ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓപ്പറേഷന്‍ താമര ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടന്നെന്ന് സിദ്ധരാമയ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഒരു വര്‍ഷത്തോളമായി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എമാര്‍ക്ക് 50 കോടി രൂപ വരെ വാഗ്ദാനം ചെയ്തു’. സിദ്ധരാമയ്യ ആരോപിച്ചു. ഒരു എംഎല്‍എ പോലും കര്‍ണാടകയില്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി, ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി സംഭവിച്ചാലും കര്‍ണാടകയിലെ സര്‍ക്കാര്‍ വീഴില്ലെന്ന് വ്യക്തമാക്കി. സിദ്ധരാമയ്യയുടെ ഗുരുതര ആരോപണത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ഈ തെരഞ്ഞെടുപ്പിലും മുന്നോട്ടുവച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം കോണ്‍ഗ്രസ് നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക് ജോലി, ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ തുടങ്ങിയവ പ്രകടനപത്രികയിലെ ചില വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്യുന്നത് നടപ്പിലാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കര്‍ണാടകയില്‍ ഇതിനോടകം അത് തെളിയിച്ചുകഴിഞ്ഞതാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പോളിങ് കുറഞ്ഞതില്‍ മുന്നണികള്‍ക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് 7 ശതമാനം കുറവ്

കേരളം വിധിയെഴുതി കഴിഞ്ഞപ്പോള്‍ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍. പോളിങ് ശതമാനം കുറഞ്ഞതാണ…