വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. മീനവെയിലില്‍ മഞ്ഞ കൊന്നകള്‍ പൂക്കുന്ന വിഷു വരാനിരിക്കുന്ന വസന്തകാലത്തിന്റെ പടിവാതിലാണ്. മലയാളികളുടെ കാര്‍ഷികോത്സവവും പുതുവര്‍ഷവുമായ വിഷു ഒരു പുതിയ ആരംഭത്തിന്റെ തുടക്കമാണ്. 1887ല്‍ പ്രസിദ്ധികരിക്കപ്പെട്ട വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ വിഷുവിനെ നവവര്‍ഷദിനമായി കണക്കാക്കുന്നു. ആണ്ടുപിറപ്പ് എന്നറിയപ്പെടുന്ന വിഷു സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷുവിന്റെ ഉത്ഭവത്തെ കുറിച്ച് പുരാണത്തില്‍ രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒരെണ്ണം മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ കുറിച്ചും മറ്റൊന്ന് രാമായണത്തിലെ രാവണനെ അടിസ്ഥാനമാക്കിയുമാണ്.ശ്രീകൃഷ്ണനെ ആസ്പദമാക്കിയുള്ള ആദ്യത്തെ ഐതിഹ്യം പരിശോധിക്കുമ്പോള്‍ നരകാസുര വധമാണ് വിഷുവിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. ഭാഗവതത്തില്‍, ഹിരണ്യാക്ഷന് ഭൂമിദേവിയില്‍ ജനിച്ച പുത്രനായ നരകാസുരന്‍ മഹാവിഷ്ണുവിന് നിന്ന് നാരായണാസ്ത്രം നേടുന്നു. അത് കൈവശമുള്ളപ്പോള്‍ തനിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാന്‍ കഴിയില്ല എന്ന വരവും വിഷ്ണു നല്‍കുന്നു. വരത്തിന്റെ കരുത്തില്‍ അസുരന്‍ ഭൂലോകത്തെ കൈപ്പിടിയിലാക്കി. തുടര്‍ന്ന്, ദേവലോകം ആക്രമിച്ച നരകാസുരന്‍ ദേവേന്ദ്രന്റെ മാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെണ്‍കൊറ്റ കുടയും കൈവശപ്പെടുത്തി.തുടര്‍ന്ന് ഇന്ദ്രന്റെ അപേക്ഷ പ്രകാരം നരകാസുരന്റെ രാജ്യതലസ്ഥാനമായ പ്രാഗ് ജ്യോതിഷത്തിലേക്ക് ഗരുഡാരൂഢനായി സത്യഭാമയുമൊത്ത് ശ്രീകൃഷ്ണന്‍ എത്തുന്നു. ഇവരെ ആക്രമിക്കാനെത്തിയ അസുര സേനയുടെ പ്രമുഖരായ നേതാക്കള്‍ യുദ്ധക്കളത്തില്‍ മരിച്ചു വീണു. തുടര്‍ന്നാണ് നരകാസുരന്‍ നേരിട്ട് യുദ്ധത്തിന് എത്തുന്നത്. യുദ്ധത്തില്‍ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനാല്‍ നരകാസുരന്‍ നിഗ്രഹിക്കപെടുന്നു. വസന്തകാലത്തിന്റെ ആരംഭത്തോടെയാണ് ഈ യുദ്ധം നടക്കുന്നത്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെട്ടത്. ശ്രീകൃഷ്ണന്റെ നരകാസുരനിഗ്രഹത്തെ വിശേഷിപ്പിക്കുന്നത് തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയമായാണ്. തമിഴ്‌നാട്ടില്‍ ആഘോഷിക്കുന്ന ദീപാവലിയുമായി ഈ ഐതിഹ്യത്തെ ബന്ധപ്പെടുത്താറുണ്ട്.രണ്ടാമത്തെ ഐതിഹ്യം രാവണനുമായും സൂര്യനുമായും ബന്ധപ്പെട്ടാണ് പ്രചരിക്കുന്നത്. ലങ്കാധിപനായ രാവണന്‍ സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇത് ഞങ്ങളുടെ ജീവിതത്തെ ഇരുട്ടിലാഴ്ത്തി. തുടര്‍ന്ന്, ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷമേ സൂര്യന് ഉദിക്കാന്‍ സാധിച്ചിരുന്നുള്ളു. സൂര്യന്‍ തിരികെ വന്നതിലുള്ള ജനങ്ങളുടെ ആഹ്ലാദ പ്രകടനമാണ് പിന്നീട് വിഷുവായി തീര്‍ന്നത്.
Click To Comment