മുതുകുളം: വീട്ടില്‍നിന്ന് മോഷണംപോയ മത്സ്യബന്ധനവള്ളത്തിന്റെ എന്‍ജിന്‍ സ്വയം അന്വേഷിച്ച് കണ്ടെത്തി മത്സ്യത്തൊഴിലാളി. ആറാട്ടുപുഴ വലിയഴീക്കല്‍ ചന്ദ്രവിലാസത്തില്‍ ജ്യോതിഷ്‌കുമാറാണ് രണ്ടരവര്‍ഷത്തിനുശേഷം തന്റെ നഷ്ടപ്പെട്ട എന്‍ജിന്‍ കണ്ടെത്തിയത്. 2021 ഓഗസ്റ്റ് അവസാനമാണ് വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന എന്‍ജിന്‍ നഷ്ടപ്പെട്ടത്. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിരുന്നു. നഷ്ടപ്പെട്ട നാള്‍മുതല്‍ എങ്ങനെയും എന്‍ജിന്‍ വീണ്ടെടുക്കണമെന്ന വാശിയിലായിരുന്നു ജ്യോതിഷ്‌കുമാര്‍. അന്നുമുതല്‍ തീരത്തുനിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ മോഷണംപോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിക്കുമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെ വട്ടച്ചാല്‍ ഭാഗത്തുനിന്ന് അഞ്ച് എന്‍ജിനുകള്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. ഈ മോഷണങ്ങളില്‍ ഒരു യുവാവിനെ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. പോലീസ് നിരീക്ഷിച്ചുവന്ന ഈ യുവാവ് ഒളിവില്‍പ്പോയതായാണ് വിവരം. ഈ യുവാവ് രണ്ടരവര്‍ഷം മുന്‍പ് ഒരു എന്‍ജിന്‍ അയല്‍വാസിക്ക് വിറ്റിരുന്നതായി ജ്യോതിഷ്‌കുമാര്‍ അറിഞ്ഞു. ഇതുവാങ്ങിയ രാമഞ്ചേരി സ്വദേശിയെ അന്വേഷിച്ചെത്തിയപ്പോള്‍ എന്‍ജിന്‍ വര്‍ക്ഷോപ്പിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വാങ്ങിയയാളെ തിരഞ്ഞ് കണ്ടുപിടിച്ചു. എന്‍ജിന്‍ വാങ്ങാനെന്നു പറഞ്ഞാണ് സമീപിച്ചത്. എന്‍ജിന്‍ വീട്ടില്‍ത്തന്നെയുണ്ടെന്ന് ഇയാളില്‍നിന്ന് മനസ്സിലാക്കി. പോലീസിനെയും കൂട്ടിവരണോയെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ എന്‍ജിന്‍ കാണിക്കാന്‍ തയ്യാറായി. പുറത്തുള്ള എന്‍ജിന്‍ നമ്പര്‍ മായ്ച്ചിരുന്നു. എന്നാല്‍, കവചത്തിനുള്ളില്‍ ഒരു നാണയത്തിന്റെ വലുപ്പത്തില്‍ എന്‍ജിന്‍ നമ്പര്‍ പതിച്ചിരുന്നത് മായ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ജിന്‍ വാങ്ങിയ ബില്ലുമായി ഒത്തുനോക്കി തന്റെ നഷ്ടപ്പെട്ട എന്‍ജിന്‍ തന്നെയെന്ന് ഉറപ്പാക്കിയശേഷം വിവരം പോലീസിനെ അറിയിച്ചു. തൃക്കുന്നപ്പുഴ പോലീസെത്തി എന്‍ജിന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആശ സമരം: കമ്മീഷനെ വെക്കാമെന്ന് സര്‍ക്കാര്‍, യോജിച്ച് ട്രേഡ് യൂണിയനുകള്‍; എതിര്‍ത്ത് സമരക്കാര്‍, നാളെയും ചര്‍ച്ച

    ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തി…