ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വടക്കു കിഴക്കിന്റെ വീര്യവുമായി എത്തിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വിജയം. കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്. വിജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 9 വിജയത്തോടെ 28 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഗ്രീക്ക് മുന്നേറ്റ താരം ഡിമിത്രിയോസ് ഡയമന്റക്കൊസ് നേടിയ ഇരട്ട ഗോളുകളാണ് ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. സഹലിനു പകരക്കാരനായി ആദ്യ പകുതിയില്‍ സ്ഥാനം പിടിച്ച വിങ്ങര്‍ ബ്രൈസ് മിറാന്‍ഡയായിരുന്നു കേരളത്തിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം ഗോളിന് ചുക്കാന്‍ പിടിച്ചത് അഡ്രിയാന്‍ ലൂണയും.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ വിമുഖത കാണിച്ച മത്സരം നിയന്ത്രിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ലഭിച്ച സുവര്‍ണ്ണാവസരങ്ങള്‍ പോലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിക്കാതെ പോയതോടെ മത്സരം പലപ്പോഴും ഏകപക്ഷീയമായി. 23 ഷോട്ടുകളാണ് കേരള ബ്ലാസ്റ്റേഴ്സ് വടക്കു കിഴക്കന്‍ ക്ലബിന് നേരെ ഉതിര്‍ത്തത്. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍വല കാത്ത അരിന്ദം ഭട്ടാചാര്യയുടെ അസാമാന്യ പ്രകടനം കൊണ്ടുമാത്രമാണ് കേരളം രണ്ട് ഗോളില്‍ ഒതുങ്ങിയത്.ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കേരളം ഗോളുകള്‍ നേടിയത്. 42 ആം മിനുട്ടില്‍ വിങ്ങറായ ബ്രൈസ് മിറാന്‍ഡ നല്‍കിയ ക്രോസ് തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ടാണ് ഡിമിത്രി ലീഡ് എടുത്തത്. ആദ്യ ഗോളിന്റെ ആരവങ്ങള്‍ അവസാനിക്കും മുന്‍പേ നിറഞ്ഞു കവിഞ്ഞ ഗാലറിയയെ വീണ്ടും ആവേശത്തില്‍ ആഴ്ത്തി ഡിമിത്രി തന്റെ രണ്ടാമത്തെ ഗോളും നേടി. മധ്യ നിരയിലൂടെ പന്തുമായി കുതിച്ച അഡ്രിയാന്‍ ലൂണ എതിര്‍നിരയുടെ പ്രതിരോധത്തെ കബളിപ്പിച്ച് നല്‍കിയ ത്രൂ ബോള്‍ ഓടിയെടുത്ത ഡിമി ഇടം കാലുകൊണ്ട് തന്റെ കടമ പൂര്‍ത്തിയാക്കി. വിരലിലില്‍ എണ്ണാവുന്നത്ര മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലീഗിന്റെ ആദ്യ പകുതിയില്‍ സീസണ്‍ അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പൊരുതുന്ന കേരളത്തിന്റെ അടുത്ത മത്സരം ഈസ്റ്റ് ബംഗാള്‍ എഫ്സിക്ക് എതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എ.ഐ ക്യാമറ മിഴിതുറന്നപ്പോള്‍ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്

എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന…