enforcement directorate gujarat samachar bahubali shah
അഹമ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും വലിയ ദിനപത്രമായ ‘ഗുജറാത്ത് സമാചാര്‍’ സഹഉടമയായ ബാഹുബലി ഷായെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. ഷായുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ഇഡി അറസ്റ്റിലേക്ക് നീങ്ങിയത്.
ഗുജറാത്ത് സമാചാര്‍ ദിനപത്രത്തിന്റെയും ജിഎസ്ടിവി ചാനലിന്റെയും ഉടമസ്ഥരായ ‘ലോക്പ്രകാശന്‍ ലിമിറ്റഡി’ന്റെ ഡയറക്ടര്‍മാരിലൊരാളാണ് ബാഹുബലി ഷാ. ഇദ്ദേഹത്തിന്റെ സഹോദരനായ ശ്രേയാന്‍ഷ് ഷായാണ് ഗുജറാത്ത് സമാചാറിന്റെ എംഡി. ഗുജറാത്ത് സമാചാര്‍ ദിനപത്രത്തിന് പുറമേ 15-ഓളം ബിസിനസ് സംരംഭങ്ങളുടെ ഉടമ കൂടിയാണ് ബാഹുബലി ഷാ.
ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഹുബലി ഷായെ അറസ്റ്റ് ചെയ്തെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ പത്രക്കുറിപ്പോ ഇഡി ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ബാഹുബലി ഷായുടെ അറസ്റ്റില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസും ആംആദ്മിയും ആരോപിച്ചു. ഒരു പത്രത്തിന്റെ ശബ്ദം മാത്രമല്ല, ജനാധിപത്യത്തിനെ മുഴുവന്‍ അടിച്ചമര്‍ത്തുന്നതാണ് ഇഡിയുടെ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍, ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും ഇഡി നടപടിയില്‍ പ്രതിഷേധമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…