മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊന്നത് ലൈംഗികാവശ്യത്തിന് വഴങ്ങാത്തതിനാലെന്ന്; ഒന്നര വര്‍ഷത്തിനുശേഷം കുറ്റപത്രം

മുംബൈ: 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊന്ന് കടലില്‍ തള്ളിയ വിവാദമായ കേസില്‍ മുംബൈ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 100 ഓളം സാക്ഷികളെ വിസ്തരിച്ച് 1,750 പേജുള്ള കുറ്റപത്രമാണ് മുംബൈ ക്രൈം ബ്രാഞ്ച് യൂനിറ്റ്-9 സമര്‍പ്പിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.2021 നവംബര്‍ 29ന് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് ബീച്ചില്‍ വെച്ചാണ് വിദ്യാര്‍ഥിനിയും പ്രതി മിത്തു സിങ്ങും കണ്ടുമുട്ടിയത്. പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തു. ഇരുവരും പുലര്‍ച്ചെ വരെ സംസാരിച്ച് ഇവിടെ സമയം ചെലവഴിച്ചു. പുലര്‍ച്ചെ 3.45 വരെ ഇരുവും ഒന്നിച്ച് ബീച്ചില്‍ ഉണ്ടായിരുന്നു. ഇതിനിടയില്‍ മിത്തു സിങ് യുവതിയോട് അപമര്യാദയായി പെരുമാറി. ലൈംഗികാവശ്യം ഉന്നയിച്ചെങ്കിലും യുവതി വിസമ്മതിച്ചു. രോഷാകുലനായ ഇയാള്‍ യുവതിയെ തള്ളി വീഴ്ത്തി. പാറക്കെട്ടില്‍ തലയിടിച്ച് വീണ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.ഇതോടെ ഇവിടെ നിന്നും ഓടിപ്പോയ ഇയാള്‍ പിന്നീട് ഇവിടെ തിരിച്ചെത്തി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഇയാള്‍ ആശുപത്രിയിലെത്തിച്ചില്ല. തുടര്‍ന്ന് യുവതിയെ വലിച്ചുകൊണ്ടുപോയി കടലില്‍ തള്ളുകയായിരുന്നു. ലൈഫ്ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള മിത്തു സിങ്ങിന് കടലില്‍ വീണാല്‍ മൃതദേഹം കരയില്‍ അടുക്കാത്ത ഭാഗങ്ങള്‍ അറിയാമായിരുന്നു -പൊലീസ് പറയുന്നു.യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ ഫോണില്‍നിന്ന് യുവതിക്കൊപ്പമുള്ള സെല്‍ഫി ചിത്രങ്ങളടക്കം പൊലീസ് കണ്ടെത്തിയിരുന്നു.വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ തുടക്കത്തില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ സംഭവമായാണ് കേസെടുത്തിരുന്നത്. ബാന്ദ്ര പൊലീസ് 18 ദിവസത്തോളം കേസ് അന്വേഷിച്ചെങ്കിലും തുമ്‌ബൊന്നും കിട്ടിയിരുന്നില്ല. പിന്നീട് കേസ് ക്രൈം ബ്രാഞ്ചിന്റെ യൂനിറ്റ് 09ലേക്ക് മാറ്റുകയായിരുന്നു. ജനുവരി 12നാണ് പ്രതി പിടിയിലായത്. തെളിവ് നശിപ്പിക്കാന്‍ സഹായിച്ചതിന് ഇയാളുടെ സുഹൃത്തും അറസ്റ്റിലായി. മിത്തു സിങ്ങിന്റെ കുടുംബം കസ്റ്റഡി പീഡനം ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

18/05/2023