കോട്ടയം : പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി (81) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അല്‍പം മുന്‍പായിരുന്നു അന്ത്യം. കോവിഡ് അനന്തര ആരോഗ്യ പ്രശ്‌നങ്ങളാണു മരണ കാരണം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുന്‍പ് ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.ആലപ്പുഴ നെടുമുടിയിലെ മാത്തൂര്‍ തറവാട്ടില്‍ 1940 ഒക്ടോബര്‍ അഞ്ചിനായിരുന്നു ജനനം.നെടുമുടി ദാമോദരന്‍ നമ്ബൂതിരിയുടെയും കാര്‍ത്ത്യായനി കുഞ്ഞമ്മയുടെയും മകനായി ജനിച്ചു.വിദ്യാഭ്യാസകാലത്തു തന്നെ കഥകളിയില്‍ ആകൃഷ്ടനായി. 14 ആം വയസില്‍ തന്നെ കഥകളി അഭ്യസിച്ചുതുടങ്ങി. നെടുമുടി കുട്ടപ്പപണിക്കര്‍ ആയിരുന്നു ആദ്യ ഗുരുനാഥന്‍. 1957 ല്‍ അരങ്ങേറ്റം നടത്തി.. തന്റെ ഗുരുവായിരുന്ന കഥകളി ആചാര്യന്‍ കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളെയാണു മാത്തൂര്‍ വിവാഹം ചെയ്തത്. തുടര്‍ന്ന് നെടുമുടിയില്‍ നിന്നു കുടമാളൂരിലെ അമ്പാടി വീട്ടിലേക്കു താമസം മാറി.കേന്ദ്ര ഗവണ്മെന്റ് സീനിയര്‍ ഫെല്ലോഷിപ്പ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെല്ലോഷിപ്, പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.1982 ല്‍ ഏഷ്യാഡില്‍ കഥകളി അവതരിപ്പിച്ചു. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ലണ്ടന്‍ എന്നീ വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, കേരള കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ രാജേശ്വരി. മക്കള്‍: ചെണ്ട വിദ്വാന്‍ ഗോപീകൃഷ്ണന്‍, കഥകളി നടനായ കുടമാളൂര്‍ മുരളീകൃഷ്ണന്‍.
Click To Comment