ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ തുടര്‍ച്ചയായി തള്ളിക്കളഞ്ഞവര്‍ പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആരോഗ്യകരമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളാല്‍ തുടര്‍ച്ചയായി തിരസ്‌കരിക്കപ്പെട്ട ചിലര്‍ ഗുണ്ടായിസത്തിലൂടെ പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ അവരുടെ എല്ലാ പ്രവൃത്തികളും ശ്രദ്ധിക്കുന്നുണ്ട്.’- മോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത്തവണത്തെ സമ്മേളനത്തിന് ഏറെ പ്രത്യേകതയുണ്ട്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിനിടയിലാണ് സമ്മേളനം നടക്കുന്നത്. നമ്മുടെ ഭരണഘടനയുടെ പ്രധാന ഭാഗങ്ങള്‍ പാര്‍ലമെന്റും എംപിമാരുമാണ്. പാര്‍ലമെന്റില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കണം.’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുന്നത്. ഇതിനിടെ സര്‍ക്കാര്‍ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്. വഖഫ് ഭേദഗതി ബില്ലും ദുരന്തനിവാരണ (ഭേദഗതി) ബില്ലും അടക്കം പതിനാറ് ബില്ല് ഇത്തവണ സഭയില്‍ അവതരിപ്പിച്ചേക്കും.
അതേസമയം, ഭരണഘടന അംഗീകാരം നല്‍കിയ പഴയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നാളെ ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംസ്‌കൃതം-മൈഥിലി ഭാഷകളിലെ ഭരണഘടനയും സ്റ്റാമ്പും നാണയവും പുറത്തിറക്കും. സുപ്രീംകോടതി വളപ്പിലും ആഘോഷം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…