തകര്‍ച്ച തുടര്‍ന്നതോടെ വിപണിക്ക് പിന്തുണ നല്‍കിയിരുന്ന എസ്ഐപി നിക്ഷേപകരും പിന്‍വാങ്ങുന്നു? ജനുവരിയിലെ എസ്ഐപി കണക്കുകളാണ് ഇതേക്കുറിച്ച് സൂചന നല്‍കുന്നത്. നിര്‍ത്തുന്ന എസ്ഐപികളുടെ എണ്ണം പുതിയതായി തുടങ്ങുന്ന എസ്ഐപികളുടെ എണ്ണത്തെ മറികടന്നു. അതായത് ജനുവരിയില്‍ 56 ലക്ഷം പുതിയ എസ്ഐപി രജിസ്ട്രേഷന്‍ ഉണ്ടായപ്പോള്‍ 61 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു.
തുടര്‍ച്ചയായി ആറാമത്തെ മാസമാണ് എസ്ഐപി രജിസ്ട്രേഷനില്‍ ഇടിവുണ്ടാകുന്നത്. വിപണിയില്‍ തിരുത്തല്‍ തുടരുകയാണെങ്കില്‍ നിര്‍ത്തുന്ന എസ്ഐപികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. അതേസമയം, രജിസ്റ്റര്‍ ചെയ്യുന്ന എസ്ഐപികളില്‍ കുറവുണ്ടായെങ്കിലും നിക്ഷേപ വരവില്‍ നേരിയി ഇടിവ് മാത്രമാണുണ്ടായത്. ജനുവരിയില്‍ എസ്ഐപി വഴിയുള്ള നിക്ഷേപം 26,400 കോടി രൂപയാണ്. ഡിസംബറില്‍ 26,459 കോടിയായിരുന്നു.
എക്സ്ചേഞ്ചുകളും രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റുമാരും(ആര്‍ടിഎ)തമ്മിലുള്ള ഏകീകരണമാണ് ഇതിന് കാരണമായി ആംഫി വ്യക്തമാക്കുന്നു. മൂന്ന് മാസം തുടര്‍ച്ചയായി പണം അടയ്ക്കാതിരുന്നാല്‍ എസ്ഐപി അക്കൗണ്ട് ക്ലോസ് ചെയ്തതായി കണക്കാക്കാറാണ് പതിവ്.
സെപ്റ്റംബറിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് വിപണി തിരുത്തിലന്റെ പാതയിലേയ്ക്ക് പ്രവേശിച്ചതു മുതല്‍ പുതിയതായി തുടങ്ങുന്ന എസ്ഐപികളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഡിസംബറില്‍ 45 ലക്ഷം എസ്ഐപികള്‍ കാലാവധിയെത്തുകയോ നിര്‍ത്തലാക്കുകയോ ചെയ്തു. ജനുവരിയിലെ കണക്കുപ്രകാരം 10.27 കോടി എസ്ഐപി അക്കൗണ്ടുകളാണുള്ളത്. ഡിസംബറില്‍ 10.32 കോടിയായിരുന്നു. എസ്ഐപികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 13.82 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയരത്തില്‍നിന്ന് 13.2 ലക്ഷം കോടിയിലെത്തുകയും ചെയ്തു.
വിപണിയില്‍ ഇതിനകം 10 ശതമാനത്തിലേറെ തിരുത്തല്‍ പ്രകടമായിട്ടുണ്ട്. നിഫ്റ്റി 13 ശതമാനവും നിഫ്റ്റി മിഡ് ക്യാപ് 17 ശതമാനവും നിഫ്റ്റി സ്മോള്‍ ക്യാപ് 19 ശതമാനവും ഇടിവ് നേരിട്ടു. കഴിഞ്ഞവര്‍ഷം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയവരുടെ പോര്‍ട്ഫോളിയോ ഇതിനകം നഷ്ടത്തിലായിട്ടുണ്ടാകും. നേട്ടക്കണക്കുകളുടെ പുറകെപോയതിനാല്‍ ചെറുകിടക്കാരിലേറപ്പേരുടെയും നിക്ഷേപം മിഡ്, സ്മോള്‍ ക്യാപുകളിലാണെന്നതാണ് നഷ്ടംകൂടാനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…