തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി പിവി അന്‍വര്‍. നിലമ്പൂരില്‍ ജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കള്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. മമത പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങള്‍ക്കായാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
പിവി അന്‍വര്‍ പറഞ്ഞത്:
‘കഴിഞ്ഞ ആറ് മാസമായി പിണറായിസത്തിനും കേരളത്തിലെ സര്‍ക്കാരിനുമെതിരെ ഞാന്‍ നടത്തിയ പോരാട്ടത്തിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി. 2016ലും 2021ലും നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാര്‍ക്കും ആദ്യമായി നിയമസഭയിലെത്താന്‍ എനിക്ക് പിന്തുണ നല്‍കിയ നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. എട്ടര വര്‍ഷത്തെ എംഎല്‍എ ജീവിതത്തിന് ശേഷം കഴിഞ്ഞ 11-ാം തീയതി ഇ-മെയില്‍ വഴി ഞാന്‍ രാജി സമര്‍പ്പിച്ചിരുന്നു. ഇന്നാണ് ഔദ്യോഗികമായി രാജി കത്ത് കൈമറിയത്.
ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വന്യജീവി ആക്രമണമാണ്. ഇക്കാര്യം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഞാന്‍ മമതാജിയെ അറിയിച്ചു. കേരളത്തിന്റെ 70 ശതമാനം കാടാണ്. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഈ വലിയ പ്രശ്നത്തിന് പരിഹാരം കാണാന്‍ പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിക്കണമെന്നും ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. ആസാമിലും ഇതേ രീതിയില്‍ പ്രശ്നമുണ്ടെന്ന് അവര്‍ പറഞ്ഞു. അവരുടെ പാര്‍ട്ടിയുമായി ചേര്‍ന്നാല്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്നും, ഇന്ത്യാ മുന്നണിയുമായി ചേര്‍ന്ന് 1972ലെ അനിമല്‍ പ്രൊട്ടക്ഷന്‍ ആക്ടില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി വന്യജീവികളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താമെന്നും അവര്‍ സമ്മതിച്ചു.
അടുത്ത തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ ചേരാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. എന്നാല്‍, മലയോര മേഖലയില്‍ ജീവിക്കുന്നവരുടെ പ്രശ്നം വലുതാണ്. അതിനാല്‍, മലയോര മേഖലയിലെ ജനങ്ങള്‍ക്കായി നിങ്ങള്‍ രാജി സമര്‍പ്പിച്ച് എത്രയും വേഗം മുന്നോട്ടുവരണമെന്നാണ് മമതാജി പറഞ്ഞത്. ബിഷപ്പുമാര്‍ ഉള്‍പ്പെടെ പലരോടും ആലോചിച്ചിട്ടാണ് രാജി തീരുമാനം എടുത്തത്.
പി ശശി, എസ്പി സുജിത്ത് ദാസ്, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഞാന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കൂടെ നില്‍ക്കുമെന്ന് കരുതി. ഇടതുപക്ഷ പാര്‍ട്ടിയിലുള്ള പലര്‍ക്കും ഇവരോട് എതിര്‍പ്പായിരുന്നു. പക്ഷേ, തുറന്നുപറയാന്‍ മറ്റാരും ധൈര്യം കാണിച്ചില്ല. എന്നാല്‍, ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എനിക്കെതിരെ സംസാരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ല. ഒരുപാട് പാപഭാരങ്ങള്‍ ചുമന്ന വ്യക്തിയാണ് ഞാന്‍.’
പദ്മ നിറവില്‍ കേരളം
ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായ…