ന്യൂഡല്‍ഹി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്ററായി കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണനെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ക്ഷേത്ര ഭരണസമിതിയിലേക്ക് നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അഡ്മിനിസ്ട്രേറ്ററോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ക്ഷേത്ര ഭരണത്തിനുള്ള ബൈലോ അനുസരിച്ചായിരിക്കണം തിരഞ്ഞെടുപ്പെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ക്ഷേത്രഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പടെ നടത്താന്‍ രണ്ട് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റര്‍ക്ക് നിയമിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതില്‍ ഒരാള്‍ ജില്ലാ ജഡ്ജി കേഡറില്‍ പെട്ട വ്യക്തിയായിരിക്കണം. രണ്ടാമത്തെ ആള്‍ നിയമമേഖലയില്‍ നിന്നുള്ള വ്യക്തിയായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണസമിതി തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് നീക്കാന്‍ വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവരും അഡ്മിനിസ്ട്രേറ്ററോട് സഹകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഭരണസമിതിയുടെ കാലാവധി 2022 മേയില്‍ അവസാനിച്ചിരുന്നു. എന്നാല്‍, ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ സമിതി തുടരുകയായിരുന്നു. ഇതിനിടെ കേരള ഹൈക്കോടതി ക്ഷേത്ര ഭരണത്തിന് ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ളയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ പഴയ ഭരണസമിതി വീണ്ടും അധികാരമേറ്റെടുത്തു. ഈ ഭരണസമിതിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ഉടന്‍ ചുമതല പുതിയ അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ക്ഷേത്രത്തിന്റെ നിലവിലെ ഭരണസമിതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കോളിന്‍ ഗോണ്‍സാല്‍വസ്, തോമസ് പി. ജോസഫ്, അഭിഭാഷകന്‍ നൂര്‍ മുഹമ്മദ് എന്നിവര്‍ ഹാജരായി. ക്ഷേത്രത്തിന്റെ സ്ഥാനികള്‍ക്ക് വേണ്ടി അഭിഭാഷകരായ എം.എസ്. വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവര്‍ ഹാജരായി. നിലവിലെ ഭരണസമിതിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകന്‍ അതുല്‍ ശങ്കര്‍ വിനോദ് എന്നിവര്‍ ഹാജരായി
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…