തിരുവനന്തപുരം : കേരളത്തിന്റെ ലോകോത്തര നിലവാരമുള്ള പുരോഗതിയ്ക്കായി വിനോദ സഞ്ചാര മേഖലയ്ക്ക് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പിന്റെ തലവനുമായ ഡോ.ബി.രവി പിള്ള അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ‘കേരള ലുക്സ് എഹെഡ്’ എന്ന സംവാദ പരിപാടിയിലാണ് രവി പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തെ പ്രമുഖരായ വ്യവസായികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തിയ സംവാദ പരിപാടിയായിരുന്നു ”കേരള ലുക്സ് എഹെഡ്”. ചര്‍ച്ചയില്‍ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുന്ന ഒട്ടനവധി കാര്യങ്ങള്‍ രവി പിള്ള ശ്രദ്ധയില്‍പ്പെടുത്തി.കേരളത്തിലെ ആയുര്‍വേദവും പരമ്പരാഗത ചികിത്സാരീതികളും ലോകപ്രശസ്തിയാര്‍ജിച്ചിട്ടുണ്ടെങ്കിലും അത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിനായി നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് രവി പിള്ള ഓര്‍മിപ്പിച്ചു.നിലവില്‍ കേരളത്തിലെ ഹോട്ടലുകളില്‍ ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കുന്നുണ്ട്. പക്ഷേ സൗകര്യങ്ങള്‍ കുറവായതിനാല്‍ അവയൊന്നും ലോകജനതയ്ക്ക് മുന്നില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടുന്നില്ല. വിദേശ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന്റെ മൂല്യം അറിഞ്ഞാല്‍ മാത്രമേ സഞ്ചാരികള്‍ കേരളത്തിലേക്കെത്തൂ. അതിനായി സമഗ്ര ക്ഷേമ പരിപാലനം കേരളത്തില്‍ സാധ്യമാക്കണം. ഹോളിസ്റ്റിക്ക് വെല്‍നെസ്സ് കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉടലെടുക്കണം.ആയുര്‍വേദരംഗത്തിന് പുറമേ ‘കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് അനന്തമായ സാധ്യതകളുണ്ട്. അത് മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ആത്മാര്‍ത്ഥയമായി പരിശ്രമിക്കുന്നുമുണ്ട്. ടൂറിസം ഇന്ത്യയുടെ ആത്മാവിലലിഞ്ഞുചേര്‍ന്നപ്പോള്‍ മുതല്‍ കേരളം അതില്‍ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒട്ടേറെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. 1959-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കടല്‍ത്തീരത്തെ വിനോദ സഞ്ചാരകേന്ദ്രമാക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം ആ പട്ടികയില്‍ ഇടം നേടിയത് തിരുവനന്തപുരത്തുള്ള കോവളമാണ്. ഫ്രഞ്ച് കമ്പനിയായ ക്ലബ് മേഡ് നടത്തിയ പഠനത്തിനുശേഷമാണ് കോവളത്തെ സര്‍ക്കാര്‍ തെരെഞ്ഞെടുത്തത്. അതുമാത്രമല്ല 1981-ല്‍ വിശ്വവിഖ്യാതമായ ന്യൂയോര്‍ക്ക് ടൈംസ് തെരെഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ഏഴ് ബീച്ചുകളിലൊന്ന് കോവളമായിരുന്നു. പിന്നീട് 2001-ലും കോവളത്തെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസ് രംഗത്തെത്തി. ഇന്ത്യയുടെ മാണിക്യം എന്നാണ് അന്ന് ന്യൂയോര്‍ക്ക് ടൈംസ് കോവളം ബീച്ചിനെ വിശേഷിപ്പിച്ചത്. പിന്നീട് പ്രശസ്തിയുടെ പരകോടിയിലെത്തിയ കോവളം ഇന്ന് പതനത്തിന്റെ പാതയിലാണ്. കോവളവും അവിടത്തെ ഹവാ ബീച്ചും ഒരിക്കല്‍ ലോകപ്രശസ്തമായിരുന്നു. എന്നാല്‍ ഇന്ന് ആ വാര്‍ത്ത ലോകത്തിന്റെ ഒരു കോണില്‍ മാത്രമായി ഒതുങ്ങി. അതോടെ വിദേശികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. ഈ സ്ഥിതിയ്ക്ക് മാറ്റം വരണം. ലോകോത്തര നിലവാരത്തിലേക്ക് കോവളം ബീച്ചുപോലെയുള്ള സഞ്ചാരകേന്ദ്രങ്ങളെ ഉയര്‍ത്തിയാല്‍ വിദേശസഞ്ചാരികള്‍ കൂട്ടമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തും. അതോടെ നമ്മുടെ വിനോദസഞ്ചാരമേഖല വലിയൊരു കുതിച്ചുചാട്ടം നടത്തുകയും ചെയ്യും. അതിനായി സര്‍ക്കാര്‍ കൃത്യമായി പ്രചരണങ്ങളും പുതിയ പദ്ധതികളും ആവിഷ്‌കരിക്കണം’-രവി പിള്ള കൂട്ടിച്ചേര്‍ത്തു.കേരളത്തിന്റെ ഭൂപ്രകൃതിയുമായി തട്ടിച്ചുനോക്കാന്‍ മറ്റൊരിടത്തിനും സാധിക്കില്ല. മലകളും പുഴകളും കടല്‍ത്തീരങ്ങളും വനങ്ങളുമെല്ലാം നിറഞ്ഞ കേരളം എന്തുകൊണ്ടും ദൈവത്തിന്റെ സ്വന്തം നാടാണ്. പക്ഷേ വിനോദസഞ്ചാരം മാത്രം മികച്ചുനിന്നതുകൊണ്ട് ഇവിടെ വളര്‍ച്ചയുണ്ടാകില്ലെന്ന് രവി പിള്ള വ്യക്തമാക്കി. കേരളത്തിന് പുറത്തുനിന്നുള്ളവരാണ് പ്രധാനമായും ഇവിടത്തെ കാഴ്ചകള്‍ കാണാനായി എത്തുന്നത്. അവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സമീപ രാജ്യങ്ങളുടെ ടൂറിസം മേഖല വളര്‍ച്ച കൈവരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ വിദേശത്തുനിന്നും കൂടുതല്‍ സഞ്ചാരികള്‍ എത്തണമെങ്കില്‍ വിമാന സര്‍വീസുകള്‍ ഗണ്യമായി തന്നെ വര്‍ധിപ്പിക്കേണ്ടിവരും. നിലവില്‍ കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ വലിയ തുകയാണ് സഞ്ചാരികള്‍ നല്‍കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ സഞ്ചാരികള്‍ അവിടങ്ങളിലേക്ക് യാത്ര നടത്തുന്നു. കേരളത്തിലേക്ക് യാത്ര നടത്തുന്നതിന്റെ പകുതി കാശിന് യാത്ര പൂര്‍ത്തികരിക്കാനും അവര്‍ക്ക് സാധിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. കൂടുതല്‍ വിമാന സര്‍വീസുകള്‍ കേരളത്തിലേക്ക് വന്നാല്‍ സ്വാഭാവികമായും ടിക്കറ്റ് നിരക്കുകളില്‍ കുറവ് വരും. ഇതുവഴി നിരവധി സഞ്ചാരികള്‍ക്ക് കേരളത്തിലെത്താനാകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അതോടൊപ്പം വിനോദസഞ്ചാര സോണുകള്‍ വര്‍ഗീകരിച്ച് അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം.’ രവി പിള്ള ചൂണ്ടിക്കാണിച്ചുവിനോദസഞ്ചാരത്തിന് കേരളവുമായി കൈകോര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ ക്ഷണിക്കാവുന്നതാണെന്നും രവി പിള്ള പറയുകയുണ്ടായി. കേരളവുമായി കൈകോര്‍ത്ത് ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കും. ഈ ബന്ധം മുഖേന കേരളത്തിന്റെ വിനോദ സഞ്ചാരമേഖല മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ വളര്‍ച്ച കൈവരിക്കുമെന്ന ദീര്‍ഘവീക്ഷണവും അദ്ദേഹത്തിന്റെതായി ഉടലെടുത്തു. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണമെന്നും രവി പിള്ള അഭ്യര്‍ത്ഥിച്ചു. വിനോദസഞ്ചാര രംഗത്തെ വേറിട്ട മേഖലയായ ആരോഗ്യ ടൂറിസത്തെക്കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടുതന്നെ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കേരളത്തില്‍ ഗണ്യമായി കൂടുന്നുണ്ട്. എന്നാല്‍ ഇത്തരം രോഗങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ആരോഗ്യ ടൂറിസം രംഗത്തിന് സാധിക്കുമെന്ന് രവിപിള്ള വ്യക്തമാക്കി. മുതല്‍മുടക്ക് കൂടുതല്‍ വേണ്ടിവരുമെങ്കിലും ആരോഗ്യ ടൂറിസം രംഗത്തെ പുതിയ ചുവടുകള്‍ വിദേശികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് സഹായിക്കും. മാത്രമല്ല രോഗങ്ങള്‍ ഒരു പരിധിവരെ തടയാനും ഈ പദ്ധതി കൊണ്ട് സാധിക്കും. അതിന് അനന്തമായ സാധ്യതകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ടൂറിസം രംഗത്തും കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് രവി പിള്ള ചര്‍ച്ചയ്ക്ക് വിരാമമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘അശ്വമേധം’ പരിപാടി ആരംഭിച്ചതിന്റെ കാരണക്കാരന്‍ ഇദ്ദേഹമാണ്… കെ സതീഷിനെ അനുസ്മരിച്ച് ജി എസ് പ്രദീപിന്റെ കുറിപ്പ്

ലോകത്താകെ പ്രേക്ഷകരുള്ള കൈരളി ടിവിയുടെ പരിപാടിയായിരുന്നു ജി എസ് പ്രദീപ് അവതരിപ്പിച്ച ̵…