പാലക്കാട് :നെല്‍ക്കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കര്‍ഷകസംഘം ജില്ലാകമ്മിറ്റി. ഇതിനായി കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭക്ഷ്യ വകുപ്പുകള്‍ മുന്‍കൈ എടുക്കണം. നെല്ല് സംഭരണത്തിലെ അപാകവും സംഭരിച്ച നെല്ലിന്റെ വില കിട്ടാത്തതും കര്‍ഷകരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നു. സംഭരിച്ച നെല്ലിന്റെ പണം കൃഷിക്കാര്‍ക്ക് ഉടന്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാവണം. സാങ്കേതിക പ്രശ്‌നം പറഞ്ഞ് സംഭരണം അട്ടിമറിക്കുന്ന സമീപനത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും കേരള കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലയില്‍ ഒരു ലക്ഷത്തോളം പേര്‍ നെല്‍കൃഷി ചെയ്ത് ഉപജീവനം നടത്തുന്നു. ഇതില്‍ 80,000 പേര്‍ ഇരുപ്പൂവല്‍ കൃഷി ചെയ്യുന്നു. ഒന്നാംവിള പൂര്‍ണമായും മഴയെ ആശ്രയിച്ചാണ്. എന്നാല്‍ പലപ്പോഴും കൃത്യമായി മഴ ലഭിക്കാറില്ല. കാലാവസ്ഥ വ്യതിയാനം അടുത്തകാലത്തായി കൃഷിയെ ബാധിച്ചു തുടങ്ങി. മഴവെള്ളം ആവശ്യമുള്ളത്ര ലഭിക്കുന്ന കര്‍ക്കടക മാസത്തില്‍ പോലും ജലസംഭരണികള്‍ തുറന്ന് കനാല്‍ വഴി വെള്ളം പാടശേഖരങ്ങളിലേക്ക് കൊണ്ടുവരേണ്ട സ്ഥിതിയുണ്ടായി.
വെള്ളക്കുറവിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്കില്‍ ചില പാടശേഖരങ്ങളില്‍ ഒന്നാം വിള കൃഷി ചെയ്യാനായില്ല. ആലത്തൂര്‍ താലൂക്കില്‍ കണ്ണമ്പ്രയിലും വടക്കഞ്ചേരിയിലും ഇതേ അവസ്ഥയുണ്ടായി. ഉണ്ടായ നെല്ലുതന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും കീടങ്ങളുടെ ആക്രമണത്തിന്റെയും ഭാഗമായി പതിരായി നശിച്ചു. ഡീസലിന്റെ വിലവര്‍ധന കാരണം കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന യന്ത്രോപകരണങ്ങളുടെ വാടക ഉയര്‍ന്നു. കാലം തെറ്റി പെയ്യുന്ന മഴ ഇത്തവണ കൊയ്ത്തിനെ സാരമായി ബാധിച്ചു. സപ്ലൈകോയുടെ നിബന്ധനയനുസരിച്ച് ഉണക്കിക്കൊടുക്കണം. എന്നാല്‍ അതിന്റെ ചെലവും ഭാരിച്ചതായി.
നെല്ല് സംഭരണം ഫലപ്രദമായി നടക്കാത്തതോടെ പാലക്കാട്ടെ കൃഷിക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കടം വാങ്ങി കൃഷിയിറക്കുന്ന കര്‍ഷകരാകട്ടെ രണ്ടാംവിള ഇറക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. ഒന്നാം വിളയ്ക്ക് വെള്ളം കനാല്‍ വഴി വന്നതുമൂലം യഥാസമയം കനാല്‍ വൃത്തിയാക്കാന്‍ സാധിക്കാത്തത് ജലസേചനത്തെയും ബാധിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…