ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ചൈനയാണ് ഒന്നാമത്. 8.3 കോടി രോഗികള്‍ ചൈനയിലുണ്ട്.
കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗം മരണത്തിനുവരെ കാരണമായേക്കാം. 2022-ലെ കണക്കുപ്രകാരം ആഗോളതലത്തില്‍ 25.4 കോടിപേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് ബി. ബാധയുള്ളത്. അഞ്ചുകോടി ഹെപ്പറ്റൈറ്റിസ് സി. ബാധിതരുമുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, സി

വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാം. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചില രോഗികളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് , ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ നിമിത്തമാവുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങളും ചികിത്സയും

മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടതുമാണ്.ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ക്ക് ഫലപ്രദമായ ആന്റി വൈറല്‍ ചികിത്സ ഇന്നു ലഭ്യമാണ്. ചികിത്സ കൃത്യസമയത്തു സ്വീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കുന്നതിനും സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് തടയുന്നതിനും കഴിയും.

ബി, സി വിഭാഗം ഹെപ്പറ്റൈറ്റിസ് തടയാന്‍

രക്തം സ്വീകരിക്കുമ്‌ബോഴും രക്തംദാനം ചെയ്യുമ്‌ബോഴും ജാഗ്രത പാലിക്കുക.
ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിക്കുക.
ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് തുടങ്ങിയവ പങ്കുവെക്കാതിരിക്കുക. ലൈംഗികാര്യങ്ങില്‍ സുരക്ഷിതത്വം പാലിക്കുക.
ഒരേ സൂചികൊണ്ട് മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍, ടാറ്റുചെയ്യുന്നവര്‍ എന്നിവര്‍ക്ക് രോഗം പകര്‍ന്നുകിട്ടാനുള്ള സാധ്യതകൂടുതലാണ്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.
എല്ലാ ഗര്‍ഭിണികള്‍കള്‍ക്കും HBSAgസ്‌ക്രീനിങ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…