തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകള്‍ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. പാര്‍ട്ടി പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിമാരും എംഎല്‍എമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല എന്നത് എല്‍ഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.

ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പരാജയം സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല. തോല്‍വി അവിശ്വസനീയമാണ്. വ്യത്യസ്തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാര്‍ട്ടി സെക്രട്ടറിക്കോ ഇതില്‍ ബന്ധമില്ലെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ…