ഫ്ളോറിഡ: പാനമ കനാല്‍ ഉപയോഗിക്കുന്നതിന് പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ യുഎസ് സഖ്യകക്ഷിയോട് കനാല്‍ കൈമാറാന്‍ ആവശ്യപ്പെടുമെന്നും അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനാലിന്റെ അധികാരം ‘തെറ്റായ കൈകളിലേക്കെ’ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ അവഗണിക്കില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
‘പാനമ ഇതതരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്. പ്രത്യേകിച്ച് അമേരിക്ക പാനമയ്ക്ക് നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടികൊടുത്തത്. അമേരിക്കയും പാനമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമാണത്. ഈ മഹത്തായ ദാനത്തിന്റെ ധാര്‍മികവും നിയമപരവുമായ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ പാനമ കനാല്‍ പൂര്‍ണമായും തിരിച്ചു നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും.’-ട്രംപ് വ്യക്തമാക്കുന്നു. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനയോട് വാഷിങ്ടണിലെ പാനമ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഗോള വിപണിയുടെ നല്ലൊരു ശതമാനം വ്യാപാരവും നടക്കുന്നത് പസിഫിക്കിനേയും അറ്റ്ലാന്റിക് സമുദ്രങ്ങളേയും ബന്ധിപ്പിക്കുന്ന പാനമ കനാലിലൂടെയാണ്. ഇതുവഴി അറ്റ്ലാന്റിക്കില്‍നിന്ന് പസിഫിക്ക് സമുദ്രത്തിലേക്കെത്താന്‍ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരേയാണ് എടുക്കുക. 1904-ല്‍ നിര്‍മാണം പൂര്‍ത്തിയായ 82 കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍ 1999-ലാണ് അമേരിക്ക പാനമയ്ക്ക് കൈമാറുന്നത്. 1977-ലെ ടോറിയോസ്-കാര്‍ട്ടര്‍ ഉടമ്പടി പ്രകാരം അതുവരെ അമേരിക്കയുടെ പൂര്‍ണ അധികാരത്തിലായിരുന്നു കനാല്‍. കിഴക്കന്‍ ഏഷ്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വ്യാപാരത്തിന്റെ 40 ശതമാനം ഈ വഴിയാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025