കറുകച്ചാല്‍: ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ യന്ത്രം നിര്‍മിച്ച് നാട്ടിലെ താരമായി നാലാംക്ലാസുകാരന്‍. നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.ബി.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ഥിയും കങ്ങഴ പത്തനാട് വടക്കേറാട്ട് മുഹമ്മദ് സജിയുടെ മകനുമായ മുഹമ്മദ് ആഷിക്കാണ് നാട്ടിലെ താരമായത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദേശങ്ങളും വാര്‍ത്തയായപ്പോഴാണ് മുഹമ്മദ് ആഷിക്കിന് സ്വന്തമായി ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മിച്ചാലോ എന്ന ആശയം ഉദിച്ചത്. വീട്ടില്‍നിന്ന് കിട്ടാവുന്ന പാഴ്‌വസ്തുക്കള്‍ ശേഖരിച്ചു, അനുബന്ധ സാധനങ്ങള്‍ ഇലക്ട്രോണിക്സ് കടയില്‍നിന്ന് വാങ്ങി. അഞ്ചുമണിക്കൂര്‍ കൊണ്ട് യന്ത്രം റെഡി. ആകെ ചെലവ് 300 രൂപ.ഒരുലിറ്റര്‍ സാനിറ്റൈസര്‍ നിറക്കാവുന്ന മൂന്ന് വോള്‍ട്ടിന്റെ മെഷീന്‍ ബാറ്ററിയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം. സാനിറ്റൈസര്‍ മെഷീന്റെ അടിഭാഗത്ത് കൈവച്ചാല്‍ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും കൈയിലേക്ക് സാനിറ്റൈസര്‍ ആവശ്യത്തിന് വീഴുകയും ചെയ്യും. സ്ഥാപനങ്ങളില്‍ ധാരാളംപേര്‍ ഒരേസമയം കുപ്പികളുടെ അടപ്പുതുറന്ന് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന് പരിഹാരമാണ് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍.സ്വന്തമായി ഉണ്ടാക്കിയ യന്ത്രം പിതാവ് മുഹമ്മദ് സജിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് ഏജന്‍സി ഓഫിസില്‍ സ്ഥാപിക്കാനാണ് ആഷിക്കിന്റെ തീരുമാനം.മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ കുഞ്ഞന്‍ ഫാന്‍ നിര്‍മിച്ച് ആഷിക് കൈയടി നേടിയിരുന്നു. പേപ്പര്‍ ക്രാഫ്റ്റ്, മിനിയെച്ചര്‍ പകര്‍പ്പുകളുടെ നിര്‍മാണം, പാചകം തുടങ്ങി പലമേഖലകളില്‍ കഴിവുതെളിയിച്ച ഈ കൊച്ചുമിടുക്കന് ആഷിക് ടെക് എന്ന യൂട്യൂബ് ചാനലും സ്വന്തമായുണ്ട്. സമീനയാണ് മാതാവ്. ആല്‍ഫിയ, ഫിദ ഫാത്തിമ എന്നിവര്‍ സഹോദരങ്ങളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാന നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം മാര്‍ച്ച് 31 വരെ ന…