മര്‍ദനം പുറത്തിരിക്കുന്നയാള്‍ക്ക് കാണാമോയെന്നും രണ്ടാംനിലയില്‍നിന്നുള്ള അലര്‍ച്ച താഴത്തെ നിലയില്‍ കേള്‍ക്കാമോയെന്നും കമ്മീഷന്‍ പരിശോധിച്ചു. സ്റ്റേഷനിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ലഭിച്ച സാക്ഷിമൊഴികള്‍ വസ്തുതാപരമാണെന്നാണ് മനസിലാക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു. നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിയ കമ്മീഷന്‍ രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടറുമായി സംസാരിച്ചു. ആശുപത്രിയിലുള്ള രാജ്കുമാറിൻ്റെ ചികിത്സാരേഖകളും കമ്മീഷന്‍ പരിശോധിച്ചു. ക്രൂരമായ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് രാജ്കുമാറിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കമ്മീഷൻ്റെ കണ്ടെത്തല്‍. ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐയും അറസ്റ്റുചെയ്ത ഏഴു പോലീസുകാരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നിര്‍ദേശങ്ങളും പോലീസ് സേനയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളും പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളും ഉള്‍പ്പെടുത്തിയാകും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു; കൊല്ലത്ത് എം.മുകേഷും കാസര്‍ഗോഡ് എം.എല്‍ അശ്വിനിയും പത്രിക നല്‍കി

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരം…