Stock market new

 

ഓഹരി വിപണിയിലെ തുടര്‍ച്ചയായ തകര്‍ച്ച കുടുംബങ്ങളുടെ ഉപഭോഗത്തെ ബാധിച്ചു തുടങ്ങി. ഇരുചക്ര വാഹനങ്ങള്‍, ആഡംബര കാറുകള്‍, സ്മോര്‍ട്ഫോണുകള്‍, റെഫ്രിജറേറ്ററുകള്‍, ടെലിവിഷനുകള്‍, ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിവയുടെ വില്പനയിലെ ഇടിവ് ഇതുമൂലമാണെന്നാണ് വിലയിരുത്തല്‍. മുന്‍ മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ വില്പനയില്‍ താഴ്ചയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
രണ്ടോ മൂന്നോ വര്‍ഷത്തിനിടെ ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ കുതിപ്പുണ്ടായിരുന്നു. നിക്ഷേപത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായതിനാലാണ് വാങ്ങലുകള്‍ കുറയ്ക്കാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്ലേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിലെ സ്മര്‍ട്ഫോണ്‍ വില്പന ജനുവരിയെ അപേക്ഷിച്ച് 10-15 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെഫ്രിജറേറ്റര്‍, ടെലിവിഷന്‍ എന്നിവയുടെ വില്പനയിലാകട്ടെ 7-10 ശതമാനം കുറവുമുണ്ടായി. ജനുവരിയില്‍തന്നെ 5-6 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
രണ്ട് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന ഇരുചക്ര വാഹന വില്പന കഴിഞ്ഞ മാസവും മന്ദഗതിയിലായി. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ഇരുചക്ര വാഹന രജിസ്ട്രേഷന്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ആറ് ശതമാനമാണ് കുറഞ്ഞത്. ഫാക്ടറികളില്‍നിന്ന് വിതരണക്കാരിലെത്തിയതില്‍ ഒമ്പത് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി.
മോട്ടോര്‍സൈക്കിള്‍ വില്പനയിലെ ഇടിവിന് കാരണം ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ വിലയിരുത്തുന്നു. അവശ്യവസ്തുക്കള്‍ക്ക് പണം മാറ്റിവെയ്ക്കുമ്പോള്‍ വിവേചനാധികാര വാങ്ങലുകള്‍ ജനങ്ങള്‍ മാറ്റിവെയ്ക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
അഞ്ച് മാസമായി ഓഹരി വിപണി കനത്ത ചാഞ്ചാട്ടത്തിലാണ്. രണ്ടാഴ്ചക്കിടെ ഇടിവ് രൂക്ഷമാകുകയും ചെയ്തു. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്.
സെപ്റ്റംബറില്‍ 86,000 നിലവാരത്തില്‍നിന്ന് സെന്‍സെക്സ് 14 ശതമാനം ഇടിഞ്ഞ് 73,730 നിലവാരത്തിലെത്തിയിരിക്കുന്നു. ബുധനാഴ്ച ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കിയതൊഴിച്ചാല്‍ സമീപകാലയളവില്‍ വിപണിയില്‍ തിരുത്തല്‍തന്നെയായിരുന്നു.
2020 മാര്‍ച്ചിലുണ്ടായ കോവിഡിനെ തുടര്‍ന്ന് വിപണി തകര്‍ന്നതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ ഓഹരി സൂചികകള്‍ എത്തിയിരിക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകളില്‍നിന്ന് ഇടത്തരക്കാര്‍ പ്രതീക്ഷിച്ചിരുന്ന സമ്പാദ്യം ഈ ആഘാതം ഇല്ലാതാക്കിയേക്കാം.
നിലവിലെ വിപണിയിലെ ഇടിവില്‍ ചെറുകിട നിക്ഷേകര്‍ക്ക് 60 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകുമെന്ന് പ്രമുഖ ഓഹരി നിക്ഷേപകനായ ശങ്കര്‍ ശര്‍മ എക്സില്‍ കുറിച്ചു.
സാമ്പത്തിക വര്‍ഷം അവസാനമായതോടെ വില്പ വര്‍ധന ലക്ഷ്യമിട്ട് കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. വിലക്കുറവ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുറുപ്പംപടി പോക്‌സോ കേസ്; കുട്ടികള്‍ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നല്‍കും

  എറണാകുളം കുറുപ്പംപടിയിലെ പോക്‌സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്…