തൊടുപുഴ: ആര്‍ട്ടിഫിഷന്റ് ഇന്റലിജന്‍സ്(എ.ഐ.) വന്നാല്‍ സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമെന്നും 60 ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങല്‍ശേഷി പൂര്‍ണമായും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതിയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എ.ഐ. സോഷ്യലിസത്തിലേക്കു നയിക്കുമെന്ന മുന്‍നിലപാടില്‍നിന്ന് പിന്മാറിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു നിലപാടും മാറിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി.
‘മാര്‍ക്സിസത്തിന്റെ ഭാഗമായി, ഒരു ഭാഗത്ത് സമ്പത്ത് കേന്ദ്രീകരിക്കുകയാണെന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തിലേത് പരിശോധിക്കുകയാണെങ്കില്‍ 87 ശതമാനം സമ്പത്ത് 10 ശതമാനം പേരിലാണ്. 50 ശതമാനം ജനങ്ങള്‍ക്ക് മൂന്ന് ശതമാനവും. എ.ഐ. വരുന്നതോടെ വൈരുധ്യം കൂടും. അതിശക്തിയായി കൂടും. അത് ഇന്നല്ലെങ്കില്‍ നാളെ ചര്‍ച്ച ചെയ്യും. 60% തൊഴില്ലിലായ്മ വരുമെന്നാണ് പറയുന്നത്. അഞ്ച് ശതമാനം വന്നാല്‍തന്നെ ഗുരുതരമായ പ്രതിസന്ധിയാണ്. അത് വളരെ വളരെ ഗുരുതരമായിരിക്കും. നിലനില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ വര്‍ഗസമരത്തിലൂടെ മാറ്റാതെ ലോകത്ത് ഒരു രാജ്യത്തിനും മുന്നോട്ടു പോവാന്‍ കഴിയാത്ത സാഹചര്യം വരുന്നതിനുള്ള ഒരു ഇടവഴിയാണ് എ.ഐ. ഉള്‍പ്പെടെയുള്ളതെന്നാണ് പറഞ്ഞത്.’
‘ഉത്പാദന വിതരണ ഘടനയിലാണ് മുതലാളിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്. ഉത്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത. ഈ എ.ഐ. സംവിധാനം മുഴുവന്‍ ആരുടെ കയ്യിലാ വരിക? നമ്മുടെ നാട്ടിലെ കര്‍ഷകത്തൊഴിലാളിയുടെ കയ്യിലാണോ, കൃഷിക്കാരന്റെ കയ്യിലാണോ, ഇടത്തരക്കാരന്റെ കയ്യിലാണോ? എല്ലാം വരുന്നത് കുത്തകമുതലാളികളുടെ കയ്യിലായിരിക്കും.’- ഗോവിന്ദന്‍ പറഞ്ഞു.
കുത്തക മുതലാളിത്തത്തിന്റെ ഭാഗമായി 60 ശതമാനത്തിലധികം തൊഴിലില്ലായ്മയും വാങ്ങല്‍ശേഷി പൂര്‍ണമായും ഇല്ലാതാവുകയും ചെയ്താല്‍ പിന്നെ എന്തായിരിക്കും രാജ്യത്തിന്റെ സ്ഥിതി. സ്ഫോടനാത്മകമായിരിക്കും. അതുകൊണ്ടാണ് സോഷ്യലിസത്തിലേക്കുള്ള യാത്രയില്‍ അധ്വാനിക്കുന്ന വര്‍ഗം അതിശക്തിയായി ഈ ഭരണകൂട വ്യവസ്ഥയെത്തന്നെ തട്ടിമാറ്റി പുതിയ രീതിയില്‍ മുന്നോട്ടു പോവുമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…