കൃഷ്ണനോടുള്ള  പ്രണയം യേശുദാസിന്റെ ശബ്ദത്തിലലിഞ്ഞു ചേരുമ്പോള്‍ ആ പാട്ടിനോടാണോ പാട്ടുകാരനോടാണോ പ്രണയമെന്ന് പറയാനാകാതെ കുഴഞ്ഞുപോകും മലയാളി.  കാസറ്റുകാലത്ത് ഏറ്റവുമധികം പേര്‍ വാങ്ങി സൂക്ഷിച്ചിരുന്ന ഒന്നായിരിക്കും തരംഗിണിയുടെ മയില്‍പ്പീലിയെന്നതില്‍ സംശയമില്ല. ഒമ്പത് ഗാനങ്ങളാണ് മയില്‍പ്പീലിയുള്ളത്, ഓരോന്നും ഒന്നിനൊന്ന് മികച്ചത്. റിലീസ് ചെയ്ത ആഴ്ചകള്‍ക്കുള്ളില്‍ മയില്‍പ്പീലിയുടെ ഒരു ലക്ഷത്തിലേറെ കാസറ്റുകള്‍ വിറ്റുപോയിരുന്നു. ഇന്നും നിത്യഹരിതമായി തുടരുന്നൂ ഈ മനോഹര ഗാനങ്ങള്‍.ഭക്തിഗാനങ്ങളാകട്ടെ, ലളിതഗാനങ്ങളാകട്ടെ, തരംഗിണിയുടെ പാട്ടുകളെല്ലാം ചലച്ചിത്ര ഗാനങ്ങളേക്കാള്‍ ജനപ്രിയമാകുന്നതായിരുന്നു 80 കളിലും 90 കളിലും കണ്ടത്. ന്യൂജന്‍ ഗാനങ്ങള്‍ക്കിടയിലും ഇന്നും ഈ പാട്ടുകള്‍ക്കൊരിടമുണ്ട്. ഭക്തി ഗാന രംഗത്ത് പ്രസിദ്ധരായ ജയവിജയന്മാരിലെ ജയന്‍ ഒറ്റയ്ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ ആല്‍ബമായിരുന്നു മയില്‍പ്പീലി. ഇതിലെ ഒമ്പത് പാട്ടുകളുമെഴുതിയത് എസ് രമേശന്‍ നായരാണ്. ഭക്തിഗാനങ്ങള്‍ യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കൊതിക്കുന്ന മലയാളികള്‍ക്ക് അന്ന് മയില്‍പ്പീലി ഒരു സംഗീത വിരുന്നായിരുന്നു.യേശുദാസിന്റെ തരംഗിണിയില്‍ നിന്ന് പുറത്തിറങ്ങി ഹിറ്റായ അനേകം ആല്‍ബങ്ങളില്‍ ഒന്ന് മാത്രമാണ് മയില്‍പ്പീലി. അനേകം പാട്ടുകളുമായി ഒട്ടേറെ ആല്‍ബങ്ങള്‍ തരംഗിണിയിറക്കി. മലയാളലളിതഗാനശാഖയെ സമ്പുഷ്ടമാക്കിയതില്‍ വലിയ പങ്കുണ്ട് തരംഗിണിക്ക്. മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ, നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ… എന്ന് പാടി നടക്കാത്ത മലയാള യുവത്വമുണ്ടായിരുന്നില്ല.ഓണക്കാലമായാല്‍ ഇന്നും ഒന്നാമതാണ് തരംഗിണിയുടെ ഓണപ്പാട്ടുകള്‍.വസന്തഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ മാമാങ്കം പലകുറി കൊണ്ടാടി, നിളയുടെ തീരങ്ങള്‍ നാവായില്‍ എന്ന പാട്ടിന് അന്ന് സിനിമാ ഗാനങ്ങളെക്കാള്‍ സ്വീകാര്യതയായിരുന്നു. ഇന്ന് ഇതൊരു ചലച്ചിത്രഗാനമല്ലെന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് വിശ്വസിക്കാനായെന്ന് വരില്ല.ശ്രീകുമാരന്‍ തമ്പി രചിച്ച് രവീന്ദ്രന്‍ മാസ്റ്റര്‍ മോഹന രാഗത്തില്‍ ചിട്ടപ്പെടുത്തി ദാസേട്ടന്‍ പാടിയ ഉത്സവഗാനങ്ങളിലെ ഗാനങ്ങള്‍ തരംഗിണിയുടെ മാസ്റ്റര്‍ പീസുകളിലൊന്നാണ്. ലളിത ഗാന ശാഖ ഇത്ര ജനപ്രിയമായൊരു കാലം തരംഗിണിക്ക് മുമ്പ് ശേഷവും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.ഗിരീഷ് പുത്തഞ്ചേരിയുടെയും വിദ്യാസാഗറിന്റെയും കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍ ഏറെ ജനപ്രിയമായവയാണ്. 1980 ല്‍ തിരുവനന്തപുരം ആസ്ഥാനമായാണ് തരംഗിണിയുടെ തുടക്കം. അന്ന് ലഭിക്കാവുന്ന ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് തരംഗിണി സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യ റെക്കോര്‍ഡിങ്ങിന്റെ ഉദ്ഘാടനം യേശുദാസിന്റെ അമ്മ എലിസബത്ത് നിര്‍വ്വഹിച്ചു. പിന്നീട് തരംഗിണിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. സിനിമയിലും ലളിത, ഭക്തിഗാനങ്ങളിലുമായി അരലക്ഷത്തോളം ഗാനങ്ങള്‍ തരംഗിണി പുറത്തിറക്കി. ഭൂരിപക്ഷം ഗാനങ്ങളും ആലപിച്ചത് യേശുദാസ് തന്നെയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, കന്നട, തെലുഗു, ബെംഗാളി, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, അറബി, മലായ്, ലാറ്റിന്‍, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും തരംഗിണിയുടെ കാസറ്റുകള്‍ ഇറങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…