ബത്തേരി :ചേരികള്‍ കെട്ടിമറച്ചാല്‍ ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. കെജിഎന്‍എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
ലോകനേതാക്കള്‍ എത്തുമ്പോള്‍ നാണക്കേട് മറയ്ക്കാന്‍ രാജ്യതലസ്ഥാനത്തെ ചേരികള്‍ മോദി സര്‍ക്കാര്‍ മറയ്ക്കുകയാണ്. പട്ടിണിയകറ്റാന്‍ ഇതല്ല വഴി. കേന്ദ്രനയം രാജ്യത്തെ ഞെരിച്ചുകൊല്ലുന്നതാണ്. പട്ടിണിക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ആഗോള പട്ടിണി സൂചകയില്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും താഴെയാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തെക്കാള്‍ രാജ്യത്ത് ദാരിദ്ര്യം വര്‍ധിച്ചു.
രാജ്യത്തെ പട്ടിണിയകറ്റാനാണ് ഇടതുപക്ഷം മുന്‍കൈയെടുത്ത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. ഇത് ബിജെപി സര്‍ക്കാര്‍ കെട്ടിപ്പൂട്ടുകയാണ്. കഴിഞ്ഞ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ രാജ്യത്തെ 57 ശതമാനം പേര്‍ക്ക് വിളര്‍ച്ചയുള്ളതായി കണ്ടെത്തിയിരുന്നു. ഇത് നാണക്കേടായപ്പോള്‍ പുതിയ സര്‍വേയില്‍ വിളര്‍ച്ച കണ്ടുപിടിക്കേണ്ടെന്ന് തീരുമാനിച്ചു. കേന്ദ്രപദ്ധതികളിലെ അഴിമതി സിഎജി റിപ്പോര്‍ട്ടില്‍ വന്നപ്പോള്‍ ഓഡിറ്റ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍.
കേരളത്തിന്റെ പ്രകാശംകൂടി കെടുത്താനുള്ള ശ്രമങ്ങളാണിപ്പോള്‍. എല്ലാ മുന്നേറ്റങ്ങളും തകിടം മറിക്കണം. അതിന് സാമ്പത്തികമായി ഞെരുക്കുകയാണ്. ശത്രുതാ മനോഭാവത്തോടെയാണ് കേന്ദ്രം കേരളത്തോട് പെരുമാറുന്നത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് കേരളം മുന്നേറുന്നത്. ഇതിന് കരുത്തുപകരണമെന്നും കെ കെ ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025