ചെന്നൈ: നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി വിഷയത്തിലെ നടന്‍ ധനുഷിന്റെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ജനുവരി എട്ടിന് വാദം കേള്‍ക്കും. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ജനുവരി എട്ടിനകം ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്നും കോടതി അറിയിച്ചു. നയന്‍താര, ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവരോടും മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിയിച്ച ഒന്നാണ് നടനും നിര്‍മാതാവുമായ ധനുഷും നടി നയന്‍താരയും തമ്മിലുള്ള തര്‍ക്കം. ‘ബിയോണ്ട് ദി ഫെയറിടെയില്‍’ എന്ന ഡോക്യുമെന്ററിക്കായി ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് എന്‍ഒസി നല്‍കാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയന്‍താര രംഗത്തെത്തിയിരുന്നു. ഇതോടെ കോളിവുഡില്‍ ഇത് വലിയ വിവാദത്തിന് കാരണമായി. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്‌ലിക്‌സില്‍ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച സിനിമയിലെ ഭാഗം ക്രൂ അംഗമായ ഒരാള്‍ ചിത്രീകരിച്ച പിന്നാമ്പുറ രംഗമാണെന്നുമാണ് നയന്‍താരയുടെ വാദം. പിന്നാമ്പുറ രംഗങ്ങള്‍ കരാറിന്റെ ഭാഗമല്ല, അതിനാല്‍ അത് ഔദ്യോഗിക ഫൂട്ടേജ് ആണെന്ന് പറയാനാവില്ല. ധനുഷ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതും നടന്‍ പരിധി വിടുകയായിരുന്നു. അത് അനീതിയാണെന്ന് തോന്നിയതിനാലാണ് നടനെതിരെ തുറന്ന കത്തെഴുതിയതെന്നും നയന്‍താര അടുത്തിടെ പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Click To Comment