തിരുവനന്തപുരം: ദീര്‍ഘനാളായി അവഗണനയുടെ കയ്പുനീര്‍ കുടിക്കുന്ന തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ അത്യാധുനിക സൗകര്യങ്ങളോടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്താന്‍ തയ്യാറെടുക്കുന്നു. സ്റ്റുഡിയോയുടെ നവീകരണത്തിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ വികസനത്തിന് 66.8 കോടി രൂപയുടെ പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഏഴ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്.മലയാള സിനിമയുടെ കേന്ദ്രമായ ചിത്രാഞ്ജലി സ്റ്റുഡിയോ 80 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ പകുതി പോലും ഇപ്പോള്‍ സിനിമയ്ക്കായി പ്രയോജനപ്പെടുത്തുന്നില്ല. ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും സാങ്കേതികവിദ്യയുടെ പരിമിതികളുമാണ് ചിത്രാഞ്ജലിയെ കൈയൊഴിയാന്‍ സിനിമാപ്രവര്‍ത്തകരെ നിര്‍ബന്ധിതരാക്കിയത്. ഈ നവീകരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സിനിമയുടെ ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങി എല്ലാത്തിനും സജ്ജീകരണങ്ങളുണ്ടാകും. ചിത്രാഞ്ജലി പാക്കേജ് കൂടിയാകുമ്‌ബോള്‍ പുതുതലമുറ സിനിമാക്കാര്‍ കൂടുതലായി ഇവിടേക്കെത്തുമെന്നാണ് ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ പ്രതീക്ഷ.ഷൂട്ടിംഗിനുള്ള ഉപകരണങ്ങള്‍, കാമറകള്‍, ലൈറ്റുകള്‍ എന്നിവ കൂടാതെ ചിത്രാഞ്ജലിയിലെ സൗകര്യങ്ങളും ഉയര്‍ത്തും. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണവും അതിനൊപ്പം ഉള്ളവയുടെ നവീകരണങ്ങളും നടക്കും. നിലവില്‍ സ്റ്റുഡിയോയില്‍ രണ്ട് ഷൂട്ടിംഗ് ഫ്‌ളോറുകളാണുള്ളത്. ഒരു ഡി.ഐ സംവിധാനം (ചലന ചിത്രങ്ങളുടെ ഡിജിറ്റല്‍വത്കരണം) എന്നിവയാണുള്ളത്. നിലവില്‍ ഓരോ എഡിറ്റിംഗ്, ഡബ്ബിംഗ് സ്യൂട്ടുകളാണുള്ളത്. ഇത് മൂന്നെണ്ണമാക്കും. മലയാള സിനിമ സാങ്കേതികമായും പ്രമേയപരമായും ഏറെ മുന്നേറിയിട്ടും നിര്‍മ്മാണപ്രക്രിയയുടെ ഏറിയ ഭാഗവും കേരളത്തിനു പുറത്തായിരുന്നു. ചിത്രാഞ്ജലി നവീകരിക്കപ്പെടുന്നതോടെ ഇവയെല്ലാം ഇവിടെത്തന്നെ നടത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

നഗരവികസനവുമായി ബന്ധപ്പെട്ട് ജോഷ് ടോക്ക്സ് സംഘടിപ്പിക്കുന്ന സിറ്റി ചാമ്പ്യന്‍സ് 2024

റീജിയണല്‍ കണ്ടന്റ് & അപസ്‌കില്ലിങ് പ്ലാറ്റഫോമായ ജോഷ് ടോക്‌സ് സിറ്റി ചാമ്പ്യന്‍സ് 2024-…