asha workers protest latest news day-night strike in trivandrum passed one month Secretariat blockade next Monday

അവകാശങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന സെക്രട്ടറിയേറ്റ് പടിക്കലിലെ രാപ്പകല്‍ സമരം ഒരു മാസം പിന്നിട്ടു. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് സമരം ആരംഭിച്ചത്. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചിരിക്കുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ സമരം ശക്തമാക്കുകയാണ് ആശമാര്‍. അടുത്ത തിങ്കളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിക്കാനാണ് തീരുമാനം.
തിരുവനന്തപുരം: കത്തുന്ന വേനലില്‍ സമര തീ ആളിക്കത്തിച്ച് ആശവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം ഒരു മാസം പിന്നിടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനകള്‍ക്ക് മുന്നില്‍ പതറാതെയാണ് സെക്രട്ടറിയേറ്റ് പടിക്കലിലെ സമരാവേശം. അടുത്ത തിങ്കഴാഴ്ച സെക്രട്ടറിയേറ്റ് തന്നെ ഉപരോധിച്ച് അവകാശ പോരാട്ടത്തിനുള്ള പുതിയ പോര്‍മുഖം തുറക്കുകയാണ് ആശവര്‍ക്കാര്‍മാര്‍.
കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ രാപ്പകല്‍ സമരവുമായെത്തുന്നത്. സര്‍ക്കാര്‍ പിടിവാശി ഒരു ഭാഗത്തും സമരക്കാരുടെ നിശ്ചയദാര്‍ഢ്യം മറുഭാഗത്തുമായി നിന്നതോടെ കേരള സമര ചരിത്രത്തിലെ ഒരു ഏടായി സെക്രട്ടറിയേറ്റ് പടിക്കലിലെ സ്ത്രീ മുന്നേറ്റം.
232 രൂപ എന്ന ദിവസക്കൂലി കുറഞ്ഞത് 700 രൂപയാക്കണമെന്ന ന്യായമായ ആവശ്യത്തിനായുള്ള ജീവിത സമരമാണ് തലസ്ഥാനത്ത് നടക്കുന്നത്.
മൂന്ന് മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും വിരമിക്കുമ്പോള്‍ വെറും കയ്യോടെ പറഞ്ഞ് വിടരുതെന്നുമുള്ള മറ്റ് ആവശ്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, സമരത്തെ ആദ്യം പരിഹസിച്ചതും വകുപ്പ് മന്ത്രിയായ വീണ ജോര്‍ജായിരുന്നു. കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന ഓണറേറിയമെന്നും കുടിശ്ശിക ഉണ്ടെന്നത് തെറ്റാണെന്നുമായിരുന്നു മന്ത്രിയുടെ വാദം. കണക്കുകള്‍ നിരത്തി സമരക്കാര്‍ മന്ത്രിയുടെ വാദം പൊളിച്ചതോടെ സമരത്തിന് പിന്നില്‍ അരാഷ്ട്രീയ സംഘടനകളാണെന്നായി പുതിയ കണ്ടുപിടുത്തം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ അരാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്നിലുണ്ടെന്ന ആരോപണം ഉന്നയിച്ചു. ഇതിനിടെ, ഭരണപക്ഷ തൊഴിലാളി സംഘടന നേതാക്കളും അവഹേളനം തുടര്‍ന്നു. എളമരം കരീം അടക്കമുള്ള നേതാക്കള്‍ സമരത്തെ അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തി. പൊരിവെയിലില്‍ വെന്തുരുകിയ സമരക്കാര്‍ക്കിടയില്‍ മഴ ആശ്വാസമായപ്പോള്‍ വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് വരെ പൊലീസ് അഴിച്ചുമാറ്റി. അപ്പോഴും സമരം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോയി. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയല്ല സമരമെങ്കിലും ഐക്യപ്പെടാന്‍ ഇനിയാരും ബാക്കിയില്ല.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എകെ ആന്റണി തുടങ്ങിയ നേതാക്കളടക്കം സമരപന്തലിലെത്തി പിന്തുണ അറിയിച്ചു. സംസ്ഥാനം കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും പഴിചാരി ഒഴിയുമ്പോള്‍ ജീവിക്കാനുള്ള സമരത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുകയാണ് ആശമാര്‍. നവകേരളത്തിനായി പുതുവഴി തേടുന്ന സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളോട് കാട്ടുന്നത് അവഗണനയാണെന്ന പൊതുബോധം എതെങ്കിലുമൊരു കൊടിയുടെ പിന്‍ബലമില്ലാതെ ആശമാര്‍ക്ക് ഉണ്ടാക്കാനായി.
ആശവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ക്കായി യുഡിഎഫ് എംപിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. മകര്‍ ദ്വാറില്‍ രാവിലെ പത്തരക്കാണ് പ്രതിഷേധം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ചൂണ്ടിക്കാട്ടി എംപിമാര്‍ വിഷയം ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. മണ്ഡല പുനര്‍ നിര്‍ണ്ണയം, ത്രിഭാഷാ വിവാദം, മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും ഇന്നും നോട്ടീസ് നല്‍കും. പ്രതിപക്ഷത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഇരുസഭകളും തള്ളിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…