കൊച്ചി: ജീവിതത്തിന്റെ സമസ്‌തതല സ്പർശിയായ വലിയ സാംസ്‌കാരിക പ്രസ്ഥാനമായ  കൊച്ചി ബിനാലെയെ കളങ്കപ്പെടുത്തുന്നത് , അതിനു ശ്രമിക്കുന്നത് പോലും കലാപ്രവർത്തകർക്ക് ചേർന്നതല്ലെന്ന് മലേഷ്യൻ, അമേരിക്കൻ കലാപ്രവർത്തകയും അറിയപ്പെടുന്ന ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റുമായ ആൻ സമത്ത്. വിയോജിപ്പുകളും അഭിപ്രായ ഭിന്നതകളും സ്വാഭാവികം. പക്ഷെ ആത്യന്തികമായി എല്ലാവരും കലാപ്രവർത്തകരാണ്. ഒരുമിച്ചിരുന്ന് ഭിന്നതകൾ തീർക്കുകയാണ് വേണ്ടത്. താനാണ് താൻ മാത്രമാണ് മികച്ചതെന്ന ചിന്ത കലാകാരന് ചേർന്നതല്ല.

വലിയൊരു മേളയുടെ എല്ലാവേദികളും തുറക്കാൻ വൈകുന്നത് ഉൾപ്പെടെ പ്രശ്‌നങ്ങളുണ്ടാകാം. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ ഇടവേളയ്‌ക്കുശേഷം സംഘടിപ്പിക്കപ്പെടുന്നതാകുമ്പോൾ. പക്ഷെ അത് പരിഹരിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഓരോ ദിവസവും ബിനാലെ മികവ് മിനുക്കുന്നതാണ് ദൃശ്യമാകുന്നത്. അത് വളരെ പുരോഗമനപരമാണെന്നത് ഏറ്റവും ആദ്യം തിരിച്ചറിയേണ്ടത് കലാപ്രവർത്തകരാണ്. മറിച്ചുള്ള കളികൾക്ക് കലാകാരൻ അരുനിൽക്കരുത്. താൻ ഏതായാലും അത്തരം കളികൾക്കില്ലെന്നും അവർ പറഞ്ഞു.

ഡിസംബർ അഞ്ചുമുതൽ കൊച്ചിയിലുള്ള താൻ ദിവസവും ബിനാലെ വേദിയിൽ എത്തി. ബിനാലെയുടെ  വിജയത്തിൽ കഴിയുന്ന പങ്ക് വഹിക്കുകയെന്നത് കലാകാരി എന്നനിലയ്ക്ക് തന്റെ ഉത്തമ കർത്തവ്യമായി കരുതുന്നു.

ബിനാലെ കാണാൻ ആദ്യദിവസം തന്നെ ഒഴുകിയെത്തിയെത്തിയ സാധാരണ ജനങ്ങളുടെ ഊഷ്‌മള പ്രതികരണങ്ങളും സ്നേഹവായ്‌പും ലോകത്ത് മറ്റൊരു വേദിയിലും കിട്ടില്ല. അത് തന്നെ അദ്‌ഭുതപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്‌തു. കൊച്ചി ബിനാലെയോട് ജനങ്ങളും വേദികളിലെ തൊഴിലാളികളും  അണിയറ പ്രവർത്തകരും പുലർത്തുന്ന അഭിനിവേശം നിസ്തുലമാണ്. അത് കണ്ടില്ലെന്നു നടിക്കാനും നിന്ദിക്കാനും ആരും പ്രത്യേകിച്ച് ആർട്ടിസ്റ്റുകൾ തുനിയരുതെന്നും അവർ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ചുള്ള രണ്ടാംവരവ് ആദ്യ വരവിനേക്കാൾ കരുത്തുറ്റതാകുമെന്നും ആൻ സമത്ത് പറഞ്ഞു.

മലേഷ്യയിൽ ജനിച്ച് അധികവും അമേരിക്കയിൽ താമസിക്കുന്ന ആൻ സമത്തിന്റെ ഇൻസ്റ്റലേഷൻ കൊച്ചി ബിനാലെയിലെ ശ്രദ്ധേയ സൃഷ്ടികളിൽ പ്രമുഖമായ ഒന്നാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…