‘പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയും, അതാണ് രീതി’; പ്രതികരണവുമായി പിപി ദിവ്യ
ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന വാര്‍ത്ത തള്ളി പിപി ദിവ്യ. മാധ്യമങ്ങളില്‍ തന്റെ പ്രതികരണമെന്ന നിലയില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്നും അത്തരം പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ തനിക്ക് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതിയെന്നും അത് തുടരുമെന്നും വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പിപി ദിവ്യ പറയുന്നു.
പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ
എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല. മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല . ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
അതേസമയം, എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് പിപി ദിവ്യ പറഞ്ഞു. താന്‍ മാധ്യമവേട്ടയ്ക്ക് ഇരയായി. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങളുണ്ടായി. എന്നാല്‍ സത്യം തെളിയുന്നതുവരെ പോരാട്ടം തുടരുമെന്നും പി പി ദിവ്യ ട്വന്റി ഫോറിനോട് പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും. എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും ദിവ്യ പ്രതികരിച്ചിരുന്നു.

എന്നാല്‍ പി പി ദിവ്യക്കെതിരായ നടപടി നേതൃത്വം ആലോചിച്ചെടുത്തതാണെന്ന് എ വിജയരാഘവന്‍ വ്യക്തമാക്കി. നടപടി പാര്‍ട്ടിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം മാനിച്ചാണ്. പാര്‍ട്ടി ആരോടും നീതികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തലശ്ശേരി സെഷന്‍സ് കോടതി പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ നേതാക്കള്‍ ദിവ്യയെ കണ്ട് പാര്‍ട്ടി നടപടിയെ കുറിച്ച് വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും

കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിഇന്നാണ്…