നീറ്റ് പരീക്ഷയുടെ സിലബസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ലേഖനത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്തു. ഇത്രയും വിശാലമായ സിലബസിനെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന രീതിയില്‍ എങ്ങനെ സമയം ഫലപ്രദമായി ക്രമീകരിക്കാം എന്നാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്. ഏതാണ്ട് 80 ദിവസമാണ് ഇനി നമുക്ക് മുന്‍പിലുള്ളത്. ആ രീതിയിലാണ് പഠനസമയത്തെ ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള പഠനം നല്ലരീതിയില്‍തന്നെ മുന്‍പിലേക്ക് പോയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അവസാന ലാപ്പിലുള്ള ഓട്ടത്തിലാണ് നമ്മള്‍ ഇവിടെ പാഴാക്കാന്‍ അല്പംപോലും സമയമില്ല എന്ന് ഓര്‍മിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് ഈ ലേഖനം പൂര്‍ത്തീകരിക്കുന്നത്.
1. നിലവിലുള്ള തയ്യാറെടുപ്പിനെ വിശകലനം ചെയ്യുക
പുതിയ ഒരു ഘട്ടത്തിലേക്ക് പോകുന്നതിന് നിലവിലുള്ള തയ്യാറെടുപ്പ് ഏത് രീതിയിലാണ്, എവിടെവരെ എത്തി എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. തീവ്ര പഠനത്തിലേക്കാണ് ഇനി നമ്മള്‍ പ്രവേശിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിലെ നമ്മുടെ ഇതുവരെയുള്ള ശക്തിയും അതുപോലെ തന്നെ ബലഹീനതയും ഏതെല്ലാമാണെന്ന് വിലയിരുത്തണം. നന്നായി പഠിച്ച ഭാഗങ്ങള്‍ ഏതെല്ലാമാണ്, കൂടുതല്‍ മികവ് പുലര്‍ത്തുന്ന വിഷയങ്ങള്‍ ഏതെല്ലാമാണ്, ഇനി കൂടുതല്‍ ശ്രദ്ധ ആവശ്യമായ ഭാഗങ്ങള്‍ ഏതെല്ലാമാണ് എന്ന് തിരിച്ചറിയുക. ഇത് വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും അതിനനുസരിച്ച് സമയം ക്രമീകരിക്കുന്നതിനും സഹായകരമാകും.
2. യാഥാര്‍ഥ്യബോധമുള്ളതും സന്തുലിതവുമായ ഒരു പഠനപദ്ധതി തയ്യാറാക്കുക
സിലബസിന്റെ എല്ലാ ഭാഗവും ആധികാരികമായിത്തന്നെ പഠിച്ചു എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ഇതിന് ശാസ്ത്രീയമായ ഒരു ടൈംടേബിളിന് രൂപംനല്‍കണം. പഠനക്രമം ഇനിയുള്ള 80 ദിവസങ്ങളെ അടിസ്ഥാനമാക്കി എങ്ങനെ വിഭജിക്കാമെന്ന് ഇനി പറയുന്നു.
1-6 ആഴ്ച (ആദ്യ 42 ദിവസം): ഇതുവരെ പഠിച്ച ഭാഗങ്ങള്‍ റിവൈസ് ചെയ്യുകയും മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളില്‍ ആശയക്കുഴപ്പമില്ല എന്ന് പൂര്‍ണമായും ഉറപ്പിക്കുകയും ചെയ്യുക. ഈ ഘട്ടത്തില്‍ സംശയങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരികയാണെങ്കില്‍ അതത് സമയങ്ങളില്‍ത്തന്നെ അതത് വിഷയങ്ങളിലെ അധ്യാപകനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലാത്ത രീതിയില്‍ സംശയനിരാവരണം നടത്തുകതന്നെ വേണം.
7-8 ആഴ്ച (അടുത്ത 14 ദിവസങ്ങള്‍): മോക്ക് ടെസ്റ്റുകള്‍ക്കും തീവ്ര പരിശീലനത്തിനുമുള്ള സമയമാണിത്.
9-10 ആഴ്ച (അവസാനത്തെ 14 ദിവസങ്ങള്‍): പഠിച്ച കാര്യങ്ങള്‍ അതിവേഗം പുനരവലോകനം ചെയ്യുകയും അവസാനഘട്ടത്തെ ഓര്‍മ പുതുക്കല്‍ നടത്തുകയും ചെയ്യേണ്ട സമയമാണിത്.
ദിവസേനയുള്ള പഠനം എങ്ങനെ ക്രമീകരിക്കണം എന്നതിന് ഒരു പദ്ധതി ഇനി പറയുന്നു. നിര്‍ദേശിച്ചിരിക്കുന്ന സബ്ജക്ടുകള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്ന വിഷയങ്ങള്‍ക്കനുസരിച്ച് മാറ്റി ക്രമീകരിക്കാവുന്നതാണ്.
6:00 AM – 7:00 AM – Quick revision of previous topics
7:00 AM – 9:00 AM – Study new concepts (Biology)
9:00 AM – 9:30 AM – Break
Advertisement
9:30 AM – 11:30 AM – Study new concepts (Physics)
11:30 AM – 12:30 PM – Practice MCQs (Physics + Biology)
12:30 PM – 1:30 PM – Lunch + Rest
1:30 PM – 3:30 PM – Study new concepts (Chemistry)
3:30 PM – 4:00 PM – Break
4:00 PM – 6:00 PM – Solve previous year papers and mock tests
6:00 PM – 7:00 PM – Physical activity/relaxation
7:00 PM – 9:00 PM – Revision of difficult topics
9:00 PM – 9:30 PM – Dinner
9:30 PM – 10:30 PM – Flashcards and formula revision
10:30 PM – Sleep
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ നടത്തുന്ന തെറ്റായ രണ്ട് പ്രവണതകളാണ് ഉറക്കമൊഴിച്ചുള്ള പഠനവും ഭക്ഷണവും വിശ്രമവും ഒഴിവാക്കിക്കൊണ്ടുള്ള പഠനവും. ഉറക്കമൊഴിച്ച് പഠിച്ചാല്‍ അധികനേരം പഠിക്കാം, കൂടുതല്‍ പഠിക്കാം എന്നാണ് പൊതുവേ എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ ഈ പതിവ് വിദ്യാര്‍ഥികളുടെ ആരോഗ്യം, ഓര്‍മശക്തി എന്നിവയെയെല്ലാം ദോഷകരമായി ബാധിക്കും. തീവ്രമായ പഠനംപോലെത്തന്നെ പ്രധാനമാണ് ആവശ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും എന്ന് ഓര്‍മിക്കുക. ഉറക്കമൊഴിച്ചുള്ള പഠനം മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കാനും കാരണമാകും. നീറ്റ് പരീക്ഷ എഴുതുന്ന മഹാഭൂരിപക്ഷം വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് മാനസിക സംഘര്‍ഷം. ഇത് ലഘൂകരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം ആവശ്യത്തിന് ഉറക്കം ഉറപ്പുവരുത്തുക എന്നതുതന്നെയാണ്.
3. സ്മാര്‍ട്ടായ പഠനരീതികള്‍ അവലംബിക്കുക
പഠനം ആസ്വാദ്യകരമാകാനുള്ള ക്രമീകരണങ്ങള്‍ സ്വയം അവലംബിക്കുന്നത് ഗുണകരമാകും. ആസ്വദിച്ച് പഠിച്ചാല്‍ അധികം പഠിക്കാം എന്ന് ഓര്‍മിക്കുക. അതിനായി ചില രീതികള്‍ പരിചയപ്പെടുത്തുന്നു.
a) പോമൊഡോറോ ടെക്‌നിക്: തുടര്‍ച്ചയായി 20 മിനിറ്റ് പഠനം 10 മിനിറ്റ് വിശ്രമം എന്ന രീതിയില്‍ ക്രമീകരിക്കുന്ന പഠനസമ്പ്രദായമാണിത്. ലോകമെങ്ങും സ്വീകരിക്കപ്പെട്ട പ്രധാന പഠന ടെക്‌നിക്കുകളില്‍ ഒന്നാണ് പോമോഡോറോ ടെക്‌നിക്.
b) സ്വയം അടയാളപ്പെടുത്തുക: പഠിച്ച വിഷയങ്ങളുടെ സംഗ്രഹം സ്വന്തം വാക്കുകളില്‍ എഴുതിവെയ്ക്കുക. ഇത് ഓരോ തവണയും ആവര്‍ത്തിക്കുകയും പിന്നീട് വിശകലനം നടത്തുകയും ചെയ്യുക. ഈ രീതി അവലംബിക്കുമ്പോള്‍ കാര്യങ്ങള്‍ ഓര്‍മിക്കാന്‍ എളുപ്പമാകും.
c) ഫെയ്മാന്‍ ടെക്‌നിക്: പഠിച്ച കാര്യങ്ങള്‍ മറ്റൊരാളെ പഠിപ്പിക്കാന്‍ ശ്രമിക്കുക. ഇത് വിഷയത്തിലുള്ള ആധികാരികത ഉറപ്പിക്കാന്‍ സഹായകരമാകും. ഓര്‍മശക്തിയേയും ഇത് പിന്തുണയ്ക്കും. ഫെയ്മാന്‍ ടെക്‌നിക് എന്നാണ് ഈ രീതി അറിയപ്പെടുന്നത്.
d) മൈന്‍ഡ് മാപ്പിങ്ങ്്: അറിവ് ശേഖരിക്കുവാനും ഓര്‍മിക്കുവാനും സഹായകരവും ഫലപ്രദവുമായ മാര്‍ഗമാണ് മൈന്‍ഡ് മാപ്പിങ്. പഠിക്കുന്ന വിഷയം പേജിന്റെ മധ്യത്തില്‍ എഴുതുക (ഉദാ: ബയോളജി-ഹ്യൂമന്‍ അനാട്ടമി). തുടര്‍ന്ന് അതിന് ചുറ്റും പരീക്ഷയില്‍ ഉള്‍പ്പെടുന്ന ചാപ്റ്ററുകള്‍ എഴുതുക (ഉദാ: സര്‍ക്കുലേറ്ററി സിസ്റ്റം, ഡൈജസ്റ്റീവ് സിസ്റ്റം, നെര്‍വസ് സിസ്റ്റം). പ്രധാന ടോപ്പിക്കില്‍നിന്ന് ഈ ടോപ്പിക്കിലേക്ക് ശാഖകള്‍ വരച്ച് ബന്ധപ്പെടുത്തുക. തുടര്‍ന്ന് ഓരോ ചാപ്റ്ററുമായി ബന്ധപ്പെടുത്തി ആ ചാപ്റ്ററിലെ പ്രധാന കണ്‍സപ്റ്റുകളും ഫോര്‍മുലകളുമൊക്കെ എഴുതുക (ഉദാ: circulatory system, Heart, Blood vessels). ഇവ സബ് ടോപ്പിക്കുമായി ശാഖകള്‍ വരച്ച് ബന്ധപ്പെടുത്തുക. ആവശ്യമായി വരുന്ന ഭാഗങ്ങളില്‍ ചിത്രങ്ങളോ നിറങ്ങളോ ഉപയോഗിക്കുക. ശാഖകള്‍ നേരെ വരയ്ക്കാതെ വളച്ചും ചെരിച്ചുമൊക്കെ വരയ്ക്കുന്നത് തലച്ചോറിന് ഓര്‍മിക്കാന്‍ എളുപ്പമാകുമെന്നാണ് പറയുന്നത്.
4) മോക്ക് ടെസ്റ്റുകളും സ്വയം അവലോകനങ്ങളും തുടര്‍ച്ചയായി നടത്തുക
വളരെ പ്രധാനപ്പെട്ട കാര്യമാണിത്. ഒന്നോ രണ്ടോ ദിവസങ്ങളുടെ ഇടവേളകളിലെങ്കിലും മുഴുനീള സമയം ഉപയോഗപ്പെടുത്തുന്ന മോക്ക് ടെസ്റ്റുകള്‍ എഴുതണം. മുന്‍കാലത്തെ ചോദ്യപേപ്പറുകളും ഇപ്പോള്‍ ലഭ്യമാകുന്ന മാതൃകാ ചോദ്യപേപ്പറുകളും അധ്യാപകരുടെ സഹായത്തോടെ മാതൃക ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയുമൊക്കെ ഈ രീതി നിര്‍വഹിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ബലഹീനതയുള്ള ഭാഗങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കും. ഇതിലൂടെ ബലഹീനതയുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും അവ അതിജീവിക്കാനും സാധിക്കും.
5) സ്‌ട്രെസ് ഒഴിവാക്കുക
എങ്ങനെയൊക്കെ പഠിക്കാന്‍ ശ്രമിച്ചാലും അതിനെയൊക്കെ ദോഷകരമായി ബാധിക്കുന്ന കാര്യമാണ് മാനസിക സംഘര്‍ഷം. അതീവപ്രാധാന്യമുള്ള പരീക്ഷ എന്ന നിലയിലും കടുത്ത മത്സരം നേരിടുന്ന പരീക്ഷ എന്ന നിലയിലും വിദ്യാര്‍ഥികള്‍ക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ആത്മവിശ്വാസത്തോടെ പഠിക്കുക എന്നതാണ് ഇതിനുള്ള പ്രധാന മാര്‍ഗം. എനിക്ക് സാധിക്കുമെന്ന് സ്വയം വിശ്വസിക്കുക, മറ്റുള്ളവരുടെ മാര്‍ക്കോ അവരുടെ പഠനരീതികളോ ഓര്‍ത്ത് ടെന്‍ഷനടിക്കരുത്. അവനവന് അനുയോജ്യമായ പഠനരീതികള്‍ മാത്രം സ്വീകരിക്കുക. സാമൂഹികമാധ്യമങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ ഉപയോഗം ഇനിയുള്ള 80 ദിവസവും പൂര്‍ണമായി ഒഴിവാക്കുക. സ്ട്രെസ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് തോന്നിയാല്‍ നിര്‍ബന്ധമായും രക്ഷിതാക്കളോടോ അധ്യാപകരോടോ കാര്യം തുറന്നുപറയുകയും ആവശ്യമായി വരികയാണെങ്കില്‍ കൗണ്‍സലിങ് ഉള്‍പ്പെടെ നിര്‍വഹിക്കുകയും വേണം.
ഉപസംഹാരം:
ഓര്‍ക്കുക, ചുരുങ്ങിയ ദിവസങ്ങള്‍മാത്രമാണ് ലക്ഷ്യം കീഴടക്കാനായി മുന്നില്‍ ബാക്കിനില്‍ക്കുന്നത്. ജീവിതലക്ഷ്യത്തിന്റെ തൊട്ടരികിലാണ് നമ്മളുള്ളത്. ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് നേടിയെടുക്കാനുള്ളത് പുതിയ ഒരു ലോകമാണ് എന്ന് മനസ്സിലുറപ്പിക്കുക. ശാസ്ത്രീയമായി പഠനസമയം ക്രമീകരിക്കുക. വിജയം തൊട്ടരികില്‍ത്തന്നെയുണ്ട്. വിജയാശംസകള്‍.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…