
നോമ്പുകാലത്ത് വീടുകളിലെ വൈകുന്നേരങ്ങള്‍ രുചിയൂറും വിഭവങ്ങളുടേത് കൂടിയാണ്. പൊരിച്ചതും വറുത്തതും ആവി കയറ്റി എടുത്തും പലവിധ ഭക്ഷണ സാധനങ്ങള്‍ ഓരോ ദിവസവുമുണ്ടാകും. നോമ്പുകാലം കഴിയുന്നതു വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓരോ ദിവസവും ഓരോ പരീക്ഷണങ്ങള്‍ ഭക്ഷണകാര്യത്തില്‍ വരുത്താന്‍ ഇഷ്ടമാണ്. ഇറച്ചി ഐറ്റംസ് ഒറ്റ് മാറ്റിപ്പിടിച്ച്, ചിക്കനും ബീഫും മീനുമൊന്നുമില്ലാതെ ഒരടിപൊളി സ്‌നാക്‌സ് ഉണ്ടാക്കിയാലോ?
പേരില്‍ മാത്രം ചിക്കനുള്ള ഒരടിപൊളി സ്‌നാക് ആണ് ചിക്കന്‍ വെജ് റോള്‍. നല്ല ചിക്കന്‍ സമൂസയുടെയും റോളിന്റെയുമൊക്കെ അതേ രുചിയില്‍, എന്നാല്‍ ഇറച്ചിയോ മീനോ ആവശ്യമില്ലാത്ത വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍:
കടലമാവ്
മൈദ
മുട്ട
വെളിച്ചെണ്ണ
സവാള
കറിവേപ്പില
മുളകുപൊടി
മഞ്ഞള്‍പൊടി
ചിക്കന്‍മസാല
ചെറിയ ജീരകം
കുരുമുളക് പൊടി(വേണമെങ്കില്‍)
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്
ഉപ്പ് ആവശ്യത്തിന്
വെള്ളം
തയ്യാറാക്കേണ്ട വിധം:
വെജ് ചിക്കന്‍ റോളിന് വേണ്ട ഫില്ലിങ് തയ്യാറാക്കലാണ് ആദ്യം. ഇതിനായി ഒരു നോണ്‍സ്റ്റിക് പാനില്‍ ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ കാല്‍ ടീസ്പൂണ്‍ ചെറിയ ജീരകം ചേര്‍ത്ത് മൂപ്പിക്കുക. മൂന്ന് വലിയ സവാള അരിഞ്ഞതും ഉപ്പും ചേര്‍ത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ച് ചേര്‍ക്കണം. ഈ സമയം വേണമെങ്കില്‍ കറിവേപ്പില ചേര്‍ക്കാം. ഈ കൂട്ടിലേക്ക് മൂന്ന് ടീസ്പൂണ്‍ കടലമാവ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 1 ടീസ്പൂണ്‍ മുളക് പൊടി, മുക്കാല്‍ ടീസ്പൂണ്‍ ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് ഫില്ലിങ് റെഡിയാക്കാം. ( എരിവ് കൂടുതല്‍ വേണമെങ്കില്‍ കുരുമുളക് ചേര്‍ക്കാം).
ഫില്ലിങ് തയ്യാറാക്കിയ ശേഷം മൈദ, മുട്ട എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ദോശ മാവിന്റെ പരുവത്തില്‍ തയ്യാറാക്കിയെടുക്കണം. (മുട്ട ഓപ്ഷണലാണ്). ഇത് ദോശ ആയി ചുട്ടെടുക്കാം. ശേഷം നടുവില്‍ രണ്ട് സ്പൂണ്‍ ഫില്ലിങ് ചേര്‍ത്ത് റോള്‍ ചെയ്‌തെടുക്കാം.റോള്‍ ചെയ്‌തെടുത്ത ശേഷം മറ്റൊരു പാത്രത്തില്‍ 2 ടീസ്പൂണ്‍ മൈദ വെള്ളത്തില്‍ കലക്കി ലൂസ് പരുവമാക്കണം. ഇതിലേക്ക് റോള്‍ ചെയ്തത് മുക്കിയെടുത്ത് ബ്രഡ് പൊടിയിലും മുക്കിയ ശേഷം എണ്ണയില്‍ ചെറുതീയില്‍ വറുത്തെടുക്കാം. കൊതിയൂറും ചിക്കന്‍ വെജ് റോള്‍ റെഡി. ചൂടോടെ വിളമ്പാം.