വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബങ്ങള്‍. തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരിലെ കുടിലുകള്‍ ഞായറാഴ്ചയാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. റോഡരികില്‍ പുതിയ കുടിലുകള്‍ നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പിന്മേലാണ് കുടിലുകള്‍ പൊളിച്ച് മാറ്റിയത്. സംഭവത്തില്‍ വനംവകുപ്പ് വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.
കുടിലുകള്‍ പൊളിച്ചതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും പാകംചെയ്തുകൊണ്ടിരുന്ന ഭക്ഷണം പോലും മറിച്ച് കളഞ്ഞാണ് തങ്ങളുടെ പാര്‍പ്പിടം തകര്‍ത്തതെന്നും പ്രദേശവാസികള്‍ പറയുന്നു. പാചകം ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടിണിയിലാണെന്നും പ്രദേശവാസി പ്രതികരിച്ചു.
ഇവിടെ താമസിക്കുന്നവര്‍ക്ക് മറ്റൊരിടത്ത് ഭൂമിയുണ്ട്. അവിടെ പഞ്ചായത്ത് വീടുകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടെങ്കിലും കരാറുകാര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ അവിടേക്ക് മാറി താമസിക്കാന്‍ കഴിഞ്ഞില്ല. മറ്റ് കുടുംബങ്ങള്‍ വീടുകളിലേക്ക് മാറിയെങ്കിലും മൂന്ന് കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡ്ഡില്‍ താമസിച്ചുവരികയായിരുന്നു. കൃത്യമായി പകരം സംവിധാനം ഒരുക്കി മാറ്റുന്നതിന് പകരമാണ് വനംവകുപ്പിന്റെ ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/11/2025