ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (എച്ച്ഐവി) അണുബാധയ്ക്കെതിരായി വികസിപ്പിച്ച കുത്തിവെപ്പിന്റെ ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. എച്ച്.ഐ.വി. ബാധിക്കാന്‍ സാധ്യതയുള്ളവര്‍ എല്ലാ വര്‍ഷവും എടുക്കേണ്ട തരത്തില്‍ വികസിപ്പിച്ച പ്രതിരോധ മരുന്നിന്റെ ആദ്യ ട്രയലാണ് വിജയകരമായി പൂര്‍ത്തിയായത്. ഇത് സംബന്ധിച്ച പഠനം ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെട്ട ഗവേഷകസംഘമാണ് പുതിയ കുത്തിവെപ്പ് വികസിപ്പിച്ചത്. വംശി ജോഗിരാജു, പല്ലവി പവാര്‍, രമേശ് പളപര്‍ത്തി, രേണു സിങ് എന്നിവരാണ് സംഘത്തിലെ ഇന്ത്യന്‍ വംശജര്‍. ജെന്ന യാഗെര്‍, ജോണ്‍ ലിങ്, ഗോങ് ഷെന്‍, അന്ന ചിയു, എമ്മ ഹ്യൂസ്, ക്രിസ്റ്റോഫ് കാര്‍ട്ടര്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
ലെനാകാപാവിര്‍ എന്ന മരുന്നാണ് എച്ച്ഐവിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. കോശങ്ങളില്‍ കടന്നുകയറുന്ന വൈറസ് പെരുകുന്നതിനെ ഈ മരുന്ന് തടയും. നിലവില്‍ ഈ മരുന്ന് ഉപയോഗത്തിലുണ്ടെങ്കിലും കുറഞ്ഞ ഇടവേളകളില്‍ ഉപയോഗിക്കേണ്ടതായുണ്ട്.
എല്ലാ ദിവസവും കഴിക്കേണ്ട ഗുളികകളും ഓരോ എട്ടാഴ്ചയിലും എടുക്കേണ്ട കുത്തിവെപ്പുമാണ് നിലവില്‍ എച്ച്ഐവിയേയും അതുവഴി എയ്ഡ്സ് രോഗത്തേയും പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാര്‍ഗം. പ്രീ-എക്സ്പോഷര്‍ പ്രോഫിലാക്സിസ് (പിആര്‍ഇപി) എന്നാണ് ഇത് അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം കുത്തിവെച്ചാല്‍ മതിയാകുന്ന തരത്തിലുള്ള ലെനാകാപാവിര്‍ ആണ് ഗവേഷകര്‍ ഇപ്പോള്‍ വികസിപ്പിച്ചത്.
പുതിയ കുത്തിവെപ്പ് പൂര്‍ണമായും വിജയിച്ചാല്‍ എച്ച്ഐവി ബാധിക്കാന്‍ സാധ്യതയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം കുത്തിവെപ്പെടുത്താല്‍ മതിയാകും. ലഭ്യമായതില്‍ വെച്ച് ഏറ്റവും ദീര്‍ഘകാലം എച്ച്ഐവി പ്രതിരോധം ഉറപ്പാക്കുന്ന മാര്‍ഗം കൂടിയാകും ഇത്.
പരീക്ഷണം ഇങ്ങനെ
പുതിയ കുത്തിവെപ്പ് എച്ച്ഐവി ബാധിതരല്ലാത്ത 40 പേരിലാണ് പരീക്ഷിച്ചത്. ഇവരുടെ പേശികളിലേക്കാണ് ലെനാകാപാവിര്‍ കുത്തിവെച്ചത്. പാര്‍ശ്വഫലങ്ങളോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഇവര്‍ക്കുണ്ടായിട്ടില്ല. കുത്തിവെച്ച് 56 ആഴ്ചകള്‍ക്കുശേഷം 40 പേരെയും വീണ്ടും പരിശോധിച്ചപ്പോള്‍ മരുന്ന് ഇവരുടെ ശരീരത്തില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ആദ്യഘട്ട പരീക്ഷണം വിജയിച്ചതോടെ അടുത്തഘട്ട പരീക്ഷണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. അടുത്ത ഘട്ടങ്ങളില്‍ വ്യത്യസ്തരായ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
ലോകത്ത് 3.99 കോടി എച്ച്ഐവി ബാധിതരാണുള്ളതെന്നാണ് കണക്ക്. ഇവരില്‍ 65 ശതമാനവും ആഫ്രിക്കന്‍ മേഖലയിലാണുള്ളതെന്നാണ് ലോകാരാഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 2023-ല്‍ അവസാനം പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030-ഓടെ എച്ച്ഐവി ബാധയും എയ്ഡ്സും ലോകത്തുനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…