പലതരം കള്ളന്മാരെ കണ്ടിട്ടുണ്ട്. മോഷണത്തിന്റെ വിവിധ തരത്തിലുള്ള ഓപ്പറേഷനുകള്‍ കണ്ട് അദ്ഭുതപ്പെട്ടിട്ടുമുണ്ട്. മോഷണം തൊഴിലായി സ്വീകരിക്കുന്നവരും ഒട്ടേറെപ്പേര്‍. എന്നാല്‍ മോഷണം എന്ന ലക്ഷ്യത്തിനായി ഒരു സ്ഥാപനംതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കേട്ടാലോ? അതിലെ ജോലിക്കാര്‍ക്ക് പ്രതിമാസ ശമ്പളവും യാത്രാ അലവന്‍സും സൗജന്യ ഭക്ഷണവും താമസവുമുള്‍പ്പെടെ നല്‍കുന്നുണ്ടെന്നുകൂടി അറിഞ്ഞാലോ?
അതിശയിക്കേണ്ട, സംഭവം സത്യമാണ്. ഉത്തര്‍പ്രദേശിലെ ഖൊരക്പുര്‍ റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. പിടികൂടിയവരില്‍ പ്രായപൂര്‍ത്തിയാവാത്ത പയ്യനുമുണ്ട്. ഗൊരഖ്പുര്‍ റെയില്‍വേ പോലീസ് എസ്.പി. സന്ദീപ് കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനോജ് മണ്ഡല്‍ (35) എന്നയാളാണ് ഇവരുടെ കിങ്പിന്‍. പത്തൊന്‍പതുകാരനായ കരണ്‍ കുമാര്‍, മനോജിന്റെ ഇളയ സഹോദരനായ പതിനഞ്ചുകാരന്‍ എന്നിവരെയാണ് മനോജിനൊപ്പം പിടികൂടിയത്. ഒരാഴ്ചയോളം പണിയെടുത്ത് ഇരുന്നൂറോളം സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ സഞ്ചരിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. പിടിക്കപ്പെടുമ്പോള്‍ ഇവരുടെ കൈയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന 44 ആന്‍ഡ്രോയിഡ് ഫോണുകളും തോക്ക്, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു.
മൊബൈല്‍ ഫോണുകളാണ് ഗ്യാങ്ങിന്റെ പ്രധാന മോഷണ ഇനം. മോഷണത്തിലെ പ്രാഗല്ഭ്യത്തിനനുസരിച്ചാണ് ശമ്പളം. എന്നാല്‍ എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം ലഭിക്കും. മനോജാണ് ഗ്യാങ്ങിന്റെ നേതാവെന്ന് പറഞ്ഞല്ലോ. ഇയാളുടെ നേതൃത്വത്തിലാണ് നിയമനം നടത്തുക. മോഷ്ടിക്കാന്‍ തത്പരരായ ആളുകള്‍ക്ക് ഗ്യാങ്ങില്‍ ചേരാം. തുടര്‍ന്ന് മനോജിന്റെ നേതൃത്വത്തില്‍ മൂന്നുമാസത്തെ ചിട്ടയായ പരിശീലനം. ട്രെയിനിങ് കാലയളവില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കും. ഇതില്‍ വിജയിക്കുന്നവരെ നിശ്ചിത ശമ്പളം അടിസ്ഥാനത്തില്‍ ഗ്യാങ്ങില്‍ സ്ഥിരപ്പെടുത്തും.
എല്ലാവരും ഒരിടത്തുതന്നെ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും എളുപ്പത്തില്‍ പിടിക്കപ്പെടാതിരിക്കാനുമായി ഓരോരുത്തര്‍ക്കും വ്യത്യസ്ത സ്പോട്ട് നിര്‍ദേശിച്ചു നല്‍കും. അവിടെയായിരിക്കണം അവര്‍ മോഷണം നടത്തേണ്ടത്. ഇതിനായി ട്രാവല്‍ അലവന്‍സും വേണമെങ്കില്‍ താമസസൗകര്യവും ചെയ്തുനല്‍കും. ഗ്യാങ്ങിലെ രണ്ടുപേര്‍ക്ക് എല്ലാ മാസവും 15,000 രൂപ ശമ്പളവും ട്രാവല്‍ അലവന്‍സും താമസസൗകര്യവും നല്‍കാറുള്ളതായി മനോജ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ക്കറ്റുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെയാണ് മിക്കവാറും സ്പോട്ട് ആയി നല്‍കുക. വളരെ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരും നന്നായി ഹിന്ദി സംസാരിക്കുന്നവരുമായതിനാല്‍ കണ്ടാല്‍ വളരെ മാന്യരാണെന്നാണ് തോന്നുക. അതിനാല്‍ മോഷണം നടന്നുകഴിഞ്ഞെന്ന് അറിഞ്ഞാല്‍ത്തന്നെ ഇവര്‍ക്കെതിരേ വിരല്‍ ചൂണ്ടാനുള്ള സാധ്യത കുറവാണ്. യാത്രയ്ക്കായി സ്വന്തം വണ്ടി ഉപയോഗിക്കില്ല. ട്രെയിനുകളോ ബസ്സുകളോ ആണ് ദൗത്യത്തിന് പുറപ്പെടുമ്പോള്‍ സ്ഥിരമായി ആശ്രയിക്കാറ്.
മൊബൈലുകള്‍ മോഷ്ടിച്ചതിനുശേഷം ഒരു കാര്‍ട്ടലിനു കൈമാറി അതിര്‍ത്തി കടത്തി ബംഗ്ലാദേശിലോ നേപ്പാളിലോ എത്തിക്കും. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനോ സംഘത്തെ പിടികൂടുന്നതിലേക്ക് എത്താതിരിക്കാനോ ആണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. സ്വന്തം നാട്ടിലെ കുറച്ച് യുവാക്കളെവെച്ചാണ് മനോജ് ഈ മോഷണ പരിപാടി ആരംഭിച്ചത്.
ഗ്യാങ്ങിന് ട്രെയിന്‍ ടിക്കറ്റുകള്‍ പോലും റിസര്‍വ് ചെയ്തിരുന്നതായി പോലീസ് പറയുന്നു. സംശയം ഒഴിവാക്കാനായി ബോഗികള്‍ മാറി മാറിയാണ് യാത്രകള്‍. ഇത്തരത്തില്‍ മോഷ്ടിച്ച ഫോണുകളുടെ വിപണി വിലയെത്രയെന്ന് ഓണ്‍ലൈനില്‍ പരതും. തുടര്‍ന്ന് യഥാര്‍ഥ വലയില്‍നിന്ന് 30-40 ശതമാനം ഡിസ്‌കൗണ്ട് നല്‍കി വില്‍ക്കും.
റൂം വാടകയ്ക്കെടുത്ത് കൂട്ടമായും ചില ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഒരാളെ ഓട്ടോ സ്റ്റാന്‍ഡിലോ മറ്റോ നിര്‍ത്തും. മോഷ്ടിച്ച മുതലുകള്‍ അതിവേഗം ഇയാളുടെ കൈകളിലെത്തിക്കും. ഉടന്‍തന്നെ ഇയാള്‍ അതുമായി മുങ്ങും. പശ്ചിമബംഗാള്‍ വഴിയാണ് ബംഗ്ലാദേശിലേക്ക് കടത്തുക. പ്രാദേശിക കടത്തുകാര്‍ മുഖേനെ നേപ്പാളിലേക്കും കടത്തി ഉയര്‍ന്ന ലാഭം കൊയ്യും. ഖൊരക്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് വെള്ളിയാഴ്ചയാണ് പ്രതികളെ പിടികൂടിയത്. സംഘത്തെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊടകരക്കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും; തിരൂര്‍ സതീശന്‍

‘ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിലാണ് കുഴല്‍പ്പണം കടത്തിയത്. കടത്തിയ പണം …