shahabas

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ കുട്ടികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും യാതൊരു ആനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും കുടുംബം കോടതിയില്‍ വാദിച്ചു. ജാമ്യം നല്‍കിയാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഈ കേസില്‍ കുറ്റാരോപിതരായവര്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് കുടുംബത്തിന്റെ വാദം. അതേസമയം, കുട്ടികള്‍ 34 ദിവസം ജുവനൈല്‍ ഒബ്‌സെര്‍വേഷനില്‍ കിടന്നത് ശിക്ഷയായി കണക്കാക്കണമെന്നും പ്രതികള്‍ നന്നായി പഠിക്കുന്നവരാണെന്നും പ്രതിഭാഗം വാദിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഈ മാസം എട്ടിലേക്ക് വിധി പറയാന്‍ മാറ്റി.
നിര്‍ഭയകേസില്‍ സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധിയും ഷഹബാസിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ ആക്രമണത്തിന് തയ്യാറെടുത്താണ് വന്നതെന്നും ഷഹബാസിനെ അക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് കുടുംബത്തിന്റെ വാദം. കുറ്റകൃത്യം ചെയ്തശേഷം ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പടെ ഇവര്‍ അക്രമത്തേക്കുറിച്ച് സംസാരിക്കുകയും ചെയ്തകാര്യത്തെ മഹത്വവത്കരിക്കുകയും ചെയ്‌തെന്നും കുടുംബം കോടതിയില്‍ വാദിച്ചു.
കൊല്ലണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെയ്യണം എന്ന് തീരുമാനിച്ചാല്‍ ചെയ്യും. ആള്‍ക്കൂട്ട കൊലപാതകത്തില്‍ രക്ഷപ്പെട്ട് പോവും. എന്നിങ്ങനെ കുട്ടികള്‍ പറഞ്ഞത് അവരുടെ ക്രിമിനല്‍ മനസ്സ് എത്രത്തോളമുണ്ട് എന്നതിന് ഉദാഹരണമാണ്. നിയമം ദുരുപയോഗം ചെയ്യാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചത്. മക്കള്‍ ചെയ്തത് ന്യായീകരിക്കുകയാണ് കുടുംബമെന്നും വാദമുയര്‍ത്തി. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് ഷഹബാസിന്റെ കുടുംബത്തിന്റെ ആവശ്യം.
പ്രതികള്‍ നഞ്ചക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കയ്യില്‍ കരുതി. എല്ലാ കുട്ടികളും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഷഹബാസിനെ കൊല്ലാനും ആയുധം ശേഖരിക്കാനും ഉള്ള തയ്യാറെടുപ്പാണ് പ്രതികള്‍ നടത്തിയത്. നല്ല പരീശീലനം ഉള്ള ആള്‍ക്കേ നഞ്ചക്ക് ഉപയോഗിക്കാന്‍ കഴിയൂ. കുട്ടിക്ക് വീട്ടില്‍നിന്ന് സഹായം കിട്ടി. പിതാവിന്റെ സാന്നിധ്യം അക്രമണം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ നിയന്ത്രണം ഉണ്ടായിരുന്നുവെങ്കില്‍ കുട്ടികള്‍ പഠിക്കേണ്ട സമയത്ത് അക്രമം അസൂത്രണം ചെയ്യില്ലായിരുന്നു. രക്ഷിതാക്കള്‍ക്ക് നിയന്ത്രണം ഇല്ലെന്നിരിക്കേ കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ വാദിച്ചു.
കുട്ടികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് കുറ്റവാളികളായ കുട്ടികളെ മുതിര്‍ന്നവരായി പരിഗണിച്ച് ശിക്ഷ നല്‍കണമെന്നും കുടുംബം വാദിച്ചു. ഇത് നമ്മുടെ സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്കുള്ള സന്ദേശമാവണം കോടതി വിധി. കുറ്റകൃത്യം നടപ്പാക്കിയപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. പഠിച്ച് ജോലിനേടി കുടുംബത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറെടുത്ത കുട്ടിയെയാണ് ഇല്ലാതാക്കിയത്. 80 ശതമാനത്തില്‍ അധികം മാര്‍ക്ക് ഷഹബാസ് നേടി. ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ ആണ് ഷഹബാസിന്റേത് . പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും മാനസിക സംഘര്‍ഷം നേരിട്ടു. ഇത് ഷഹബാസിന്റെ മാത്രമല്ല, ആ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും കുടുംബത്തെ ബാധിച്ചു. സംഭവം നടന്ന സ്ഥലം വളരെ അധികം കുറ്റകൃത്യം നടക്കുന്ന മേഖലയാണെന്നും കുടുംബം വാദിച്ചു. തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവും കുടുംബം കോടതിയില്‍ ഹാജരാക്കി.
എന്നാല്‍, കുട്ടികള്‍ 34 ദിവസം ജുവനൈല്‍ ഒബ്‌സെര്‍വേഷനില്‍ കിടന്നത് ശിക്ഷയായി കണക്കാക്കണമെന്നും പ്രതികള്‍ നന്നായി പഠിക്കുന്നവരും എന്‍എസ്എസ് ഉള്‍പ്പടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായവരാണെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കുടുംബ പശ്ചാത്തലം മികച്ചതെന്നും മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദമുയര്‍ത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജാമ്യം നല്‍കണമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. ഷഹബാസ് ഉള്‍പ്പടെ ഉള്‍പ്പടെ ഉള്ള കുട്ടികള്‍ ആ ട്യൂഷന്‍ സെന്റ്ററില്‍ അല്ല പഠിക്കുന്നത് എന്നിരിക്കെ എന്തിന് ഇത്രദൂരം വന്നുവെന്നും പ്രതിഭാഗം ചോദിച്ചു.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം

  കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്ക…