പരിപൂര്‍ണ സാക്ഷരതയിലേക്കെത്താന്‍ കേരളത്തില്‍ 92,000 പേര്‍ കൂടി അക്ഷരജ്ഞാനം നേടണമെന്ന് കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന ‘ഉല്ലാസ്’ (അണ്ടര്‍സ്റ്റാന്‍ഡിങ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ഫോര്‍ ഓള്‍ ഇന്‍ സൊസൈറ്റി) – ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാംഘട്ടത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിലെ സാക്ഷരത 96.2 ശതമാനമാണ്. 95 ശതമാനത്തിന് മുകളിലെത്തിയാല്‍ സമ്പൂര്‍ണ സാക്ഷരതയെന്ന് പറയാം. അതിനാല്‍, ബാക്കിയുള്ളവരെക്കൂടി സാക്ഷരരാക്കി പരിപൂര്‍ണത കൈവരിക്കാനുള്ള ക്ലാസ് തുടങ്ങുകയാണ്.
രാജ്യത്തെ എല്ലാവരെയും സാക്ഷരരാക്കാനുള്ള പദ്ധതി 2022-ലാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. സംസ്ഥാനത്ത് 2023-ല്‍ ഇത് സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങി. ആദ്യ രണ്ടുഘട്ടങ്ങളില്‍ 58,428 പേര്‍ ഈ പദ്ധതിയിലൂടെ സാക്ഷരരായി.
ബാക്കിയുള്ളവരില്‍ കൂടുതലും സ്ത്രീകള്‍
സംസ്ഥാനത്ത് ഇനി സാക്ഷരരാകാനുള്ളതില്‍ 72,680 പേര്‍ സ്ത്രീകളാണ്. പുരുഷന്‍മാര്‍ 19,320 പേരും. ഇതില്‍ എസ്സി വിഭാഗം- 13,800, എസ്ടി വിഭാഗം- 4,600, ന്യൂനപക്ഷം- 28,520 എന്നിങ്ങനെയാണുള്ളത്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി സാക്ഷരരാകേണ്ട 8,000 പേരെ വീതം കണ്ടെത്തിയിട്ടുണ്ട്.
തൃശ്ശൂര്‍, കോഴിക്കോട്- 7000, ഇടുക്കി, എറണാകുളം, വയനാട്, കാസര്‍കോട്- 6000, കോട്ടയം, പത്തനംതിട്ട- 3000 പേര്‍ വീതവുമാണ് കണ്ടെത്തിയിരിക്കുന്നത്. (കേന്ദ്ര രീതിയനുസരിച്ച് എല്ലാം പൂര്‍ണസംഖ്യയാക്കിയാണ് കണക്കാക്കുന്നത്).
അടിസ്ഥാന സാക്ഷരത, സംഖ്യാജ്ഞാനം എന്നിവയ്ക്കുപുറമേ ജീവിതനൈപുണി, തൊഴില്‍വികസനം, തുടര്‍വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. പഠിതാക്കളുടെ സൗകര്യം കണക്കിലെടുത്ത് ഓണ്‍ലൈനായും ഓഫ്‌ലൈനായും ക്ലാസുണ്ടാകും. ഇതിന് പ്രത്യേക പരിശീലനം നേടിയ സന്നദ്ധസേവകരായ അധ്യാപകരുമുണ്ട്.
എട്ടുമുതല്‍ പത്തുവരെയുള്ള പഠിതാക്കള്‍ക്ക് ഒരധ്യാപകന്‍ എന്ന രീതിയിലാണ് ക്ലാസുകളുടെ ക്രമീകരണം. പഠിതാക്കളില്‍ 15 ശതമാനം പട്ടികജാതി വിഭാഗം, അഞ്ചുശതമാനം പട്ടിക-ഗോത്രവര്‍ഗ വിഭാഗം, 31 ശതമാനം ന്യൂനപക്ഷം, 49 ശതമാനം ഇതര സാമൂഹിക വിഭാഗത്തിലുള്ളവര്‍ എന്നിങ്ങനെയാണ് ഉള്ളതെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി. ഒലീന പറഞ്ഞു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…