തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകന്‍ മിഥുന്‍ മുല്ലശ്ശേരിയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. മധുവിനെ സിപിഎം ഇന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളില്‍ മധുവിനെതിരെ ജില്ലാ സെക്രട്ടറി നിയമനടപടി സ്വീകരിക്കും. ജില്ലാ സമ്മേളനത്തിലേക്ക് കടക്കും മുന്‍പ് തലസ്ഥാന ജില്ലയിലും കലങ്ങിമറിയുകയാണ് വിഭാഗീയത. മംഗലപുരം ഏരിയ സമ്മേളനങ്ങള്‍ക്കിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. മധു കോണ്‍ഗ്രസ്സിലേക്കോ ബിജെപിയിലേക്കോ എന്നായിരുന്നു ആകാംഷ. ഒടുവില്‍ ബിജെപിയില്‍ ചേരാന്‍ ധാരണയായി. വി മുരളീധരന്‍, സുരേഷ് ഗോപി അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി മധുവുമായി ചര്‍ച്ച നടത്തി. മധു പോയാല്‍ മകന്‍ പോലും കൂടെയുണ്ടാകില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്. എന്നാല്‍ മകനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ശ്യാമും മകള്‍ മാതുവും ഒപ്പമുണ്ടാകുമെന്ന് മധു തിരിച്ചടിച്ചു. പിന്നാലെ പാര്‍ട്ടിയെ വെല്ലുവിളിച്ച മധുവിനെ സിപിഎം പുറത്താക്കി. ബിജെപിയുമായി മധു ചില നീക്കുപോക്കുകള്‍ നേരത്തെ ഉണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംഘടനയുടെ പൊതു രീതിയല്ല മധുവിന് ഉണ്ടായിരുന്നതെന്ന് മനസിലാക്കാന്‍ വൈകിയെന്നെ വിചിത്രവാദം കൂടി ഉന്നയിച്ചാണ് നടപടി.സംഘടനാവാഴ്ചകള്‍ സംബന്ധിച്ചും സാമ്പത്തിക തിരിമറികളെ കുറിച്ചും തലസ്ഥാന ജില്ലയിലെ പലമേഖലകളില്‍ നിന്നും പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതികളെത്തുന്നുണ്ട്. സര്‍വ്വീസ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളില്‍ തുടങ്ങി പാര്‍ട്ടി ഫണ്ട് വിനിയോഗത്തിലെ വീഴ്ചകളില്‍ വരെയുള്ള പരാതികളില്‍ സമയത്ത് ഇടപെടുന്നില്ലെന്ന പൊതുവിമര്‍ശനം മംഗലപുരത്തെ പൊട്ടിത്തെറിക്ക് പിന്നാലെ സജീവമായി ഉയരുന്നുണ്ട്. ഇനിയും പൂര്‍ത്തിയാക്കാനുള്ള ഏരിയ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനത്തിലുമെല്ലാം ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടേറും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…