ലക്കിടി ചുരം മുതല്‍ കുറുമ്പാല കോട്ടവരെ, വയനാട്ടിലെ 5 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
താമരശ്ശേരി ചുരത്തിന്റെ ഒമ്പത് ഹെയര്‍പിന്‍ വളവുകളും പിന്നിട്ട് എത്തുന്നത് ചുരം വ്യൂ പോയിന്റിലേക്കാണ്. മലനിരകളുടെയും താഴ്?വാരത്തിന്റെയും മനോഹരമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ വാനരസേനയും എത്തും. സഞ്ചാരികള്‍ പ്രധാനമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് പ്ലാസ്റ്റിക്, വെള്ളക്കുപ്പികള്‍ തുടങ്ങി മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള സ്ഥലമല്ല ചുരവും വ്യൂ പോയിന്റും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും. നിങ്ങളുടെ വീടിനു മുന്നിലേക്ക് ഒരാള്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്ത് തോന്നും. ആ തോന്നല്‍ തന്നെയാണ് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഒരുങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സിലും ഉണ്ടാകേണ്ടത്. അതുകൊണ്ട് വീട്ടിലെ മാലിന്യങ്ങള്‍ വീട്ടിലും യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഉചിതമായ സ്ഥലത്തും സംസ്‌കരിക്കാന്‍ ശീലിക്കുക. വളര്‍ന്നുവരുന്ന കുട്ടികളെയും ഇക്കാര്യം പരിശീലിപ്പിക്കുക. എന്നാല്‍, താമരശ്ശേരി ചുരം കയറി നമുക്ക് വയനാട് ഒന്ന് കറങ്ങിവരാം.
എടക്കല്‍, ചിങ്ങേരി മല, കാരാപ്പുഴ ഡാം, നെല്ലാറച്ചാല്‍. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
എന്‍ ഊര്, പൂക്കോട് തടാകം – വൈത്തിരി
താമരശ്ശേരി ചുരം കയറിച്ചെന്നാല്‍ ലക്കിടികുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ആദിവാസി പൈതൃക ഗ്രാമമാണ് എന്‍ ഊര്. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ഊര്‍ജ്ജസ്വലമായ പാരമ്പര്യവും സംസ്‌കാരവും ആണ് എന്‍ ഊര് എന്ന ഗ്രാമം സഞ്ചാരികളുമായി പങ്കുവയ്ക്കുന്നത്. കുന്നിന്‍മുകളില്‍ വൈക്കോല്‍ കൊണ്ട് മേഞ്ഞ പരമ്പരാഗത ആദിവാസി കുടിലുകളാണ് പ്രധാന ആകര്‍ഷണം. 25 ഏക്കറോളം പരന്നു കിടക്കുന്ന ഇവിടം ആദിവാസികളുടെ ജീവിതരീതിയെയും പാരമ്പര്യത്തെയും കുറിച്ച് മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കുന്നു. ആദിവാസി കരകൗശലത്തൊഴിലാളികളുടെ സുവനീറുകള്‍, സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍, കരകൗശലവസ്തുക്കള്‍ ശേഖരിക്കുന്നതിനുള്ള സംഭരണശാല, ഫെലിസിറ്റേഷന്‍ സെന്റര്‍, 300 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കാട്ടിക്കുളത്തില്‍ നിന്നും പോകാം തിരുനെല്ലി ക്ഷേത്രം, തോല്‍പ്പെട്ടി വന്യജീവി സങ്കേതം, കുറുവ ദ്വീപ്, പഴശി കുടീരം.
എന്‍ ഊര് സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ നേരെ പൂക്കോട് തടാകത്തിലേക്ക് പോകാം. തടാകത്തിന് ചുറ്റുമുള്ള ഇടതൂര്‍ന്ന വനവും നടപ്പാതയും സഞ്ചാരികളെ ആകര്‍ഷിക്കും. സമുദ്രനിരപ്പില്‍ നിന്ന് 2100 അടി ഉയരത്തിലാണ് തടാകത്തിന്റെ സ്ഥാനം. പെഡല്‍ ബോട്ടുകളില്‍ തടാകം ചുറ്റിക്കറങ്ങി വരാം. കൂടാതെ, തടാകത്തെ ചുറ്റി കിടക്കുന്ന നടപ്പാതയിലൂടെ ഒന്ന് നടന്നു വരികയോ അല്ലെങ്കില്‍ ഒരു സൈക്കിള്‍ സവാരി നടത്തുകയോ ചെയ്യാം.
ചില്ലുപാലത്തിലൂടെ നടക്കാന്‍ 900 കണ്ടി, ചെമ്പ്ര മല, കാന്തന്‍പാറ വെള്ളച്ചാട്ടം
കര്‍ലാട് തടാകം പടിഞ്ഞാറത്തറ
പൂക്കോട് തടാകത്തിന്റെ അത്ര വലിപ്പമില്ലെങ്കിലും സാഹസിക സഞ്ചാരികളെ കാത്തിരിക്കുന്ന തടാകമാണ് പടിഞ്ഞാറത്തറയിലുള്ള കര്‍ലാട് തടാകം. 2016 മാര്‍ച്ചിലാണ് കര്‍ലാട് തടാകം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. സമുദ്രനിരപ്പില്‍ നിന്ന് 1,200 മീറ്റര്‍ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ പ്രവേശന സമയം രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ്. ബോട്ടിങ്ങാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. കയാക്കിങ്, സിപ് ലൈന്‍, റോക്ക് ക്ലൈംപിങ്, ബോട്ടിങ്, നേചര്‍ വാക്ക്, ബാംബൂ റാഫ്റ്റിങ് എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. കുട്ടികള്‍ക്കായി ഒരു പാര്‍ക്കും അടുത്തു തന്നെയുണ്ട്.
ബത്തേരിയില്‍ നിന്ന് ജൈന ക്ഷേത്രത്തിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം, 15 കിലോമീറ്റര്‍ ദൂരത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതം
ബാണാസുര സാഗര്‍ ഡാം പടിഞ്ഞാറത്തറ
മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്ക് ജലം എത്തിക്കുന്നത് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നാണ്. നിരവധി വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് ഇവിടം. പച്ചപ്പാര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നത് ഇതിന്റെ ഭംഗി കൂട്ടുന്നു. ബോട്ടിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടേക്ക് ധൈര്യമായി പോരാം. സാധാരണ ബോട്ട് യാത്ര കൂടാതെ സ്പീഡ് ബോട്ട് യാത്രയും ഇവിടുണ്ട്. ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ബാണാസുര അണക്കെട്ട്. അണക്കെട്ടിനടുത്തുള്ള മനോഹരമായ മലകളിലേക്ക് ഇവിടെ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.
വയനാട്ടിലെ 20 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒറ്റനോട്ടത്തില്‍
കുറുമ്പാലകോട്ട മല
കുറുമ്പപാലകന്‍ എന്ന രാജാവിന്റെ കോട്ടയായതിനാലാണ് കുറുമ്പാല കോട്ട എന്ന പേരു വന്നതെന്നാണ് ഐതിഹ്യം. എന്നാല്‍ കുറിയ പാലയുള്ള മലയായതിനാലാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നുണ്ട്. വയനാട്ടിലെ മറ്റ് മലകളെ അപേക്ഷിച്ച് ഉയരം കുറവായതിനാല്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ഒന്നരകിലോമീറ്ററോളം കുത്തനെയുള്ള കയറ്റം കയറിയാണ് മലമുകളിലേക്ക് എത്തേണ്ടത്. റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമിയായതിനാല്‍ ടിക്കറ്റോ മറ്റ് പ്രവേശന നിയന്ത്രണങ്ങളോ ഇല്ല. നേരത്തെ ആളുകള്‍ രാത്രിയില്‍ ഇവിടെത്തി ടെന്റ് അടിച്ച് താമസിക്കുമായിരുന്നു. എന്നാല്‍, ടെന്റ് അടിക്കുന്നതിന് ഇപ്പോള്‍ ഇവിടെ അനുമതിയില്ല. കല്‍പറ്റയില്‍ നിന്ന് കമ്പളക്കാട് വഴി കുറുമ്പാലകോട്ടയിലേക്ക് പോകുന്നതാണ് എളുപ്പം.
പഴശി കുടീരം, മാനന്തവാടി
കേരളത്തിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന കേരള വര്‍മ പഴശ്ശി രാജയുടെ ശവകുടീരമാണ് പഴശ്ശി കുടീരം. ഓരോ ദിവസവും നിരവധി ആളുകളാണ് വീര പഴശ്ശിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പഴശ്ശി കുടീരത്തിലേക്ക് എത്തുന്നത്. മാനന്തവാടിയില്‍ കബനി നദിയുടെ തീരത്താണ് പഴശ്ശി കുടീരം. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്ന സ്ഥലത്താണ് പഴശ്ശി കുടീരം നിര്‍മിച്ചിരിക്കുന്നത്. 1996ല്‍ പഴശ്ശി കുടീരം മ്യൂസിയമാക്കി മാറ്റി. ഇന്ന് നിരവധി ചരിത്രകാരന്‍മാരും ഗവേഷകരും വിദ്യാര്‍ത്ഥികളുമാണ് ഇവിടേക്ക് എത്തുന്നത്. പഴശ്ശിയുടെ വാളും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും മ്യൂസിയത്തിലുണ്ട്. സ്മാരകം കൈകാര്യം ചെയ്യുന്നത് കേരള സംസ്ഥാന പുരാവസ്തു വകുപ്പാണ്.
പഴശ്ശിയുടെ ശവകുടീരം
മുനീശ്വരന്‍ മല തലപ്പുഴ, മാനന്തവാടി
ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന തലപ്പുഴയ്ക്ക് സമീപമുള്ള ഒരു പ്രദേശമാണ് മുനീശ്വരന്‍ മല. മുനീശ്വരന്‍ മലയില്‍ ട്രക്കിംഗ് നടത്താനായി നിരവധി സഞ്ചാരികളാണ് ഓരോ ദിവസവും എത്താറുള്ളത്. കുന്നിന്‍ മുകളിലാണ് മുനിശ്വരന്‍ ക്ഷേത്രം ഉള്ളത്. ഇതില്‍ നിന്നാണ് കുന്നിന് മുനീശ്വരന്‍ കുന്ന് എന്ന പേര് ലഭിച്ചത്. മലമുകളിലേക്ക് ട്രക്കിംഗ് നടത്തുന്നവരെ കാത്തിരിക്കുന്നത് കുന്നിന്‍ മുകളില്‍ നിന്നുള്ള മനോഹരമായ കാഴ്ചകളാണ്. സാഹസിക വിനോദസഞ്ചാരം ആഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്നും 960 അടിയോളം ഉയരമുണ്ട് മുനീശ്വരന്‍ കുന്നിന്. വയനാടിന്റെ വാഗമണ്‍ എന്നറിയപ്പെടുന്ന ഇവിടേക്ക് കുന്ന് കയറിയെത്തുമ്പോള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് പച്ചപ്പുല്‍മേടാണ്. ബ്രഹ്‌മഗിരി പര്‍വതനിരയുടെ ഭാഗമാണ് മുനീശ്വരന്‍ കുന്ന്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് മുനീശ്വരന്‍ കുന്നിലേക്കുള്ള പ്രവേശനം.
തോല്‍പ്പെട്ടി വന്യജീവി സങ്കേതം, മാനന്തവാടി
വന്യമൃഗങ്ങളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം. കുടക് റോഡില്‍ മാനന്തവാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതം. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം.
കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങള്‍ക്ക് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
സംസ്ഥാനത്ത് പെരിയാര്‍ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമാണ് തോല്‍പ്പെട്ടി. മറ്റൊന്ന് മുത്തങ്ങയാണ്. വയനാട് വന്യജീവി സങ്കേതം സ്ഥാപിതമായത് 1973ലാണ്. ഏകദേശം 345 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
തിരുനെല്ലി ക്ഷേത്രം, മാനന്തവാടി
പരമ്പരാഗത കേരളീയ വാസ്തുവിദ്യയില്‍ പണി കഴിപ്പിച്ച തിരുനെല്ലി ക്ഷേത്രം കമ്പമല, കരിമല, വരാഡിഗ കൊടുമുടി എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ക്ഷേത്രമാണ്. ബ്രഹ്‌മഗിരി ക്ഷേത്രം എന്നും സഹ്യമലക്ഷേത്രം എന്നും ഇതിന് പേരുണ്ട്. ഈ തീര്‍ത്ഥാടന കേന്ദ്രം മരിച്ചു പോയവരുടെ ആത്മശാന്തിക്കായി ബലിപൂജകള്‍ നടത്തുന്നതിന് പ്രസിദ്ധമാണ്. ഭഗവാന്‍ വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 30 കരിങ്കല്‍ തൂണുകളിലാണ് ക്ഷേത്രം താങ്ങിനില്‍ക്കുന്നത്. ക്ഷേത്രത്തിന്റെ തറയില്‍ വലിയ കരിങ്കല്‍ പാളികള്‍ പാകിയിട്ടുണ്ട്. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പക്ഷിപ്പാതാളം ഇവിടെ നിന്നും ഏഴു കിലോമീറ്റര്‍ അകലെയാണ്.
തിരുനെല്ലി ക്ഷേത്രം
കുറുവ ദ്വീപ്, മാനന്തവാടി
വയനാട് ജില്ലയില്‍ കബനി നദിയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ ചങ്ങാടങ്ങളില്‍ പുഴയിലൂടെ ഒരു യാത്രയാണ് കുറുവ ദ്വീപിലെ പ്രധാന ആകര്‍ഷണം. ഏകദേശം എട്ടുമാസത്തെ അടച്ചിടലിന് ശേഷമാണ് കുറുവ ദ്വീപ് സഞ്ചാരികള്‍ക്കായ ഇന്ന് തുറന്നത്. കുറുവ ദ്വീപിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് കാടും ദ്വീപും ആസ്വദിക്കാം. ചങ്ങാടത്തില്‍ കബനി നദി മുറിച്ചു കടക്കാം. പാക്കം വഴി വനം വകുപ്പ് 200 പേര്‍ക്കും മാനന്തവാടി പാല്‍വെളിച്ചം വഴി കെ റ്റി ടി സി 200 പേര്‍ക്കും പ്രവേശനം നല്‍കും.
മാനന്തവാടി പഴശി പാര്‍ക്ക്.
പഴശി പാര്‍ക്ക് പുല്‍പ്പള്ളി മാവിലാം തോട്
വീര കേരള വര്‍മ പഴശ്ശിരാജ വീരചരമം പ്രാപിച്ച പുല്‍പ്പള്ളി വണ്ടിക്കടവ് മാവിലാം തോട്ടിലാണ് പഴശ്ശിരാജ മ്യൂസിയം. 15 അടി ഉയരമുള്ള പഴശ്ശിരാജാവിന്റെ പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്ക് കളിക്കുന്നതിനായി വൈവിധ്യമാര്‍ന്ന സൌകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പൂന്തോട്ടത്തിന് നടുവിലായി നിലകൊള്ളുന്ന ഓപ്പണ്‍ ആര്‍ട്ട് ഗാലറിയാണ് പഴശ്ശി ലാന്‍ഡ് സ്‌കേപ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 1805 നവംബര്‍ 30ന് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തെ തുടര്‍ന്ന് പഴശ്ശിരാജ ജീവത്യാഗം ചെയ്ത സ്ഥലം കൂടിയാണ് മാവിലാംതോട്. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പ്രവേശന നിരക്ക് മുതിര്‍ന്നവര്‍ക്ക് 30 രൂപയാണ്. കുട്ടികള്‍ 20 രൂപയും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 15 രൂപയുമാണ്. ടോയിലറ്റ്, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
മുത്തങ്ങ വന്യജീവി സങ്കേതം
സംസ്ഥാനത്ത് പെരിയാര്‍ വന്യജീവി സങ്കേതം കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വന്യജീവി സങ്കേതമായ വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗങ്ങളാണ് മുത്തങ്ങയും തോല്‍പ്പെട്ടിയും. കര്‍ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്നാട്ടിലെ മുതുമലൈ വനമേഖലയുമായും മുത്തങ്ങ ബന്ധപ്പെട്ടു കിടക്കുന്നു. നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം ‘പ്രോജക്ട് എലിഫന്റി’ന്റെ ഭാഗം കൂടിയാണ്. കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. കാട്ടുപോത്ത്, പുള്ളിമാന്‍, മ്ലാവ് എന്നിവയും കാണാം. വനമേഖലയുടെ സംരക്ഷണത്തിനായി മുത്തങ്ങ വഴി കര്‍ണ്ണാടകയിലേക്കു രാത്രി വാഹനയാത്രയ്ക്കു വിലക്കു ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൈന ക്ഷേത്രം ബത്തേരി
കേരളത്തിലെ പുരാതനകാലത്തെ ജൈനമതസ്വാധീനത്തിന് തെളിവായി സംസ്ഥാനത്ത് പലയിടങ്ങളിലും ജൈനക്ഷേത്ര അവശിഷ്ടങ്ങള്‍ കാണാം. ഇതില്‍ പ്രധാനമാണ് ബത്തേരിയിലെ ജൈനക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ടു എന്ന് കരുതുന്ന ഈ ക്ഷേത്രം സുല്‍ത്താന്‍ ബത്തേരിയിലെ കിടങ്ങനാട്ടിലാണ്. ഈ മഹാവീര്‍ ശിലാക്ഷേത്രം ദിഗംബര ജൈനക്ഷേത്രം എന്നും കിടങ്ങനാട് ബസ്തി എന്നും അറിയപ്പെടുന്നു. ക്ഷേത്ര വാസ്തുവിദ്യ, ലിഖിതങ്ങള്‍, തൂണുകളിലെയും ഭിത്തികളിലെയും ഡ്രോയിംഗുകള്‍ എന്നിവയില്‍ വിജയനഗര രാജവംശത്തിന്റെ വാസ്തുവിദ്യാ ശൈലിയുടെ ശക്തമായ സ്വാധീനം കാണാം. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം. ഹിന്ദു ക്ഷേത്രമായും വാണിജ്യകേന്ദ്രമായും ടിപ്പു സുല്‍ത്താന്റെ ആയുധസൂക്ഷിപ്പു കേന്ദ്രമായും ഈ ക്ഷേത്രം ഒരു കാലത്ത് വര്‍ത്തിച്ചിരുന്നു. രാവിലെ അഞ്ചുമണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമുതല്‍ ഒമ്പതു വരെയുമാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാനുള്ള സമയം.
എടക്കല്‍ ഗുഹ, അമ്പലവയല്‍
അമ്പലവയലിന് അടുത്തുള്ള അമ്പുകുത്തി മലയിലെ രണ്ട് പ്രകൃതിദത്ത ഗുഹകളാണ് എടക്കല്‍ ഗുഹകള്‍. 7000 വര്‍ഷം പഴക്കമുള്ള വിസ്മയകരമായ ഒരു അത്ഭുതമായി ഇത് വിശ്വസിക്കപ്പെടുന്നു. ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരന്‍ തന്റെ നായാട്ടുകള്‍ക്ക് ഇടയ്ക്കാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്. പല കാലഘട്ടങ്ങളിലായി ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഗുഹാചിത്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഭൂമിശാസ്ത്രപരമായ നോക്കുകയാണെങ്കില്‍ ഇത് ഒരു ഗുഹ അല്ല. നിരവധി ചരിത്ര, പുരാവസ്തു ഗവേഷകരാണ് ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്. 1894-ല്‍ ഈ സ്ഥലം നിയോലിത്തിക്ക് മനുഷ്യരുടെ ആവാസകേന്ദ്രമായി തിരിച്ചറിഞ്ഞു. 1985-ല്‍ ഇത് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.
ചീങ്ങേരി മല, അമ്പലവയല്‍
സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നിരവധി പേരാണ് വയനാട്ടിലെ ചീങ്ങേരി മലയിലേക്ക് എത്തുന്നത്. വയനാട്ടില്‍ ഒരു മികച്ച ട്രക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പറ്റിയ ഒരു ഇടം കൂടിയാണ് ചീങ്ങേരി മല. സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തിലാണ് വയനാടിന്റെ ആകാശക്കാഴ്ചകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ചീങ്ങേരി മല. യാത്രയില്‍ അല്‍പം സാഹസികത താല്‍പര്യമുള്ളവര്‍ക്ക് ധൈര്യമായി ഇവിടേക്ക് വരാം. ചീങ്ങേരി മലയുടെ മുകളില്‍ നിന്നാല്‍ വയനാടിന്റെ മിക്ക ഇടങ്ങളും കാണാന്‍ കഴിയും. അമ്പുകുത്തി മലയ്ക്ക് അഭിമുഖമായാണ് ചീങ്ങേരി മല സ്ഥിതി ചെയ്യുന്നത്. രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ചീങ്ങേരിയിലെ ട്രക്കിംഗ് സമയം. മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ട്രക്കിംഗ് ചാര്‍ജ്.
കാരാപ്പുഴ ഡാം റിസര്‍വോയര്‍.
രാജ്യത്തെ ഏറ്റവും വലിയ എര്‍ത്ത് ഡാമുകളില്‍ ഒന്നാണ് കാരാപ്പുഴ ഡാം. വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്ന് 13 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് കാരാപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. എടയ്ക്കല്‍ ഗുഹയില്‍ നിന്ന് വെറും അഞ്ചു കിലോമീറ്റര്‍ മാത്രമാണ് കാരാപ്പുഴ ഡാമിലേക്കുള്ള ദൂരം. അണക്കെട്ട് മാത്രമല്ല സാഹസിക റൈഡുകള്‍ ആസ്വദിക്കാനും കാരാപ്പുഴയിലേക്ക് പോകാം. നാഷണല്‍ അഡ്വെഞ്ചര്‍ ഫൌണ്ടേഷന്‍ ആണ് സാഹസിക റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ് ലൈന്‍, ജയന്റ് സ്വിങ്ങ്, സ്‌പെയ്‌സ് ടവര്‍, ട്വിസ്റ്റര്‍ എന്നു തുടങ്ങി സാഹസികത നിറഞ്ഞ റൈഡുകളുടെ ഒരു മേളം തന്നെ കാരാപ്പുഴയിലുണ്ട്. അണക്കെട്ടിന്റെ മുകളിലൂടെയുള്ള യാത്രയ്ക്ക് വിലക്കുണ്ട്. ഏതായാലും ജില്ലയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാണ് കാരാപ്പുഴ ഡാം.
നെല്ലാറച്ചാല്‍ വ്യൂപോയിന്റ്
വയനാട്ടിലെ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയര്‍ പരിസരമാണ് നെല്ലാറച്ചാല്‍. സമാധാനപരമായി പ്രകൃതിഭംഗി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നെല്ലാറച്ചാല്‍ വ്യൂപോയിന്റിലേക്ക് പോകാം. സായാഹ്നങ്ങളില്‍ ഇവിടേക്ക് പോകുന്നതാണ് മിക്ക വിനോദസഞ്ചാരികളും ഇഷ്ടപ്പെടുന്നത്. കാരണം അസ്തമയസൂര്യന്റെ പ്രഭയില്‍ കാരാപ്പുഴ ഡാമിന്റെ കാഴ്ച അതിമനോഹരമാണ്. വാരാന്ത്യങ്ങളില്‍ വ്യൂ പോയിന്റിലേക്ക് എത്തിപ്പെടുക എന്നത് ഗതാഗത തിരക്ക് മൂലം ചിലപ്പോള്‍ കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും.കല്‍പ്പറ്റയില്‍ നിന്ന് 20 കിലോമീറ്ററും ബത്തേരിയില്‍ നിന്ന് 17 കിലോമീറ്ററും അകലെയാണ് നെല്ലാറച്ചാല്‍ വ്യൂ പോയിന്റ്.
കാന്തന്‍പാറ വെള്ളച്ചാട്ടം
വയനാട്ടിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കാന്തന്‍പാറ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റര്‍ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്തിച്ചേരുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ വലിയ തിരക്കും ബഹളവുമില്ലാതെ സമാധാനപരമായി വെള്ളച്ചാട്ടം ആസ്വദിക്കാവുന്നതാണ്. പ്രധാന നിരത്തില്‍ നിന്നും എളുപ്പത്തില്‍ നടന്ന് ഇവിടേക്ക് എത്തിച്ചേരാമെന്നതിനാല്‍ തന്നെ വിനോദയാത്രകള്‍ക്ക് വളരെ അനുയോജ്യമായ സ്ഥലമാണ് ഇത്. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്ന് നോക്കിയാല്‍ കാന്തന്‍പാറ വെള്ളച്ചാട്ടം കാണാവുന്നതാണ്. നവംബര്‍ ഒന്നുമുതല്‍ സൂചിപ്പാറ വെള്ളച്ചാട്ടം വിനോദസഞ്ചാരികള്‍ക്കായി നവംബര്‍ ഒന്നുമുതല്‍ തുറന്നു കൊടുക്കും.
900 കണ്ടി
തൊള്ളായിരം കണ്ടിയിലെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ഗ്ലാസ് ബ്രിഡ്ജ് ആണ്. ഗ്ലാസ് ബ്രിഡ്ജില്‍ കയറിയാല്‍ വയനാടിന്റെ പച്ചപ്പ് ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഓഫ് റോഡ് ട്രിപ്പോടെയാണ് 900 കണ്ടിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വഴിയില്‍ വെള്ളച്ചാട്ടങ്ങളും ചതുപ്പുനിലങ്ങളും ഇടതൂര്‍ന്ന വനങ്ങളും കാണാന്‍ കഴിയും. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള സ്‌കൈ വാക്കാണ് സഞ്ചാരികളെ പ്രധാനമായും ആകര്‍ഷിക്കുന്നത്. കാല്‍നടയാത്ര നടത്തുന്നതാണ് ഈ പ്രദേശത്തിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം.
ചെമ്പ്ര മലയുടെ മുകളിലെ ഹൃദയ തടാകത്തിന്റെ കാഴ്ച.
ഹൃദയതടാകമുള്ള ചെമ്പ്ര മല
മേപ്പാടിയില്‍ എത്തിയാണ് ചെമ്പ്ര മലയിലേക്കുള്ള വഴി പിടിക്കേണ്ടത്. ഏകദേശം ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെമ്പ്ര മലയടിവാരത്തിലേക്ക് എത്താം. രാവിലെ ഏഴു മണിമുതല്‍ ടിക്കറ്റ് കിട്ടിത്തുടങ്ങും. ഒരു ദിവസം 200 പേരെയാണ് പ്രവേശിപ്പിക്കുക. ടിക്കറ്റ് കൌണ്ടറില്‍ നിന്ന് മുന്നോട്ട് പോയാല്‍ പാര്‍ക്കിംഗ് ഏരിയ. അവിടെ നിന്ന് നടന്നു കയറാം. ചെറുമരങ്ങള്‍ തിങ്ങിനിറഞ്ഞ ഒറ്റയടിപ്പാത കഴിഞ്ഞാല്‍ പിന്നെ തെരുവപ്പുല്ലുകള്‍ മാത്രമായിരിക്കും കാണാന്‍ കഴിയുക. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക മലകയറ്റക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചെമ്പ്ര മല. വഴികാട്ടികള്‍ക്കൊപ്പം മാത്രമേ ഇവിടെ മലകയറ്റം അനുവദിക്കുകയുള്ളൂ.
Click To Comment