ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജോര്‍ദാന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേല്‍ പെരേര ജോലി തട്ടിപ്പിന്റെ ഇരയായി വിദേശത്ത് എത്തിയതാണെന്ന് റിപ്പോര്‍ട്ട്. ബി.ബി.സി.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തോമസ് ഗബ്രിയേല്‍ പെരേരക്കൊപ്പം അയല്‍വാസി കൂടിയായ എഡിസണ്‍ ചാള്‍സിനും വെടിയേറ്റിരുന്നു. ഫെബ്രുവരി പത്തിനാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് ഇന്ത്യന്‍ എംബസി ഗബ്രിയേലിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.ട്രാവല്‍ ഏജന്‍സി പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് പേരേരയും ചാള്‍സും ജോര്‍ദാനിലെത്തുന്നത്. ഇതിനായി 2.10 ലക്ഷം രൂപയാണ് ഇന്ത്യയില്‍നിന്ന് പോകുന്നതിന് മുമ്പ് ഏജന്റിന് നല്‍കിയത്. ജോര്‍ദാന്റെ തലസ്ഥാനമായ അമാനില്‍ എത്തിയതിന് ശേഷം 52,289 രൂപയും ഏജന്റ് ഇവരുടെ പക്കല്‍നിന്ന് വാങ്ങിയിരുന്നു. പണം വാങ്ങിയെടുത്തശേഷം ജോര്‍ദാനില്‍ ഇപ്പോള്‍ വേണ്ടത്ര തൊഴില്‍ അവസരങ്ങളില്ലെന്ന് ഏജന്റ് ഇവരെ അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പിന്നീട് ഏജന്‍സിതന്നെയാണ് ഇസ്രേയേലില്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് അറിയിച്ചത്. എന്നാല്‍, ഇതിനായി അതിര്‍ത്തി കടക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പെരേരയും ചാള്‍സും മറ്റ് രണ്ടാളുകളും ഫെബ്രുവരി പത്തിന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് സൈനികരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് വെടിയുതിര്‍ത്തത്. പെരേര സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെടുകയും ചാള്‍സിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.തുമ്പ മേനംകുളം സ്വദേശികളായ ഇവര്‍ നാട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായി ജോലിചെയ്യുകയായിരുന്നു. ഭേദപ്പെട്ട ജോലിതേടിയാണ് മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ ജോര്‍ദാനില്‍ എത്തിയത്. നാലുപേരടങ്ങുന്ന സംഘമായാണ് ഇവര്‍ പോയത്. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ ഇന്ത്യയിലേക്ക് മടങ്ങി വരികയും ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടാളുകളെ സൈന്യം പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്; കേരളത്തിന്റെ സ്വപ്‌ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും…