ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മഠത്തില്‍കടവ് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 11.8 കോടി രൂപ വിനിയോഗിച്ചാണ് ചെന്നിത്തല- ബുധനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍ കടവ് പാലം നിര്‍മിച്ചത്. വാഹന ഗതാഗതത്തിനായി 7.50 മീറ്റര്‍ വീതിയുള്ള ക്യാരേജ് വേയും 150 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടെ 9.70 മീറ്ററാണ് പാലത്തിന്റെ ആകെ വീതി. 26 മീറ്റര്‍ വീതം നീളമുള്ള 3 സ്പാനുകളുള്ള ഈ പാലത്തിന്റെ ആകെ നീളം 79.20 മീറ്ററാണ്. പാലത്തിന്റെ ഇരുകരകളിലുമായി 1.20 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നവീകരണം കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം പൂത്തീകരിച്ചത്. ഓരോ നിര്‍മാണ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ 27 പാലങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിച്ചവയാണെന്നും മന്ത്രി പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നിര്‍മാണത്തിലിരുന്ന പാലങ്ങള്‍, ഭരണാനുമതി ലഭിച്ച പാലങ്ങള്‍, സാങ്കേതിക അനുമതിയില്‍ എത്തേണ്ട പാലങ്ങള്‍, പ്രവര്‍ത്തനം ആരംഭിക്കേണ്ട പാലങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് കണക്കെടുത്തു. എല്ലാ മാസവും ഇത് സംബന്ധിച്ച് പ്രത്യേക അവലോകന യോഗങ്ങളും ചേര്‍ന്നു. ഇതൊക്കെ കൊണ്ടാണ് ഓരോ നിര്‍മാണ പ്രവൃത്തിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുന്നത്. സഹകരണ മേഖലയും സ്വകാര്യമേഖലയും കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്. കുട്ടംപേരൂര്‍ ആറിന്റെ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ എല്ലാ പിന്തുണയും നല്‍കും. ഗ്രാമ- ഗ്രാമാന്തര തലത്തില്‍ ടാര്‍ ചെയ്ത റോഡുകള്‍ ഇന്ത്യയില്‍ കേരളത്തില്‍ മാത്രമേ കാണുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
Click To Comment