Humpback Whale

കയാക്കിങ്ങിനിറങ്ങിയ യുവാവിനെ വിഴുങ്ങി കൂറ്റന്‍ തിമിംഗലം. വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്ന ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗിലത്തിന്റെ വായ്ക്കുള്ളില്‍ യുവാവ് ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, ഉടന്‍ തന്നെ തിമിംഗലം യുവാവിനെ പുറത്തേക്ക് തുപ്പുകയും ചെയ്തു. ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മറ്റൊരു കയാക്കില്‍ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ പിതാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം.
ചിലിയുടെ തെക്കേ അറ്റത്തുള്ള പാറ്റഗോണിയ മേഖലയിലെ മഗല്ലന്‍ കടലിടുക്കിലെ സാന്‍ ഇസിഡ്രോ ലൈറ്റ്ഹൗസിന് സമീപമാണ് സംഭവം നടന്നത്. അഡ്രിയാന്‍ സിമാന്‍കാസ് എന്ന 24-കാരനാണ് തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ടത്. ജലോപരിതലത്തിലേക്ക് എത്തിയ തിമിംഗലത്തിന്റെ വായില്‍ യുവാവും യുവാവിന്റെ കയാക്കിങ് ബോട്ടും കുടുങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിമിംഗലം യുവാവിനേയും ബോട്ടും തിരിച്ചു തുപ്പിയതോടെ ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇയാളെ തിമിംഗലം വിഴുങ്ങുന്നതിന്റെയും തുപ്പുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
വെള്ളത്തില്‍ നിന്ന് പൊങ്ങിവന്ന തിമിംഗലത്തെ കണ്ട് ആദ്യം തിരമാലയാണെന്നാണ് തെറ്റിദ്ധരിച്ചതെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു. തിമിംഗലം വായിലാക്കിയ നിമിഷം തന്റെ അവസാനനിമിഷങ്ങളാണെന്നാണ് കരുതിയെന്ന് ആഡ്രിയനും പ്രതികരിച്ചു. ‘തിമിംഗലം എന്നെ വിഴുങ്ങിയെന്നാണ് കരുതിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അതെന്നെ പുറത്തേക്ക് തുപ്പി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞാണ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്’, ആഡ്രിയന്‍ പറഞ്ഞു. പിതാവ് സുരക്ഷിതനാണോ എന്നാണ് അടുത്ത നിമിഷം നോക്കിയതെന്നും യുവാവ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…