
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദമാകുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. അതിനിടെ നീറ്റ് വിവാദത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് എബിവിപിയും. എന്‍ടിഎ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് തന്നെ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിലൂടെ 24 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകര്‍ത്തു എന്നാണ് സോഷ്യല്‍ മീഡിയയില്‍ രാഹുലിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കും. ഒരു പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മാര്‍ക്കോടെ ഒന്നാമതെത്തി. സാങ്കേതികമായി സാധ്യമല്ലാത്ത മാര്‍ക്ക് പലര്‍ക്കും ലഭിച്ചു. എന്നാല്‍ പേപ്പര്‍ ചോര്‍ച്ചയുടെ സാധ്യത സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കുന്നുവെന്ന് രാഹുല്‍ വിമര്‍ശിച്ചു. മാഫിയയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ ‘ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യവസായം’ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. നിയമ നിര്‍മാണത്തിലൂടെ ഈ പേപ്പര്‍ ചോര്‍ച്ചയെ മറികടക്കും. തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കാത്ത ഇന്ത്യ സഖ്യത്തില്‍ യുവാക്കള്‍ വിശ്വാസം അര്‍പ്പിച്ചെന്നും രാഹുല്‍ കുറിച്ചു.നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നിയുക്ത ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് പരാമര്‍ശം. പ്രവേശന പരീക്ഷാ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ എംപിമാരുടെ യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയം പാസാക്കി. നീറ്റ് പരീക്ഷയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.അതിനിടെ നീറ്റ്-യുജി മെഡിക്കല്‍ പ്രവേശന പരീക്ഷാ ക്രമക്കേട് ആരോപണത്തിനിടെ 1,500-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് അവലോകനം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രാലയം നാലംഗ പാനല്‍ രൂപീകരിച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.