തിരുവല്ല സംസ്ഥാനത്തിന്റെ വികസനം തടയാന്‍ കേന്ദ്രസര്‍ക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോണ്‍ഗ്രസ് എംപിമാര്‍ മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയോട് എംപിയും കേന്ദ്ര സര്‍ക്കാരും കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടന്ന റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 15 വര്‍ഷം മണ്ഡലത്തിന് വേണ്ടി എന്തു ചെയ്തെന്ന് എംപിയും യുപിഎ ഭരണകാലത്ത് കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി എന്തു ചെയ്തുവെന്ന് കോണ്‍ഗ്രസും വ്യക്തമാക്കണം. യുപിഎ സര്‍ക്കാര്‍ കേരളത്തെയും റെയില്‍വേയേയും അവഗണിച്ചു. കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഒന്നും ചെയ്യാനായില്ല. കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി പോലും കൊണ്ടുപോയി. അന്നു മുതല്‍ കോണ്‍ഗ്രസ് തുടങ്ങിവച്ച അവഗണനയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്.
2011ല്‍ റാന്നി – പമ്പ റെയില്‍ പാത യാഥാര്‍ഥ്യമാക്കാന്‍ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വഹിക്കാം എന്ന് കേരളം പറഞ്ഞതാണ്. എന്നിട്ടും തുടര്‍ നടപടി ഉണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ ദേശീയ പാതാ വികസനം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കേന്ദ്ര പദ്ധതിക്ക് പകുതി പണം സംസ്ഥാനം നല്‍കണമെന്ന് പറയുന്നത് മറ്റൊരിടത്തുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ അഡ്വ. ആര്‍ സനല്‍കുമാര്‍ അധ്യക്ഷനായി. മാത്യു ടി തോമസ് എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, അലക്സ് കണ്ണമല, ബിനു വര്‍ഗീസ്, സജി അലക്സ് , ബാബു പാലയ്ക്കല്‍, ജേക്കബ് മദിനഞ്ചേരി, രാജശേഖരന്‍നായര്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജിജി വട്ടശേരില്‍, മുരളീധരന്‍നായര്‍, അലക്‌സാണ്ടര്‍ കെ സാമുവേല്‍, ബെന്നി പാറേല്‍, റെയ്‌നാ ജോര്‍ജ്, ബാബു പറയത്തു കാട്ടില്‍, ജോ എണ്ണയ്ക്കാട്, എം ബി നൈനാന്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ല കെഎസ്ആര്‍ടിസി കോര്‍ണറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.