ചങ്ങരംകുളം ഉദിനുപറമ്പില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങള്‍ കത്തിച്ചനിലയില്‍. ഉദിനുപറമ്പ് സ്വദേശി കൊളാടിക്കല്‍ സക്കീറിന്റെ ഇന്നോവ കാര്‍, ഉദിനുപറമ്പ് മുള്ളന്‍കുന്ന് പുത്തന്‍വീട്ടില്‍ നസറുല്‍ ഫഹദിന്റെ ഭാര്യയുടെ പേരിലുള്ള മഹീന്ദ്ര ജീപ്പുമാണ് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് സക്കീറിന്റെ വീട്ടുമുറ്റത്തെ കാര്‍ കത്തുന്നത് അയല്‍വീട്ടുകാര്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും കത്തിനശിച്ചു. തീ ആളിപ്പടര്‍ന്ന് വീടിന്റെ ജനല്‍ചില്ലുകളും പൊട്ടിത്തെറിച്ച് തീ റൂമിലേക്ക് പടര്‍ന്ന് ഫാന്‍, ഇസ്തിരിപ്പെട്ടി എന്നിവക്ക് കേടുപാട് സംഭവിച്ചു. വീടിനു മുന്‍വശത്തെ ഷീറ്റും കത്തിനശിച്ചു. പുലര്‍ച്ചെ ഒന്നേകാലോടെയാണ് നസറുല്‍ ഫഹദിന്റെ വീട്ടിലെ ജീപ്പ് കത്തുന്നത് കണ്ടത്. നാട്ടുകാരെക്കൂട്ടി തീ അണച്ചതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടര്‍ന്നില്ല. സംഭവത്തിനുപിന്നില്‍ വ്യക്തിവിരോധമാണെന്ന് സംശയിക്കുന്നതായും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചങ്ങരംകുളം എസ്‌ഐ പറഞ്ഞു.
Click To Comment