കൊച്ചി: ഏറെനാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക സജ്‌ന ഷാജി. ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിനിരയായ സജ്‌നയുടെ സ്വന്തം ഹോട്ടലെന്ന ആഗ്രഹമാണ് സഫലമായത്. എറണാകുളം ആലുവ-പറവൂര്‍ റോഡില്‍ മാളികംപീടികയിലുള്ള സജ്‌നാസ് കിച്ചന്‍ എന്ന ഹോട്ടല്‍ ജനുവരി രണ്ടിന് തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലിനായി പണം നല്‍കിയ നടന്‍ ജയസൂര്യയും സജ്‌നയുടെ മാതാവ് ജമീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുക. ഒക്ടോബറില്‍ തൃപ്പൂണിത്തുറയിലെ റോഡരികില്‍ ബിരിയാണി വില്‍പന നടത്തുന്നതിനിടെ ചിലര്‍ സജ്‌നയെയും സംഘത്തെയും തടസ്സപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ സജ്‌ന ലോകത്തോട് പങ്കുവെച്ചു. തുടര്‍ന്ന് നിരവധിപേര്‍ പിന്തുണയറിയിക്കുകയും ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നടന്‍ ജയസൂര്യ തുടങ്ങിയവര്‍ സഹായവാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ നിരവധി വിവാദങ്ങളുയരുകയും മനംമടുത്ത് സജ്‌ന ആത്മഹത്യശ്രമം നടത്തുകയും ചെയ്തു. അന്ന് ജയസൂര്യ നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. അദ്ദേഹം നല്‍കിയ തുകയാണ് ഹോട്ടലിന്‍റെ വാടക അഡ്വാന്‍സായി നല്‍കിയത്. ട്രാന്‍സ് സമൂഹത്തില്‍ സജ്‌നയുടെ അമ്മയായ രഞ്ജുമോള്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ ഹോട്ടലിലുമുണ്ട്. മൂന്നോ നാലോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ജോലി നല്‍കും. ജയസൂര്യയോടും ഒപ്പം നിന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് സജ്‌ന പറഞ്ഞു. ഒപ്പം, മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് വനിത വികസന കോര്‍പറേഷന്‍ മുഖേന തരാമെന്ന് ഉറപ്പുപറഞ്ഞ വായ്പ നിഷേധിക്കപ്പെട്ടതിലെ പ്രതിഷേധവും അവര്‍ പങ്കുവെച്ചു. വിവാദങ്ങളില്‍പെട്ടവര്‍ക്ക് വായ്പ നല്‍കാനാവില്ലെന്ന നയമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
Click To Comment