നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുപിഎ സര്‍ക്കാര്‍ ഭരിച്ച 10 വര്‍ഷത്തില്‍ നല്‍കിയതിനേക്കാള്‍ മൂന്നിരട്ടിയിലധികം തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കി.
എന്നാല്‍ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യുഡിഎഫും എല്‍ഡിഎഫും വ്യാജപ്രചരണം നടത്തുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
2004 മുതല്‍ 14 വരെ 46,000 കോടി രൂപയാണ് യുപിഎ സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 2015 മുതല്‍ 25 വരെ 1,57,000 കോടി രൂപയാണ് സംസ്ഥാനത്തിന് എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത്. റെയില്‍വെ ബജറ്റില്‍ യുപിഎ കാലത്ത് പ്രതിവര്‍ഷം 370 കോടി രൂപയാണ് കേരളത്തിന് കിട്ടിക്കൊണ്ടിരുന്നതെങ്കില്‍
ഈ വര്‍ഷം മാത്രം 3042 കോടിയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. കേരളത്തിലെ 35 റെയില്‍വെ സ്റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കേരളത്തിന്റെ നടപ്പ് റെയില്‍ പദ്ധതികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍ സംസ്ഥാനം ഇതിനോടെല്ലാം മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.
ശബരി റെയില്‍ പദ്ധതി മുടങ്ങിയത് സംസ്ഥാനത്തിന്റെ അലംഭാവം കൊണ്ട് മാത്രമാണ്. കേന്ദ്രത്തിന്റെ ത്രികക്ഷി എംഒയു സംസ്ഥാനം അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്. കേരളത്തിന്റെ പിടിപ്പുകേടാണിതിന്റെ കാരണം. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കേരളത്തില്‍ റെയില്‍വെക്ക് വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 500 കോടി വാര്‍ഷിക വരുമാനത്തിലേക്ക് കേരളത്തിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളെ ഉയര്‍ത്താനുള്ള നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്.
എന്നിട്ടും പുതിയ വണ്ടികള്‍ കേരളത്തിന് അനുവദിച്ചില്ലെന്നാണ് ചില മാദ്ധ്യമങ്ങള്‍ പറയുന്നത്. ബജറ്റിലല്ല പുതിയ വണ്ടികള്‍ അനുവദിക്കുകയെന്നെങ്കിലും ഇവര്‍ മനസിലാക്കണം. വന്‍കിട പദ്ധതികള്‍ ഒന്നും ബജറ്റില്‍ അല്ല പ്രഖ്യാപിക്കാറുള്ളത്. ഇത് മനസിലാക്കാതെയാണ് മാദ്ധ്യമങ്ങള്‍ പോലും പ്രതികരിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
2 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് വരെ ടാക്സ് അടയ്‌ക്കേണ്ടിയിരുന്ന സാഹചര്യമായിരുന്നു യുപിഎ ഭരിക്കുമ്പോള്‍ എങ്കില്‍ ഇപ്പോള്‍ 12 ലക്ഷം വരുമാനമുള്ളവര്‍ വരെ നികുതി അടയ്‌ക്കേണ്ടതില്ല. മധ്യവര്‍ഗത്തിനെ ഇത്രയും അനുകൂലമായി നിലപാടെടുത്ത മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ബജറ്റ് പ്രസംഗം തുടങ്ങും മുമ്പ് കേന്ദ്ര അവഗണയെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കുകയാണ് ഇന്‍ഡി സഖ്യം ചെയ്യുന്നത്.
വയനാടിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഹൈക്കോടതിയില്‍ മുഖം നഷ്ടപ്പെട്ടു. കേരളത്തിന്റെ കയ്യില്‍ പണമുണ്ടായിട്ടും വയനാടിന് വേണ്ടി ഒന്നും ചെയ്തില്ല. സംസ്ഥാനത്തിന്റെ കുറ്റം മറച്ചുവെക്കാനാണ് കേന്ദ്രത്തെ പഴിചാരുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…