ഒന്നരയാഴ്ചയ്ക്കുള്ളില്‍ ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ചത് മൂന്നു പേര്‍. ഇതില്‍ ഒരാളാവട്ടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസിയാണ്.ടൂറിസം പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമ്‌ബോഴും, ഹൗസ്‌ബോട്ടുകളില്‍ മനുഷ്യജീവനും സ്വത്തിനും എത്രത്തോളം സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്നത് ചോദ്യമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വെള്ളം കയറി മുങ്ങിയതും വിവിധ അപകടങ്ങളില്‍ തീപിടിച്ചതുമായ ബോട്ടുകളില്‍ ഭൂരിഭാഗത്തിനും നിലവില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സോ, ഇന്‍ഷുറന്‍സോ ഇല്ലെന്നുള്ളതാണ് വിരോധാഭാസം. തെറ്റ് ചൂണ്ടിക്കാട്ടുമ്‌ബോള്‍ മാദ്ധ്യമങ്ങളെ ശത്രുസ്ഥാനത്ത് നിറുത്തി വെല്ലുവിളിക്കാനാണ് ലൈന്‍സും രേഖകളുമില്ലാത്ത ബോട്ടുടമകളുടെ ശ്രമം . അതേസമയം എല്ലാ ബോട്ടുകളിലും രേഖകളും, സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പാലിച്ചാല്‍ അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് വലിയൊരു വിഭാഗം ഹൗസ് ബോട്ട് ഉടമകള്‍ അഭിപ്രായപ്പെടുന്നു . വേമ്ബനാട്ട് കായലില്‍ മാത്രം 1500ലധികം ഹൗസ്‌ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാവട്ടെ 800 ഹൗസ് ബോട്ടുകള്‍ മാത്രമാണ്.കൊവിഡ് കാലം വലിയ ആഘാതമാണ് ഹൗസ്‌ബോട്ട് വ്യവസായത്തിനുണ്ടാക്കിയത്. പതുക്കെ പതുക്കെ ഉണര്‍ന്നു തുടങ്ങിയ മേഖല, കഴിഞ്ഞ വേനലവധിയോടെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തി. 95 ശതമാനം ബോട്ടുകള്‍ക്കും ഓട്ടം ലഭിക്കുന്നുണ്ട്.സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തി ഫിറ്റ്‌നെസ് നേടാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ഓരോ അപകടങ്ങളുണ്ടാവുമ്‌ബോഴും പരിശോധന നടത്തി കൈകഴുകുന്നതാണ് അധികൃതരുടെ പതിവ്. ഇത്രയും ബോട്ടുകളില്‍ കൃത്യമായ പരിശോധന നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരില്ലെന്ന മുറവിളി സര്‍ക്കാര്‍ കേട്ട മട്ടില്ല. പോര്‍ട്ട് ഓഫീസിലടക്കം ഒഴിഞ്ഞുകിടക്കുന്ന കസേരകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ച്, ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ പ്രവേശിക്കുന്ന ബോട്ടുകളുടെ സുരക്ഷിതത്വം അടിയന്തരമായി പരിശോധിക്കണം. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ബോട്ടുകള്‍ ഡോക്കില്‍ കയറ്റി അടിപ്പലകയുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കഴിഞ്ഞ ദിവസമുണ്ടായ രണ്ട് അപകടങ്ങളിലും ബോട്ടിനുള്ളില്‍ വെള്ളം കയറിയാണ് മുങ്ങിപ്പോയത്. സമീപത്തെ ബോട്ടുകളിലെ ജീവനക്കാരിടപെട്ട് സഞ്ചാരികളെ പുറത്തെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. അതേസമയം, ഇതേ സഞ്ചാരികളുടെ ഇലക്ട്രാണിക്ക് വസ്തുക്കളടക്കം ബോട്ടിനുള്ളില്‍ നിന്ന് മുങ്ങിയെടുക്കാന്‍ ചാടിയ രക്ഷാപ്രവര്‍ത്തകന്റെ ജീവന്‍ പൊലിഞ്ഞു. മറ്റൊരു അപകടത്തില്‍ മദ്യപിച്ച് മുറിയിലെത്തിയ സഞ്ചാരി അഴികളില്ലാത്ത ജനല്‍വഴി കായലിലേക്ക് പതിച്ചാണ് മരിച്ചത്. സഞ്ചാരികളില്‍ വലിയൊരു ശതമാനവും കൂട്ടമായിരുന്നു മദ്യപിക്കുന്നതിന് വേണ്ടി ബോട്ട് വാടകയ്‌ക്കെടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇത്തരത്തില്‍ ധാരാളം പേര്‍ വെള്ളത്തില്‍ വീണ സംഭവങ്ങളുണ്ട്. ഒരു മാസത്തിനിടെ പലപ്പോഴായി നടത്തിയ പരിശോധനകളില്‍ 50ഓളം ബോട്ടുകള്‍ക്ക് മതിയായ രേഖകളില്ലെന്ന് വ്യക്തമായിരുന്നു.അടുത്തിടെയായി സ്പീഡ് ബോട്ടുകളോടുള്ള സഞ്ചാരികളുടെ പ്രിയം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ അപകടങ്ങളുണ്ടായില്ലെന് പേരില്‍ സ്പീഡ് ബോട്ടുകളെ പരിശോധനയില്‍ നിന്നൊഴിവാക്കരുത്. ലൈഫ് ജാക്കറ്റ് പോലും ധരിപ്പിക്കാതെയാണ് പല ബോട്ടുകളും സഞ്ചാരികളുമായി ചീറിപ്പായുന്നത്. ക്രമത്തിലധികം ആളുകളെ കയറ്റുന്നുമുണ്ട്. സാധാരണ ബോട്ടുകളെക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് സ്പീഡ് ബോട്ടുകളുടെ സഞ്ചാരം. ഏതെങ്കിലും കാരണത്താല്‍ സഞ്ചാരി വെള്ളത്തില്‍ വീണാല്‍ മുങ്ങിപ്പോകാതിരിക്കാനുള്ള ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ധരിപ്പിച്ചിരിക്കണം. ബോട്ടുകാര്‍ നല്‍കിയില്ലെങ്കില്‍ പോലും ഇവ ചോദിച്ചുവാങ്ങി ധരിക്കാനുള്ള ഉത്തരവാദിത്തം സഞ്ചാരികള്‍ക്കുണ്ടാവണം.ജില്ലാ പോര്‍ട്ട് ഓഫീസിന്റെ രേഖകള്‍ പ്രകാരം ജില്ലയില്‍ 131 സ്പീഡ് ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്. 20 ല്‍ താഴെ ബോട്ടുകള്‍ മാത്രമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്.ആലപ്പുഴ പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഹൗസ് ബോട്ട് – 800, മോട്ടോര്‍ ബോട്ട് – 402, ശിക്കാര വള്ളം – 240, സ്പീഡ് ബോട്ട് – 131, ബാര്‍ജ്ജ് – 18, ഫെറി – 4, ഡ്രഡ്ജര്‍ – 1 എന്നിവയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കാലപ്പഴക്കം ചെന്ന ബോട്ടുകളെ പിടിച്ചുകെട്ടാന്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഓരോ ഹൗസ് ബോട്ടുകളിലും പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കുട്ടികളുള്‍പ്പടെ കൈവരികളില്‍ നില്‍ക്കാതിരിക്കാന്‍ ശ്രദ്ധ്പുലര്‍ത്തണം. ജനലുകളടക്കം അഴികള്‍ നിര്‍മ്മിച്ച് സുരക്ഷിതമാക്കണം. ബോട്ടിലെ ജീവനക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ യോഗ്യതകള്‍ ഉണ്ടെന്നും ഉറപ്പുവരുത്തണം. ഇത്രയും കാര്യങ്ങളില്‍ കൃത്യമായ ഇടപെടലുണ്ടായാല്‍ അപകടങ്ങളുടെയും മരണത്തിന്റെയും നിരക്ക് ഗണ്യമായി കുറയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചന്ദ്രയാന്‍ 3: ‘ശിവശക്തി’യില്‍ വിവാദം വേണ്ട, പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് എസ് സോമനാഥ്

  തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നര…